Follow KVARTHA on Google news Follow Us!
ad

Open mind | എല്ലാംതുറന്നു പറയുന്നവര്‍ മാന്യന്മാര്‍

ജീവിത വഴിത്തിരിവുകളെ കുറിച്ചും നടന്നുവന്ന വഴികളെക്കുറിച്ചും അവള്‍ പറഞ്ഞു Social services, Woman, Charity, Treatment, School
-കൂക്കാനം റഹ് മാന്‍

(www.kvartha.com) രഘുവരന്‍ സാറിനെ നേരിട്ടു പരിചയപ്പെട്ട ശേഷം അവളില്‍ എന്തോശക്തി പകര്‍ന്നുകിട്ടിയതു പോലെ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സംസാരരീതി സന്നദ്ധ പ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ശുഭ്ര വസ്ത്രധാരിയായിട്ടേ എന്നും കാണൂ. ആഡംബര സ്വഭാവമൊന്നുമില്ല. തേച്ചു മിനുക്കിയ ഷര്‍ട്ടും മുണ്ടും ലാളിത്വത്തിന്റെ രീതിയിലുളളതാണ്. അവള്‍ സാറിനെ പരിചയപ്പെട്ട കാര്യം അച്ഛനോട് പറഞ്ഞു. അച്ഛന്റെ പഴയകാല സുഹൃത്തും സഹപ്രവര്‍ത്തകനായിരുന്നു പോലും അദ്ദേഹം. പക്ഷേ കണ്ടിട്ടും സംസാരിച്ചിട്ടും ഒരു പാടു കാലമായി. അദ്ദേഹത്തിന്റെസാമൂഹ്യരംഗത്തുളള വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും വാര്‍ത്താമാധ്യമങ്ങളിലൂടെ അറിയുന്നു.
      
Social services, Woman, Charity, Treatment, School, Open minded persons.

അവള്‍ ഇതു സംസാരിച്ചപ്പോഴാണ് പഴയകാര്യങ്ങളൊക്കെ അച്ഛന്‍ ഓര്‍ത്തെടുത്തത്. ഏതായാലും എനിക്ക് രഘുവിനെ കാണണം. നിന്റെ കൂടെ ഞാനും വരാം. അച്ഛന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് ആവേശം ഇരട്ടിച്ചു.
അവളും അച്ഛനും രഘുവരന്‍ സാറിനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അദ്ദേഹം സീറ്റില്‍ നിന്നെഴുന്നേറ്റ് അച്ഛനെ കെട്ടിപ്പിടിച്ചു. വിശേഷങ്ങളൊക്കെ പരസ്പരം പങ്കിട്ടു. അച്ഛന്‍ ഇറങ്ങാനാവുമ്പോള്‍ അവളുടെ കൈപിടച്ച് സാറിന്റെ കയ്യിലേല്‍പ്പിച്ചു. എന്റെ മകളെ രഘുവിനെ ഏല്‍പ്പിക്കുന്നു. സ്വന്തം മകളെ പോലെ കരുതി ഒപ്പം കൂട്ടി പ്രവര്‍ത്തിച്ചോളൂ. അവര്‍ യാത്ര പറഞ്ഞിറങ്ങി.

അതിനുശേഷം ദീര്‍ഘനാളായി അദ്ദേഹത്തിന്റെ കൂടെ തന്നെയാണ് അവള്‍. ജീവിത വഴിത്തിരിവുകളെ കുറിച്ചും നടന്നുവന്ന വഴികളെക്കുറിച്ചും അവള്‍ സാറിനോട് പറഞ്ഞു. രഘുസാറിന്റെ പ്രവര്‍ത്തന വഴിയിലെ സന്തോഷങ്ങളും സങ്കടങ്ങളും അവള്‍ക്കും പറഞ്ഞുകൊടുത്തു. ദീര്‍ഘകാലത്തെ പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കിട്ടുകേട്ടപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അവള്‍ക്ക് കൂടുല്‍ ഊര്‍ജ്ജം കൈവന്നു. രഘുസാറിന്റെ സ്വഭാവ വൈശിഷ്ട്യങ്ങളെക്കുറിച്ച് അവള്‍ ശരിക്കും പഠിച്ചു. ഒരു പ്രവര്‍ത്തനം ഏറ്റെടുത്തു നടത്താന്‍ തയ്യാറാണെന്ന് പറയുകയും ആ പ്രവൃത്തി നന്നായി ചെയ്യാതിരിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിക്കുകയും അവരുടെ കുറ്റം ബോധ്യപ്പെടുത്തും. പെട്ടെന്ന് തണുക്കുകയുംചെയ്യും.

ഒരു പ്രവര്‍ത്തി ചെയ്യാന്‍ തീരുമാനിച്ചാല്‍ സമയപരിധിക്കുളളില്‍ അത് പൂര്‍ത്തിയാക്കണം. ഒന്നും നീട്ടിവെക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. യാത്ര ചെയ്യാന്‍ വളരെ തല്‍പരനാണ്. നല്ലൊരുസംഘാടകനാണ്. പ്രഭാഷകനാണ്. നിരവധി സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ലളിതമായി ഭാഷയില്‍ മണിക്കൂറുകളോളം സംസാരിക്കും. മാധ്യമങ്ങളിലൊക്കെ എഴുതാറുണ്ട്. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീപക്ഷ എഴുത്തുകാരനായിട്ടാണ് രഘുസാറെ അറിയപ്പെടുന്നത്.

താന്‍ അനുഭവിച്ച ദാരിദ്രാവസ്ഥയെക്കുറിച്ച്, കുടുംബസ്ഥിതിയെക്കുറിച്ച്, വിവാഹജീവിതത്തെക്കുറിച്ച്, സാമൂഹ്യപ്രവര്‍ത്തന രംഗത്തെ വിജയ പരാജയങ്ങളെക്കുറിച്ച് മറയില്ലാതെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അവള്‍ ആശ്ചര്യപ്പെടാറുണ്ട്. രഹസ്യമാക്കി വെക്കാന്‍ രഘുസാറിന് അറിയില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. അദ്ദേഹത്തിന്റെ നടപ്പും പോക്കുംകണ്ടാല്‍ എന്തെല്ലാമോ രഹസ്യങ്ങള്‍ ഉളളിലൊതുക്കിയ വ്യക്തിയാണെന്ന് തോന്നും. പക്ഷേ അദ്ദേഹത്തിനോട് അടുത്തു പെരുമാറിയാലേ അദ്ദേഹത്തിന്റെ ഉളള് അറിയാന്‍ കഴിയൂ. സര്‍വ്വീസില്‍ കയറിയ കാലത്ത് മാസശമ്പളം കേവലം നൂറ്റി എണ്‍പത്രൂപയാണ്. ദിവസക്കൂലി ആറ്രൂപ വരും. അതുകൊണ്ട് കുടുംബം ജീവിച്ചു വന്നിട്ടു ബാക്കി ഉണ്ടായിരുന്നെന്നും കേള്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നും. വളരെ ലുബ്ധിച്ചാണ് ജീവിതം. അമ്മയും അമ്മൂമ്മയും സഹോദരനുമടങ്ങിയ അഞ്ചംഗ കുടുംബം കേവലം നാലോ അഞ്ചോരൂപ കൊണ്ട് ഒരു ദിവസത്തെ ചെലവ് നിര്‍വ്വഹിക്കും.

അമ്പതുകൊല്ലം മുമ്പുളള ദാരിദ്ര്യ ജീവിതത്തെക്കുറിച്ചും ഇക്കാലത്തെ ആര്‍ഭാട ജീവിതത്തെക്കുറിച്ചും അവള്‍ ചിന്തിച്ചു. ആ കാലത്തു ജീവിച്ചവര്‍ ഇന്നും പഴയമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ഭക്ഷണ സാധനങ്ങള്‍ കളയാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. വസ്ത്രധാരണത്തില്‍ ആഡംബരരീതി അവലംബിക്കാന്‍ അവര്‍ തയ്യാറല്ല. ചെലവ് ചുരുക്കി ജീവിക്കാനേ അവര്‍ക്കറിയൂ. മലയോര ഗ്രാമങ്ങളില്‍ എത്തിപ്പെടാന്‍ വാഹന സൗകര്യമില്ലാതെ കുന്നും മലയും താണ്ടി നടന്നു നടന്നു ക്ഷീണിച്ചതും, അവിടങ്ങളിലെ ഗ്രാമീണരുടെ സ്നേഹ സൗഹൃദങ്ങളും പറഞ്ഞുകേട്ടപ്പോള്‍ ആ നല്ല കാലത്തെക്കുറിച്ച് അഭിമാനം തോന്നി.

അക്ഷര ജ്ഞാനത്തിന്റെ ആവശ്യകത പറഞ്ഞുകൊടുക്കാനും, ശുചിത്വ പരിപാലനത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ പറയാനുമൊക്കെയാണ് രഘുസാര്‍ ഗ്രാമങ്ങളിലെത്തിയിട്ടുളളത്. സാറിനെ ഉളളറിഞ്ഞ് സ്നേഹിക്കാനും സ്വീകരിക്കാനും ഗ്രാമീണര്‍ തയ്യാറാണ്, അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി, കഞ്ഞിയും ചമ്മന്തിയും, പച്ചക്കറിവിഭവങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നതും രഘുസാര്‍ പറഞ്ഞുകേട്ടപ്പോള്‍ അത്തരമൊരു ഗ്രാമീണ സൗകുമാര്യത മനസ്സിലേക്കോടിയെത്തി.

പനത്തടിയും, കളളാറും, ബന്തടുക്കയും, മാനടുക്കവും, ബെളളൂരും, സ്വര്‍ഗ്ഗയും തുടങ്ങിയ മലയോര മേഖലകളൊന്നും മനസ്സില്‍ നിന്ന് മായുന്നില്ല. പാണത്തൂരിനടുത്തുളള ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഗൃഹനാഥന്റെ സ്നേഹ സന്നദ്ധതയ്ക്കു മുന്നില്‍ കൈകൂപ്പി നിന്ന നിമിഷങ്ങളെക്കുറിച്ച് രഘുസാര്‍ അവളോട് പറഞ്ഞു. വേനല്‍ കത്തി നില്‍ക്കുന്ന ഉച്ചസമയത്താണ് അവിടെ എത്തുന്നത്. അവിടുത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും അനാദിക്കട നടത്തുന്ന വ്യക്തിയുമായ സ്വാമി എന്നുവിളിക്കുന്ന പട്ടരുടെ വീട്ടിലാണ് ഭക്ഷണം ഏര്‍പ്പാടാക്കിയത്.

സന്നദ്ധ പ്രവര്‍ത്തകനായ അപ്പുക്കുട്ടന്‍ നായര്‍, പോസ്റ്റ്മാന്‍ വിജയന്‍, കൃഷ്ണന്‍ എന്നിവരുംകൂടെ ഉണ്ടായി. ഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഉച്ചസമയത്ത് നല്ലൊരു ഭക്ഷണം കിട്ടി. രഘുവരന്‍ സാറിന് പെട്ടെന്ന് വയറില്‍ അസ്വസ്ഥത തോന്നി. ടോയ്ലറ്റ് വീടിന് പുറത്താണ്. കിണറില്‍ നിന്ന് വെളളം എടുത്ത് ടോയ്ലറ്റിലെ ബക്കറ്റില്‍ഒഴിക്കണം. അതൊക്കെ ഗൃഹനാഥാനായ സ്വാമി ഒരുക്കിതന്നു. സാറ് പറയുന്ന കഥ അവള്‍ ആകാംക്ഷയോടെ വായ്തുറന്ന് കേട്ടുകൊണ്ടിരുന്നു.
        
Social services, Woman, Charity, Treatment, School, Open minded persons.

രഘുവരന്‍ സാറിന്റെ അച്ഛന്റെ അനുജന്‍ സിങ്കപ്പൂരുകാരനായിരുന്നു. അദ്ദേഹം നാട്ടില്‍വന്നാല്‍ എന്തെങ്കിലും സമ്മാനം കിട്ടും. ഇത്തവണ കിട്ടിയത് നല്ലൊരു വാച്ചായിരുന്നു. ടോയ്ലറ്റില്‍ കയറിയ സാറ് വാച്ചഴിച്ച് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു. ബക്കറ്റില്‍ നിന്ന് വെളളം എടുക്കാന്‍ കുനിഞ്ഞപ്പോള്‍ വാച്ച് പോക്കറ്റില്‍ നിന്ന് ക്ലോസറ്റിലേക്ക് വീണു. കാര്യമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി. ഒപ്പം വന്ന സുഹൃത്തുക്കളോട് സംഗതി പറയുമ്പോള്‍ ഗൃഹനാഥന്‍ കേട്ടു.

അദ്ദേഹം ടോയ്ലറ്റില്‍ ചെന്ന് ക്ലോസറ്റില്‍ വീണ വാച്ച് കൈകൊണ്ട് എടുത്ത് കഴുകി വൃത്തിയാക്കി രഘുസാറിന് നേരെ നീട്ടി. എന്റെ വീട്ടില്‍ വന്നിട്ട് സാറിന്റെ വാച്ച് നഷ്ടപ്പെട്ടു പോയാല്‍ അത് ഞങ്ങള്‍ക്ക് വേദന ഉണ്ടാക്കും. അതുകൊണ്ടാണ് സാര്‍ ഞാന്‍ അതെടുത്ത് തന്നത്. ആ വലിയ മനുഷ്യന്റെ മുന്നില്‍ ഞാന്‍ വളരെ ചെറുതായി പോയ സന്ദര്‍ഭം. സാറിന്റെ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ ഒരു സിനിമാക്കഥ പോലെതോന്നി. നല്ല അനൗണ്‍സറാണ് രഘുസാര്‍. കലാമേളകള്‍ക്കും, കായികമേളകള്‍ക്കും, അനൗണ്‍സറായി അദ്ദേഹം എത്താറുണ്ട്. വിവാഹം മറന്നു പോയ വ്യക്തിയായിരുന്നു. മുപ്പതിലെത്തിയപ്പോഴാണ് തന്നെ ഇഷ്ടപ്പെടുന്ന വനിതാതാരം കാത്തിരിക്കുന്നുണ്ടെന്ന കാര്യം സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞത്.

മലയോര മേഖലയിലെ സ്‌ക്കൂളില്‍ നിന്ന് വന്ന പതിനേഴുകാരി പെണ്‍കുട്ടിയാണ് സാറിനെ കാത്തിരിക്കുന്നത്. ഇപ്പോള്‍ അവള്‍ക്ക് ഇരുപത്തിയഞ്ച് വയസ്സു പിന്നിട്ടിട്ടുണ്ടാവണം. കാണാന്‍ നല്ല അഴകുളള ആരോഗ്യദൃഡഢഗാത്രയാണ്. സാറിന്റെ ശബ്ദത്തിലും, സ്നേഹപൂര്‍വ്വമുളള സാന്ത്വന വാക്കുകളിലും ആണ് സോഫിയ എന്ന പെണ്‍കുട്ടി ആകര്‍ഷിക്കപ്പെട്ടത്. സാര്‍ വിളിച്ചാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിവരാന്‍ തയ്യാറാണെന്ന് സാറിന്റെ സുഹൃത്തുക്കള്‍ മുഖേന അറിയിച്ചു. മതം മാറ്റവും മറ്റും ഉണ്ടാകുമെന്ന പേടി രഘുസാറിന് ഉണ്ടായി. സോഫിയ അവളുടെ രണ്ടു സുഹൃത്തുക്കളേയും കൂട്ടി ഒരു ദിവസം രാവിലെ രജിസ്ട്രോഫീസിലെത്തി. രഘുസാറ് രണ്ടു സുഹൃത്തുക്കളുമായി എത്തിയിരുന്നു. വിവാഹം നടന്നു. സാറിന്റെ ക്വാര്‍ട്ടേര്‍സില്‍ താമസമായി. സാറ് അത്ര വലിയ ദൈവ വിശ്വാസിയല്ല. പക്ഷേ നിരീശ്വരവാദിയല്ല. സോഫിയയ്ക്ക് പളളിയില്‍ പോകാനും പ്രാര്‍ത്ഥിക്കാനും സ്വാതന്ത്ര്യംകൊടുത്തു.

ഒന്നു രണ്ടു വര്‍ഷം ജീവിതംസന്തോഷകരമായി മുന്നോട്ട് പോയി. പെട്ടെന്ന് ഒരു ദിവസം സോഫിയയ്ക്ക് പനി വന്നു. ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു. വിവിധതരം പരിശോധനകള്‍ നടത്തി. അവസാനം ആ സത്യം കണ്ടെത്തി, ബ്ലഡ് കാന്‍സറാണ്. പക്ഷേ സാറ് തളര്‍ന്നില്ല. സോഫിയ സ്വയം തളരാതെ സാറിന് ആത്മധൈര്യം കൊടുത്തു. അധികനാള്‍ കഴിഞ്ഞില്ല, സോഫിയ വിട പറഞ്ഞു. ക്രിസ്ത്യന്‍ ആചാര പ്രകാരം പളളി സെമിത്തേരിയില്‍ അടക്കം ചെയ്തു. എല്ലാവര്‍ഷവും സോഫിയയുടെ മരണദിവസം രഘുസാര്‍ പളളി സെമിത്തേരിയില്‍ എത്തും. സോഫിയയോട് സ്നേഹ സംവാദം നടത്തും. എന്തിന് എന്നെ തനിച്ചാക്കി പോയി എന്ന് കരഞ്ഞു പറയും. രഘുസാറിന്റെ ആദ്യവിവാഹം ഇങ്ങിനെയാണ് കലാശിച്ചതെന്ന് അവള്‍ അറിയുന്നത് ഇന്നാണ്. അദ്ദേഹത്തിന്റെ ഹൃദയ വിശാലതയും മനുഷ്യത്വവും അവളെ സാറുമായി കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Keywords: Social services, Woman, Charity, Treatment, School, Open minded persons.
< !- START disable copy paste -->

Post a Comment