Follow KVARTHA on Google news Follow Us!
ad

Love Story | ഞാന്‍ ജീവിച്ചോളാം നിനക്ക് ബുദ്ധിമുട്ടാവാതെ

I will live without any trouble for you, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അവള്‍ അവളുടെ കഥ പറയുന്നു (1) 

-കൂക്കാനം റഹ്മാന്‍

(www.kvartha.com) അയാള്‍ എന്നും എന്നെ പിന്‍തുടരുന്നതെന്തിനാണ്? എത്ര ആലോചിച്ചിട്ടും അവള്‍ക്കത് പിടികിട്ടുന്നില്ല. എന്നെ കുരുക്കില്‍ പെടുത്താനാണോ? കുടുംബ ബന്ധം തകര്‍ക്കാനാണോ? അതോ സ്നേഹത്തിന്റെ പേരില്‍ കാണാന്‍ മാത്രമായി വരുന്നതോ? സുഖാന്വേഷണം നടത്താന്‍ വരുന്നതായിരിക്കുമോ? ഈ സ്വഭാവം തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു കാണും. എന്റെ ജന്മ ദിനത്തില്‍ കൃത്യമായി അയാള്‍ എത്തും. വീട്ടിലേക്ക് വരില്ല, റോഡിലോ വഴിവക്കിലോ ഏതെങ്കിലും കടയിലോ ഉണ്ടാവും. വീടിനടുത്താണ് വരുന്നത്. എന്തായാലും എത്രവൈകിയാലും എന്നെ കണ്ടിട്ടേ അദ്ദേഹം പോകൂ.
                  
Article, Story, Love, Couples, I will live without any trouble for you.

ചെന്നൈയില്‍ ഏതോ വലിയ കേന്ദ്ര സര്‍ക്കാര്‍ ആഫീസിലാണ് ജോലി. അവിടുന്ന് തലേന്നാള്‍ സ്വയം ഡ്രൈവ് ചെയ്താണ് എന്റെ താമസ സ്ഥലത്ത് എത്തുന്നത്. കണ്ടാല്‍ ദീര്‍ഘനേരം സംസാരമൊന്നുമില്ല. കാറില്‍ നിന്ന് ഇറങ്ങിനില്‍ക്കും. വീട്ടുകാര്യങ്ങള്‍ അന്വേഷിക്കും. ഭര്‍ത്താവ് മക്കള്‍ ബന്ധുക്കള്‍ തുടങ്ങിയവരെ കുറിച്ചു അന്വേഷിക്കും. എല്ലാത്തിനും ഒറ്റ വാക്കില്‍ ഞാന്‍ ഉത്തരം പറയും. എന്റെ നാല്‍പത്തിയഞ്ചാം ജന്മദിനമായിരുന്നു ഇന്നലെ. ഞാന്‍ പതിവു പോലെ ക്ഷേത്രത്തിലേക്ക് സ്‌ക്കൂട്ടിയില്‍ പോവുകയായിരുന്നു. സാധാരണപോലെ വഴിയിലൊക്കെ ഞാന്‍ കണ്ണോടിച്ചു നോക്കി. എവിടെയും കണ്ടില്ല.

റോഡിലൂടെയാണ് എന്റെ യാത്ര. ആള്‍ത്തിരക്കു കൂടി വരുന്നതേയുളളൂ. സ്‌ക്കൂട്ടിയുടെ കണ്ണാടിയില്‍ അയാളുടെ രൂപം പതിഞ്ഞു. നീലനിറമുളള കാറിലാണ് അദ്ദേഹം വരാറ്. സംശയം കൊണ്ട് ഒന്നുകൂടി നോക്കി. അതേ അദ്ദേഹം തന്നെ, ഇന്ന് വെളള കാറിലാണ് വന്നത്. മുടിയില്‍ നര ബാധിച്ചിട്ടുണ്ട്. പക്ഷേ മറ്റ് രൂപഭാവങ്ങള്‍ക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഞാന്‍ വണ്ടി തിരിച്ചു കാറിന്റെ അടുത്തെത്തി. സാധാരണ പോലെ മുഖത്തെ മന്ദസ്മിതം ശ്രദ്ധിച്ചു മാറ്റമൊന്നുമില്ല. സുഖാന്വേഷണം പതിവുപോലെ തന്നെ ഈ നിമിഷം വരെ അദ്ദേഹം എന്നെ ഒന്നു സ്പര്‍ശിച്ചിട്ടുപോലുമില്ല. അദ്ദേഹത്തിന്റേതായിട്ട് ഒരുഫോട്ടോയോ കുറിപ്പോ പോലും എനിക്ക് കിട്ടിയിട്ടില്ല. ഫോണ്‍ നമ്പറും തന്നിട്ടില്ല.

അദ്ദേഹം പറയും, 'ഞാന്‍ വിളിക്കാം...തിരിച്ചു വിളിക്കേണ്ട?'. ഇത്തവണ വെറുതേ ഞാനൊരാഗ്രഹം പ്രകടിപ്പിച്ചു. ഒരു 'സെല്‍ഫി എടുത്തോട്ടേ?' 'ഓ നോ...' അതിലൊതുക്കി അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹം സാധാരണയല്ലാത്ത വിധം ഒരു പ്രതികരണം നടത്തി 'എന്റെ മുടിയെല്ലാം നരക്കാന്‍ തുടങ്ങി, നിന്റേതിന് മാറ്റം വന്നില്ല. എന്നും ഇതേ പോലെ നില്‍ക്കട്ടെ'. അതു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സൊന്നു വെമ്പി. അദ്ദേഹത്തിന്റെയുളളില്‍ വേദനയുണ്ടോ എന്തിനാണ് എല്ലാം മറച്ചുവെക്കുന്നത്. അദ്ദേഹത്തിന് എന്നോട് തോന്നുന്ന പ്രതിപത്തിക്ക് കാരണമെന്താവും. വയസ് അമ്പത് പിന്നിട്ടിട്ടുണ്ടാവും. അവിവാഹിതനായി ഇന്നും തുടരുന്നതിന്റെ കാരണമെന്താവും.

ഞാന്‍ അച്ഛനും അമ്മയ്ക്കും ഏക മകളാണ്. ഓമനിച്ചാണ് എന്നെ വളര്‍ത്തിയത്. സ്‌കൂളിലും കോളജിലും പഠിക്കുമ്പോള്‍ എന്നെ ക്ലാസ് വരെ എത്തിച്ചിട്ടേ അവര്‍ വീട്ടിലേക്ക് തിരിച്ച് പോകൂ. ക്ലാസ് വിടുമ്പോള്‍ തിരിച്ച് കൊണ്ടുപോകാനും അവരെത്തും. ജന്മനാ ഞാന്‍ രോഗിയാണ്. പക്ഷേ ആരു കണ്ടാലും ഞാന്‍ രോഗിയാണെന്ന് മനസ്സിലാവില്ല. നല്ല ആരോഗ്യവതിയാണ്. എന്റെ അഴകുളള മുടിയും കണ്ണും ആരേയും ആകര്‍ഷിക്കുമെന്ന് കൂട്ടുകാരികള്‍ പറയുമായിരുന്നു. ആന്തരികാവയവത്തിനാണ് അല്‍പം പ്രശ്നമുളളത്. സ്ഥിരമായി മരുന്നു കഴിക്കണം.

വിവാഹാലോചന നിരവധി വരാന്‍ തുടങ്ങി. വിവാഹ പ്രായമെത്തിയാല്‍ രക്ഷിതാക്കളുടെ ഉളള് പിടയാന്‍ തുടങ്ങുമല്ലോ എന്റെ രോഗാവസ്ഥയെക്കുറിച്ചോര്‍ക്കുമ്പോള്‍ വിവാഹം നടത്തിച്ചു വിടാനും അവര്‍ക്ക് ഭയമാണ്. എല്ലാം അറിയുന്ന കുടുംത്തില്‍ നിന്ന് ആലോചന വന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, ചെറുപ്പക്കാരന്‍. അഡ്ജസ്റ്റ് ചെയ്തു പോകാന്‍ പറ്റുമെന്ന് രണ്ടുകൂട്ടരും ഉറപ്പിച്ചു. കോളജില്‍ പഠിച്ചു കൊണ്ടിരിക്കേ ആയിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് സഹപാഠികളേയും അധ്യാപകരേയും ക്ഷണിച്ചിരുന്നു. പലരും വന്നു. ബന്ധുജനങ്ങളും സുഹൃത്തുക്കളും സമ്മാനപ്പൊതികളുമായിട്ടാണ് വന്നിരുന്നത്. സ്നേഹമാനത്തോടെഅതൊക്കെ സ്വീകരിച്ചു. ഒന്നും പൊട്ടിച്ചു നോക്കിയിട്ടില്ല. വിവാഹം മംഗളകരമായി നടന്നു. ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു ചെന്നു.

രാത്രി അമ്മ വിളിച്ചു. 'സമ്മാനപ്പൊതികളെല്ലാം അഴിച്ചു നോക്കി. അതില്‍ വ്യത്യസ്തമായൊരു സമ്മാനപ്പൊതി കണ്ടു. സമ്മാനം തന്ന ആളിന്റെ പേരോ കാര്യങ്ങളോ ഒന്നുമില്ല. ഒരു പെണ്‍കുട്ടിക്ക് അണിയേണ്ട സ്വര്‍ണാഭരണങ്ങളൊക്കെ അതിലുണ്ട്. മാല വള കമ്മല്‍ പാദസ്വരം എല്ലാം സ്വര്‍ണമാണ്'. ഇക്കാര്യം കേട്ടപ്പോള്‍ എനിക്കാകാംഷയായി. ആരാണ് ഇത്തരം വിലപ്പെട്ട സമ്മാനം തന്നത് എന്നറിയാന്‍? 'അത് അതേ പോലെ വെക്കൂ അമ്മേ, ഞാന്‍ വന്നിട്ട് നോക്കാം'. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ വീട്ടില്‍ ചെന്നു. ആകാംഷയോടെ സമ്മാനപ്പൊതി നോക്കി. വലിയൊരു പാക്കറ്റാണ് പുറത്തുകാണാന്‍. സ്വര്‍ണസമ്മാനങ്ങള്‍ ചെറിയൊരു പൊതിയില്‍ നേരിട്ടു നല്‍കലാണ് പതിവ്. ആരാണെന്ന് തിരിച്ചറിയാനുളള ഒരടയാളവുമില്ല.

ഒന്നുകൂടി പരിശോധിക്കുമ്പോള്‍ ഒരു ചെറിയ വെളളക്കടലാസ് തുണ്ട് കിട്ടി. അതിലുണ്ടാവും പേരു വിവരം എന്ന് കരുതി പരിശോധിച്ചു നോക്കി. അതില്‍ ഒന്നുമില്ല. രണ്ട് വെളളത്തുളളികള്‍ വീണ് ഉണങ്ങിയ അടയാളമുണ്ടായിരുന്നു. അത് ഞാന്‍ എടുത്ത് സൂക്ഷിച്ചു. ബന്ധുജനങ്ങളോടൊക്കെ വിളിച്ചന്വേഷിച്ചു. ഒരു തുമ്പും കിട്ടിയില്ല. ഇത് അതേപോലെ ലോക്കറില്‍ വെക്കാം, ഇപ്പോള്‍ എടുക്കേണ്ട. എല്ലാവരും തീരുമാനിച്ചു.
ഞാന്‍ ഡിഗ്രിക്ക് പഠിച്ച കോളേജിലെ അധ്യാപകനായിരുന്നു അദ്ദേഹം. എല്ലാ ജന്മദിനത്തിനും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും മധുരം നല്‍കാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് എന്റെ ബര്‍ത്ത്ഡേ അറിയാമായിരുന്നു. വിവാഹത്തിന് ശേഷവും അദ്ദേഹം എന്റെ പിറന്നാളിന് എന്നെ കാണാന്‍ വന്നിരുന്നു. പക്ഷേ ഞാന്‍ കണ്ടിരുന്നില്ല.
             
Article, Story, Love, Couples, I will live without any trouble for you.

മൂന്നാമത്തെ വര്‍ഷം വന്നപ്പോഴാണ് അദ്ദേഹം അക്കാര്യം സൂചിപ്പിച്ചത്. അന്നൊരു ചോദ്യം ചോദിച്ചു. ഞാന്‍ സമ്മാനം തന്ന ആഭരണങ്ങളൊന്നും അണിയാറില്ലേ? അപ്പോഴാണ് എനിക്ക് കത്തിയത്. ഇദ്ദേഹമാണ് ആ സമ്മനപ്പൊതി നല്‍കിയതെന്ന്. ഞാന്‍ ഒന്നും പ്രതികരിക്കാതെ ചിരിച്ചു. അദ്ദേഹം കോളജില്‍ എന്നോട് കാണിച്ച പ്രത്യേകതകളെക്കുറിച്ചോര്‍ത്തു. അതൊന്നും ഞാന്‍ കാര്യമാക്കിയിരുന്നില്ല. അദ്ദേഹത്തിന് എന്നോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു എന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ അനിയത്തിക്കും എനിക്കുളളതുപോലുളള അസുഖം ഉണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം എന്നെ പ്രത്യേകം ശ്രദ്ധിച്ചതെന്നും അദ്ദേഹത്തിന്റെ സുഹൃത്തായ ഒരധ്യാപകന്‍ എന്നെ കണ്ടപ്പോള്‍ സൂചിപ്പിച്ചിരുന്നു.

അദ്ദേഹം കാണാന്‍ സുന്ദരനാണ് ഏത് പെണ്‍കുട്ടിയെ വേണമെങ്കിലും ജീവിത പങ്കാളിയാക്കാന്‍ കിട്ടും. കേന്ദ്രസര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. പിന്നെന്തേ അദ്ദേഹം ഇങ്ങിനെ ജീവിക്കുന്നു. ആദ്യ ജന്മദിനത്തിനൊക്കെ സമ്മാനവുമായി വരും, ഞാന്‍ സ്വീകരിക്കാറില്ല. കാറില്‍ വെച്ചിട്ടുണ്ട് ഇഷ്ടമുണ്ടെങ്കില്‍ എടുത്തോളൂ എന്ന് പറയും. ഒരു തവണ ഞാന്‍ സ്നേഹപൂര്‍വ്വം അപേക്ഷിച്ചു, 'സാര്‍ വിവാഹം കഴിക്കണം. എനിക്ക് ആ ഭാഗ്യവതിയെ കാണണം. എന്നെ മറക്കാന്‍ ശ്രമിക്കണം'. ഇതിലൊന്നും അദ്ദേഹം വഴങ്ങിയില്ല. 'ഞാന്‍ ഇങ്ങിനെ ജീവിച്ചോളാം നിനക്ക് ബുദ്ധിമുട്ടാവാതെ...'

ഞാന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. പക്ഷേ അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ് വെമ്പുന്നു. ഒരു മനുഷ്യന്‍ എന്നെ ഓര്‍മ്മിച്ചും മനസ്സില്‍ സൂക്ഷിച്ചും ജീവിതം വൃഥാ കളയുന്നു എന്നോര്‍ക്കുമ്പോള്‍ പ്രയാസം തോന്നുന്നു. ഉറക്കമില്ലാത്ത രാത്രികളാണെനിക്കിപ്പോള്‍. ഈ ലോകത്ത് ഒരു ജീവിക്കുപോലും ഞങ്ങളുടെ അവസ്ഥ അറിയില്ല. സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനം തന്നത് ഇദ്ദേഹമാണെന്ന് ആര്‍ക്കുമറിയില്ല. അതിനൊപ്പമുളള കടലാസില്‍ ഉണ്ടായത് അദ്ദേഹത്തിന്റെ കണ്ണീര്‍ തുളളികളാണെന്ന് ഞാന്‍ കരുതുന്നു. അതൊരിക്കലും ഞങ്ങള്‍ തമ്മില്‍ പരാമര്‍ശിച്ചിട്ടില്ല. ആരോരുമറിയാതെ, ആര്‍ക്കും പ്രശ്നമാകാതെ അദ്ദേഹം ജീവിതം കഴിച്ചു കൂട്ടുന്നു ജീവിതത്തില്‍ നിശബ്ദമായ തീരാവേദനയോടെ ഞാനും ജീവിക്കുന്നു.

Keywords: Article, Story, Love, Couples, I will live without any trouble for you.
< !- START disable copy paste -->

Post a Comment