Follow KVARTHA on Google news Follow Us!
ad

School Days | ആ സ്പര്‍ശം മനസില്‍ കുളിര് കോരിയിട്ടു

അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ ആണ്‍കുട്ടികളോട് അല്പം ഇഷ്ടം തോന്നി തുടങ്ങി #Article, #Love-Story, #School-Memories, #കൂക്കാനം-റഹ്മാന്‍, #Artist-News
അവള്‍ അവളുടെ കഥ പറയുന്നു (2)

- കൂക്കാനം റഹ്മാന്‍

(www.kvartha.com) അവള്‍ തനിച്ചിരിക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലേക്ക് ചിന്ത ഊളിയിട്ട് കടന്ന് പോകും. പ്രൈമറി സ്‌കൂള്‍ പഠനകാര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ പലതരം വികാരങ്ങളും മനസില്‍ ഉദിക്കും. ഒന്നാം ക്ലാസിലെ ഓര്‍മ്മകള്‍ മധുരമുളളതാണ്. രോഗ കാരണം കൊണ്ട് ആറാം വയസിലാണ് ഒന്നാം ക്ലാസില്‍ ചേര്‍ത്തത്. അച്ഛന്‍ തൊട്ടടുത്ത ഹൈസ്‌ക്കൂളിലെ അധ്യാപകനാണ്. കൂട്ടുകാര്‍ക്കെല്ലാം എന്നോട് വലിയ താല്‍പര്യമാണ്. ക്ലാസിലെ തടിച്ച ലക്ഷ്മിക്കുട്ടി എന്നും നെല്ലിക്ക കൊണ്ടുത്തരും. അവളുടെ പറമ്പിലെ വലിയ നെല്ലിമരവും അതില്‍ നിറയെ നെല്ലിക്ക പിടിക്കുമ്പോള്‍ കുട്ടികള്‍ വന്ന് എറിഞ്ഞിടുന്നതുമൊക്കെ അവള്‍ പറയും. അവളുടെ കൂച്ചു കൂടാനാണ് നെല്ലിക്ക തരുന്നത്. അവളെ തടിച്ചി ഉണ്ടച്ചി എന്നൊക്കെ വിളിച്ച് കുട്ടികള്‍ കളിയാക്കും. ഞാന്‍ അവളെ സമാധാനിപ്പിക്കും.
         
Article, Love-Story, School-Memories, Students Love, School Love, That touch warmed my heart.

കണ്ണിമാങ്ങയും പുളിയും എനിക്ക് സമ്മാനം കൊണ്ടു തരുന്ന സുഹാസിനി, പശക്കായും മുളളു പഴവും മൊട്ടമ്പിളിയും കൊണ്ടുത്തരുന്ന കെട്ടപ്പല്ലന്‍ ഗോപാലന്‍ തുടങ്ങി എല്ലാവരും ഇന്നെവിടെയാണെന്നറിയില്ല. അവരുടെ രൂപവും കളിചിരിയും മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ഓട്ടോറിക്ഷക്കാരന്‍ രഘുവേട്ടനെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. റിക്ഷയില്‍ വരുന്ന കുട്ടികളില്‍ ഏറ്റവും ചെറുത് ഞാനായിരുന്നു. രഘുവേട്ടന്‍ എന്നെ മുന്നിലിരുത്തും. ഞാന്‍ ഏട്ടന്റെ മടിയില്‍ കയറി ഇരിക്കും. കുന്നിന്‍ പ്രദേശത്തായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. സ്‌കൂളിലേക്കുളള ചരല്‍ റോഡ് ചെങ്കുത്തായിട്ടുളളതായിരുന്നു. വണ്ടി മെല്ലെ മാത്രമെ നീങ്ങൂ.

ഞങ്ങള്‍ പത്തേളം കുഞ്ഞുങ്ങളുണ്ട് യാത്രക്കാര്‍. അരമണിക്കൂറോളം യാത്ര ചെയ്താലേ സ്‌കൂളിലെത്തൂ. രഘുവേട്ടന്‍ സ്‌ക്കൂളിനടുത്തെത്തി വണ്ടി നിര്‍ത്തി എല്ലാ കുട്ടികളും ഇറങ്ങിയിട്ടേ എന്നെ ഇറക്കൂ. എടുത്തുയര്‍ത്തി കവിളിലൊരുമ്മ തരും. അതെനിക്ക് ഇഷട്മായിരുന്നില്ല. ഉമ്മവെച്ചത് വിരല്‍ തുമ്പ് കൊണ്ട് തടവും. ഇക്കാര്യം ശ്രദ്ധിച്ച രഘുവേട്ടന്‍ പറയും 'മോള്‍ക്ക് എന്റെ മുത്തം ഇഷ്ടമല്ലേ?' ഞാന്‍ ചിരിച്ചു കൊണ്ട് ഓടും. നാലാം ക്ലാസുവരെ രഘുവേട്ടന്റെ വണ്ടിയില്‍ പോയിരുന്നുളളൂ. മൂന്നാം ക്ലാസുകാരിയായപ്പോള്‍ ഓട്ടോയില്‍ രഘുവേട്ടന്റെ മടിയിലിരിക്കാറില്ല. പക്ഷേ ആ സമയത്തും രഘുവേട്ടന്‍ മുത്തം തരും. രഘുവേട്ടന്‍ പാവമല്ലേ എന്നു ഞാന്‍ കരുതും. പിന്നീട് യുപി ക്ലാസില്‍ വെച്ചാണ് ഗുഡ് ടച്ചും ബേഡ് ടച്ചും എന്താണെന്നറിയാന്‍ കഴിഞ്ഞത്. എന്തായാലും നാലാം ക്ലാസുവരെയുളള പഠനകാലം സന്തോഷത്തിന്റെതായിരുന്നു.

യുപി സ്‌കൂള്‍ പഠനകാലം അച്ഛന്റെ സ്‌കൂളിലായിരുന്നു അവിടെ അഞ്ചു മുതല്‍ പത്താം ക്ലാസുവരെയുണ്ട്. എല്‍പി സ്‌കൂളിലെ കൂട്ടുകാരെയൊന്നും അവിടെ കിട്ടിയില്ല. അസുഖത്തിന്റെ അവസ്ഥ അല്‍പംകൂടി വഷളായിരിക്കുകയാണ്. ആശുപത്രി യാത്ര മരുന്നുകളുടെ വര്‍ദ്ധന ഇവയൊക്കെ ശാരീരികമായി അല്പം ക്ഷീണം വര്‍ദ്ധിപ്പിച്ചു. ശാരീരിക അധ്വാനമുളള കളികളിലൊന്നും പങ്കെടുക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. കൊത്തംങ്കല്ല് കളി, കാരംബോഡ് തുടങ്ങിയ ദേഹാധ്വാനമില്ലാത്ത കളികളില്‍ മാത്രമേ പങ്കെടുക്കാറുളളൂ. ഒപ്പം പഠിക്കുന്നവര്‍ ഷട്ടില്‍, റിംഗ്, സ്‌ക്കിപ്പിംഗ് തുടങ്ങിയവ തിമിര്‍ത്ത് കളിക്കുന്നുണ്ടാവും. ഞാന്‍ അതൊക്കെ നോക്കിനില്‍ക്കുക മാത്രം ചെയ്യും.

അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ ആണ്‍കുട്ടികളോട് അല്പം ഇഷ്ടം തോന്നി തുടങ്ങി. ചില ആണ്‍കുട്ടികളെക്കാണാന്‍ ഇഷ്ടം, അവരോട് സംസാരിക്കാന്‍ ഇഷ്ടം. ആറിലും ഏഴിലും പഠിക്കുന്ന ഏട്ടന്‍മാരോടാണ് കൂടുതല്‍ ഇഷ്ടം. ചുരുളന്‍ മുടിയുളള ഫല്‍ഗുണേട്ടനെ കാണാന്‍ ഞാന്‍ കാത്തിരിക്കും. ഉച്ചഭക്ഷണം കഴിഞ്ഞ് സ്‌കൂള്‍ വരാന്തയിലെ തൂണില്‍ ചാരി നില്‍ക്കും. ലക്ഷ്യം ഫല്‍ഗുണനെ കാണാനാണ്. നല്ല ചിരിയാണവന്റേത്, വായ തുറന്ന് ചിരിക്കില്ല പുഞ്ചിരിക്കുക മാത്രം. വെളള പാന്റും കറുത്ത ഷര്‍ട്ടുമാണവന്റെ വേഷം. അരയില്‍ ബെല്‍ട്ട് കെട്ടും. ചിത്രം വരയ്ക്കാന്‍ മിടുക്കനാണവന്‍. ഒരു ദിവസം ഉച്ചയ്ക്ക് ഫല്‍ഗുണന്‍ അവന്റെ പോക്കറ്റില്‍ നിന്ന് ഒരു ചുരുട്ടിയ വെളളക്കടലാസ് എന്റെ നേര്‍ക്ക് നീട്ടി. ഞാന്‍ ഭയത്തോടെയും എന്നാല്‍ ഉളളാലെ സന്തോഷത്തോടെയും അത് വാങ്ങി.

പ്രേമലേഖനമാണോ എന്ന ഭയമുണ്ടായിരുന്നു. അന്നും ചെറിയ കുട്ടികള്‍ പരസ്പരം പ്രേമ കത്തുകള്‍ കൈമാറലുണ്ടായിരുന്നു. ആരും കാണാതെ മെല്ലെ കടലാസ് നിവര്‍ത്തി നോക്കി. ഹാവൂ അതെന്റെ ചിത്രമായിരുന്നു. ഉച്ചയ്ക്ക് സ്‌കൂള്‍ വരാന്തയിലെ തൂണില്‍ ചാരി നില്‍ക്കുന്ന പോലത്തെ ചിത്രം. ഒരു കാല് നിലത്തും ഒരു കാല് തൂണിന് ചവിട്ടിയും കൈരണ്ടും തലയ്ക്കു നേരെ തൂണില്‍ പിടിച്ചു കൊണ്ടുളള നില്‍പ്പ്. വലിയ പൂക്കളുളള മുട്ടോളമെത്തുന്ന പാവാടയും മഞ്ഞ ബ്ലൗസും അതേ പോലെ വരച്ചിരിക്കുന്നു. കുറേ നേരം അതില്‍ തന്നെ നോക്കി നിന്നു. ചിത്രത്തിന് അടിയില്‍ വളരെ ചെറുതായി ഐലൗയൂ എന്നും എഴുതിയിട്ടുണ്ട്. ഞാന്‍ കടലാസ് നിവര്‍ത്തി നോക്കുന്നത് ഫല്‍ഗുണന്‍ ദൂരെ നിന്നു നോക്കുന്നുണ്ടായിരുന്നു. ആ ചിത്രം ഞാന്‍ പൊന്നുപോലെ സൂക്ഷിച്ചിരുന്നു.
            
Article, Love-Story, School-Memories, Students Love, School Love, That touch warmed my heart.

ഞാന്‍ മറുകുറിയൊന്നും കൊടുത്തില്ല. കൊടുക്കണമെന്നുണ്ടായിരുന്നു. പേടി തോന്നി. ചിത്രത്തിന്റെ അടിയിലെഴുതിയ ഐലൗയു മഷി ഉപയോഗിച്ച് കറുപ്പിച്ചു. അതിനു ശേഷം ചിത്രം എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു. ആരാണ് വരച്ചതെന്ന് സുഹൃത്തുക്കളോടൊന്നും പറഞ്ഞില്ല. എന്നും ഉച്ചയ്ക്ക് വരാന്തയില്‍ നില്‍ക്കും. ഫല്‍ഗുണന്‍ അതിലൂടെ നടന്നു പോകും, ഒന്നു നോക്കും ചിരിക്കും. ഒരു ദിവസം ഓടിക്കളിക്കുമ്പോള്‍ അവന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായ പേന താഴെ വീണു. അവനതറിഞ്ഞില്ല. ഞാന്‍ വരാന്തയിലല്‍ നിന്നിറങ്ങി പേന എടുത്തു, 'ഫല്‍ഗുണേട്ടാ ഇതാ നിന്റെ പേന' എന്നു പറഞ്ഞ് അവന്റെ അടുത്തേക്ക് ചെന്നു. നിറഞ്ഞ പുഞ്ചിരിയോടെ അവന്‍ പേന വാങ്ങിയപ്പോള്‍ അറിയാതെ അവനെന്റെ കയ്യില്‍ സ്പര്‍ശിച്ചു. ആ സ്പര്‍ശം മനസില്‍ കുളിര് കോരി നിറച്ചു.

മാര്‍ച്ച് മാസം സമാഗതമായി. ഫല്‍ഗുണന്‍ സ്‌കൂളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങി മിലിട്ടറി ഉദ്യേഗസ്ഥനായ അവന്റെ അച്ഛന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ന്നു പഠിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മനസിന് വേദന തോന്നി. പോകുന്ന അന്നും അവനെ കണ്ടു നോക്കി ചിരിച്ചു. മിലിട്ടറി ഉദ്യോഗസ്ഥന്റെ മകനായ അവനിപ്പോള്‍ എവിടെയെങ്കിലും കേന്ദ്ര ഗവ. സര്‍വ്വീസില്‍ ഉയര്‍ന്ന ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടാവാം. സ്‌കൂള്‍ പഠനകാലത്ത് മനസിലുദിച്ച സ്നേഹവും കാണാനും സംസാരിക്കാനും തോന്നിയ ആഗ്രഹവും ഇന്നും സന്തോഷം തരുന്നു. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉടലെടുത്ത അടുപ്പവും സംസാരങ്ങളും ചെറിയ കുട്ടിയായിരുന്നപ്പോള്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്.

പക്ഷേ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും അന്ന് മനസിലാക്കിയിരുന്നില്ല. അതിപ്പോള്‍ ഓര്‍ക്കുന്നത് അവരുടെ സ്നേഹവായ്പ്പ് യാഥാര്‍ത്ഥ്യമായി തീര്‍ന്നത് അറിയുമ്പോഴാണ്. സ്‌കൂളിലെ അവിവാഹിതനായ ഒരധ്യാപകന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. അദ്ദേഹം ഒഴിവു ദിവസങ്ങളിലൊക്കെ വീട്ടില്‍ വരും. ഓഫീസ് കാര്യങ്ങളൊക്കെ സംസാരിക്കാനാണ് വരുന്നത് എന്നാണ് പറഞ്ഞിരുന്നത്. രാവിലെ വന്നാല്‍ വൈകീട്ടേ തിരിച്ച് പോകൂ. എന്റെ അമ്മയ്ക്ക് ഒരനുജത്തി ഉണ്ടായിരുന്നു. സുന്ദരിയാണവര്‍, ഉച്ചയ്ക്കത്തെ ഭക്ഷണവും വൈകീട്ടത്തെ ചായയും മറ്റും നല്‍കുന്നത് എളേമ്മയായിരുന്നു. സ്‌കൂളില്‍ നിന്ന് വന്ന മാഷും എളേമ്മയും തമ്മില്‍ എന്തോ അടുപ്പമുണ്ട് എന്ന് എന്റെ കുഞ്ഞ് മനസ് പറഞ്ഞു.

(തുടരും)

ALSO READ:


Keywords: Article, Love-Story, School-Memories, Students Love, School Love, That touch warmed my heart.
< !- START disable copy paste -->

Post a Comment