Assault | അമ്മമാര്‍ മക്കളെ കരുതിയിരിക്കണം

 


അവള്‍ അവളുടെ കഥ പറയുന്നു - 7 

-കൂക്കാനം റഹ്മാന്‍

(www.kvartha.com) ഒരു ദൗത്യം ഏറ്റെടുത്താല്‍ ഏറ്റവും വേഗത്തില്‍ അത് ചെയ്തിരിക്കണം എന്ന ധാരണയോടെയാണ് അവള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളില്‍ നിന്ന് ടീച്ചര്‍ മുഖേന കിട്ടിയ വിവരം അവളെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുകയാണ്. കേവലം പത്തോ പതിനൊന്നോ വയസായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതല്‍ അവള്‍ അസ്വസ്ഥയാണ്. സ്വന്തം മക്കളെ കുറിച്ചും അവള്‍ ഓര്‍ത്തുപോയി. ഏതായാലും പ്രസ്തുത പെണ്‍കുട്ടിയെ കാണട്ടെ. അവളില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ടറിയാമല്ലോ. മുലപ്പാലിന്റെ മണം മാറാത്ത ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചവന്‍ ഏതു തരക്കാരനായിരിക്കും. വീട്ടില്‍ അമ്മ ഉണ്ടായിരിക്കില്ലേ, പീഡിപ്പിച്ച കാര്യം കുട്ടി ആരോടും പറയാതിരിക്കാന്‍ കാരണമെന്തായിരിക്കും ഇത്യാദി ചിന്തകളുമായിട്ടാണ് അവള്‍ ബസിലിരിക്കുന്നത്. മലയോരത്താണ് വീട്, സ്ഥലത്തിന്റെ പേരും വീടിന്റെ പേരും കുറിച്ചു വെച്ചിട്ടുണ്ട്.
       
Assault | അമ്മമാര്‍ മക്കളെ കരുതിയിരിക്കണം

കയറ്റവും ഇറക്കവും ഉള്ള റോഡാണ്. വീതി കുറഞ്ഞതും താഴേക്കു നോക്കുമ്പോള്‍ ഭയം തോന്നും. പക്ഷേ അത്തരം കാര്യങ്ങളൊന്നും മനസിലേക്കു കയറി വരുന്നില്ല. ബസിറങ്ങി വീണ്ടും ഇടവഴിയിലൂടെ നടക്കണം. അതും കയറ്റമുളള വഴിയാണ്. അരമണിക്കൂര്‍ നടന്നു കാണും. വീട്ടിനടുത്തെത്തി അടുത്തടുത്ത് രണ്ടു വീടുകളുണ്ട്. ഒന്ന് കുട്ടിയുടെ അമ്മമ്മയും മകളും താമസിക്കുന്നത്, മറ്റേത് കുട്ടിയുടേത്. മുറ്റം ചാണകം മെഴുകി വൃത്തിയാക്കിയിട്ടുണ്ട് പുല്ലു മേഞ്ഞ വീടാണത്. വീടിനകവും ചാണകം തന്നെ. അമ്മമ്മ അകത്തു നിന്ന് ഒരു പ്ലാസ്റ്റിക്ക് കസേര എടുത്ത് പുറത്തേക്ക് കൊണ്ടു വന്നു. സ്നേഹത്തോടെ അതിലിരിക്കാന്‍ പറഞ്ഞു. അവള്‍ ഇരുന്നു, കുട്ടിയെ അന്വേഷിച്ചു. കുട്ടിയും അമ്മയും താഴേ ചാലിലേക്ക് പോയിട്ടുണ്ട് ഇപ്പോള്‍ വരും. കുട്ടിയുടെ വിഷമം നിങ്ങള്‍ അറിഞ്ഞിരുന്നോ അവള്‍ അമ്മമ്മയോട് ചോദിച്ചു. ആ നടുക്കം അറിഞ്ഞു. വിഷമത്തോടെയാണ് അമ്മമ്മ മറുപടി പറഞ്ഞത്.

'എന്താണ് സംഭവിച്ചത്? എങ്ങിനെയാണ് സംഭവിച്ചത്? പറയാന്‍ പറ്റുമോ?'. 'പറയാന്‍ ഏറെ വിഷമമുണ്ട് മാഡം എന്നാലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ എന്റെ മോളുടെ മോളാണ് ആ കുട്ടി. ഇവള്‍ക്കു നാലഞ്ചു വയസുളളപ്പോള്‍ എന്റെ മകളുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. മകള്‍ എന്നും പണിക്കു പോകും അതിനാല്‍ കുട്ടിയെ വളര്‍ത്തിയത് ഞാനാണ്. സ്‌കൂളില്‍ ചേര്‍ത്തതും പഠിപ്പിക്കുന്നതുമെല്ലാം ഞാന്‍ തന്നെയാണ് . മകള്‍ പണി കഴിഞ്ഞു വന്നാല്‍ അവളേയും കൂട്ടി അവരുടെ വീട്ടിലേക്കു പോകും'. അവള്‍ വീടിനെ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി. ഇതു പോലേയുള്ള വേറൊരു വീട് പണിക്കു ചെന്ന സ്ഥലത്തു നിന്ന് വേറൊരാളെ പരിചയപ്പെട്ടു അവള്‍.

അവരുടെ വിഭാഗത്തില്‍ പെട്ടവനല്ല. തടിച്ചു കൊഴുത്ത കാരിരുമ്പിന്റെ കരുത്തും നിറവുമുളള ഒരാള്‍. കണ്ടാല്‍ ആരും ഭയപ്പെട്ടു പോകും. അങ്ങിനെയുളള ശരീര പ്രകൃതം. വാസ്തവത്തില്‍ എന്റെ മകള്‍ക്ക് അവനോട് സ്നേഹമോ ഇഷ്ടമോ ഒന്നും തന്നെയില്ല, ഭയം മാത്രം .ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ മനുഷ്യന്‍ വീട്ടിലേക്കു വരാന്‍ തുടങ്ങി. ആഹാരമൊക്കെ പുറത്തു നിന്ന് കഴിച്ചിട്ടാണ് രാത്രി വരിക. രാവിലെ എഴുന്നേറ്റ് പോവുകയും ചെയ്യും.

സംസാരിച്ചു കൊണ്ടിരിക്കേ അമ്മയും മകളും വരുന്നതു കണ്ടു. ഇനി 'മാഡം ആ കുട്ടിയോട് നേരിട്ട് സംസാരിച്ചു കൊളളൂ'. അമ്മയും മകളും കുളിയും അലക്കും കഴിഞ്ഞ് തിരിച്ചു വരികയാണ്. രണ്ടു പേരും സംസാരിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്. അവരുടെ ഇടപെടലില്‍ ഒരു പ്രയാസവും കാണുന്നില്ല. ഉയരം കുറഞ്ഞ പെണ്‍കുട്ടി അവയവ വളര്‍ച്ചയൊന്നും പുറത്തു കാണിക്കുന്നില്ല. ഈറന്‍ മാറി വേറൊരു ഡ്രസ്സിട്ടു പുറത്തേക്കു വന്നു കുറച്ചകലേയുളള തണല്‍മരം ചൂണ്ടി അവള്‍ നമുക്കങ്ങോട്ട് പോകാം. പെണ്‍കുട്ടി കസേരയുമെടുത്ത് അവളുടെ കൂടെ ചെന്നു. അവള്‍ കുട്ടിയുടെ പേരു ചോദിച്ചു, 'മാലതി' കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

മാലതി മോള്‍ ആറാം ക്ലാസിലല്ലേ പഠിക്കുന്നത്. നല്ലപോലെ പഠിക്കുന്ന മിടുക്കിയാണ് മാലതിയെന്ന് സ്‌കൂളിലെ ടീച്ചര്‍ പറഞ്ഞു. മാലതി ഉത്തരം പറഞ്ഞത് തലയാട്ടിയാണ്. അത് കേട്ടപ്പോള്‍ മാലതിയുടെ മുഖത്ത് സന്തോഷം തുടിക്കുന്നത് കണ്ടു. 'മാലതിക്ക് എന്തു പറ്റി?, ആരെങ്കിലും മാലതിയെ ദ്രോഹിക്കാറുണ്ടോ? തുറന്നു പറഞ്ഞേ ഈ ചേച്ചിയോട്'. ഇത് കേട്ടപാടെ സന്തോഷത്തോടെ മാലതി പറഞ്ഞു തുടങ്ങി.

'ഞാനും രണ്ടാനച്ഛനും അമ്മയും ഒരു മുറിയിലാണ് കിടക്കാറ്. അദ്ദേഹം കട്ടിലിലും ഞാനും അമ്മയും താഴെയും. അമ്മ പുലര്‍ച്ചേ എഴുന്നേറ്റ് പുറത്തേക്കു പോകും. പണിക്കു പോകാനായിട്ടാണ് എഴുന്നേല്‍ക്കുന്നത്. രണ്ടാനച്ഛന്‍ എന്നോട് പറയും, 'മോള്‍ക്കു തണുക്കുന്നുണ്ടെങ്കില്‍ ഇങ്ങോട്ട് പോര് അച്ഛന്റെ കൂടെ പുതച്ചു കിടക്കാം'. അത് കേട്ട ഞാന്‍ അച്ഛന്റെ കൂടെ പുതപ്പിനുളളില്‍ കിടക്കും. അങ്ങിനെ കിടക്കാന്‍ എനിക്കും സന്തോഷമാണ്. കുറേ നാളു കഴിയുമ്പോള്‍ എന്റെ അവിടേയും ഇവിടേയും പിടിക്കാനും ഉമ്മ തരാനും തുടങ്ങി. അതും എനിക്ക് സുഖമായി തോന്നി. പിന്നെ പിന്നെ അമ്മ വേഗം പുറത്തേക്ക് പോകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കാന്‍ തുടങ്ങി. അച്ഛന്റെ കൂടെ പോയി കിടക്കാന്‍.

രാത്രി ഞാന്‍ ഉറങ്ങാതെ കിടക്കും. അപ്പോള്‍ അമ്മയെ അച്ഛന്‍ ചെയ്യുന്നതെല്ലാം കാണും. അതു പോലെ എന്നെയും അച്ഛന്‍ ചെയ്യാന്‍ തുടങ്ങി. ഞാന്‍ ആരോടും അക്കാര്യം പറഞ്ഞില്ല. ഗര്‍ഭിണിയാവുമോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. സ്‌കൂളില്‍ നിന്ന് തളര്‍ന്നു വീണ് ഹോസ്പിറ്റലില്‍ പോയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ പറയുന്നത് കേട്ടാണ് ഞാനറിയുന്നത്'. ഒരു സങ്കോചവും ഇല്ലാതെയാണ് മാലതി ഇത്രയും പറഞ്ഞത്. ഇതില്‍ കുറ്റം ചെയ്തത് അമ്മയാണോ? രണ്ടനച്ഛനാണോ? മാലതിയാണോ? ഇതൊന്നും ആലോചിക്കാനുളള സമയമല്ലിത്. അമ്മയ്ക്കും മാലതിക്കും ഇതിന്റെ ഗൗരവം മനസിലായില്ലെന്ന് തോന്നുന്നു. ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റിന്റെ പ്രത്യേക പെര്‍മിഷന്‍ വാങ്ങി കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കണം. എന്നാലേ വിദ്യഭ്യാസം മുടങ്ങാതെ മുന്നോട്ട് പോകാന്‍ പറ്റൂ.

'നാളെ രാവിലെ അമ്മയും മകളും പൊലീസ് സ്റ്റേഷനില്‍ പോകണം, ആശുപത്രിയില്‍ പോകണം. എല്ലാത്തിനും തയ്യാറായി നാളെ രാവിലെ തന്നെ എത്തുമല്ലോ', അവള്‍ നാട്ടിലേക്കുളള ബസില്‍ കയറി. ചിന്ത മുഴുവന്‍ മാലതിയെ കുറിച്ചായിരുന്നു. കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കെതിരായി കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിക്കണം. മാലതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കണം. വീണ്ടും സ്‌കൂളില്‍ പോകാനും പഠിക്കാനും അവസരമൊരുക്കണം. ഇതിനെക്കുറിച്ചൊക്കെ ചിന്തിച്ചുകൊണ്ടിരിക്കേ അവളുടെ മൊബൈല്‍ റിംഗ് ചെയ്തു. പരിചയമില്ലാത്ത നമ്പറാണ്. ഇപ്പോള്‍ വിളി വരുന്നതൊക്കെ പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ്. അവള്‍ ടീച്ചറായി, വൃദ്ധസദനത്തിന്റെ പ്രവര്‍ത്തകയായി, കുട്ടികള്‍ക്കുണ്ടാകുന്ന വിഷമഘട്ടത്തില്‍ സഹായി ആയി എത്താന്‍ തുടങ്ങി. അതു കൊണ്ടുതന്നെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആവശ്യത്തിന് വിളിക്കാന്‍ തുടങ്ങി.

അപരിചിതരായാലും പരിചയമില്ലാത്ത സ്ഥലങ്ങളില്‍ നിന്നായാലും പ്രശ്നങ്ങളിലേക്ക് അവള്‍ ഓടിയെത്തും തനിച്ചു തന്നെ പോവുകയും വരികയും ചെയ്യും. 'ഹലോ', അവള്‍ അവള്‍ ഉറക്കെ വിളിച്ചു. ബസിന്റെ ശബ്ദവും യാത്രക്കാരുടെ ശബ്ദവും കൊണ്ട് മറുവശത്തു നിന്ന് പറയുന്നത് ക്ലിയര്‍ ആവുന്നില്ല. സ്ത്രീ ശബ്ദമാണ്. ഹിന്ദിയും മലയാളവും കലര്‍ന്ന ഭാഷയിലാണ് സംസാരം. 'ഞങ്ങളെ രക്ഷിക്കണം മാഡം, ഞാനും മകളും ആത്മഹത്യ ചെയ്യും, മാഡം ഉടനെ വരണം'. സ്ഥലവും വീട്ടിലേക്കുളള വഴിയും അവള്‍ കൃത്യമായി ചോദിച്ചു മനസിലാക്കി. ടൗണിലിറങ്ങി. അവള്‍ പറഞ്ഞ സ്ഥലത്തേക്കുളള ബസ് കയറി.
     
Assault | അമ്മമാര്‍ മക്കളെ കരുതിയിരിക്കണം

എന്തു സംഭവിക്കുമെന്ന ഭയം അവളുടെ ഉളളിലുണ്ട്. അവിടെ എത്തുമ്പോഴേക്ക് എന്തെങ്കിലും സംഭവിക്കുമോ?. നാട്ടുകാരല്ലയെന്നും, വാടകവീട്ടിലാണ് താമസിക്കുന്നതെന്നും അവരുടെ സംസാരത്തില്‍ നിന്ന് മനസിലാക്കി. പറഞ്ഞപ്രകാരം സ്ഥലത്തെത്തി നാല്‍പതു വയസെത്തിയ സ്ത്രീയും പതിനെട്ടുകാരിയായ പെണ്‍കുട്ടിയും വരാന്തയിലിരുന്ന് കരയുകയാണ് അമ്മ തലയ്ക്കും നെഞ്ചത്തും അടിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി.

(തുടരും)
Keywords: Social services, Woman, Assault, Charity, Treatment, Pregnant, School, Kookkanam Rahman, Mothers should take care of their children.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia