Awareness | ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കേരളമൊന്നാകെ രംഗത്തിറങ്ങുന്നു; കുട്ടികള്‍ക്കായി ജാഗ്രതയുടെ  സംരക്ഷണകവചമൊരുക്കും

 
Image Representing Drug awareness campaign in Kerala.
Image Representing Drug awareness campaign in Kerala.

Representational Image Generated by Meta AI

● വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ സജീവമാക്കണം.
● രക്ഷിതാക്കളും പ്രാദേശിക സമിതികളും ജാഗ്രത പാലിക്കണം.
● അക്രമവാസന ഇല്ലാതാക്കാന്‍ പൊതുപരിപാടികളില്‍ പങ്കാളിത്തം ഉറപ്പാക്കണം.
● ക്യാമ്പസുകളില്‍ സൗഹൃദങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.

നവോദിത്ത് ബാബു

(KVARTHA) നമ്മുടെ സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നിനെതിരെ ജനകീയ പോരാട്ടത്തിനായി വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വൈകിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്‍പോട്ടു വന്നത് ശുഭോദര്‍ക്കമാണ്. കൊടിയുടെ നിറം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണിത്. മയക്കുമരുന്ന് റാക്കറ്റിന്റെ വലയില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതിന് വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ സജീവമാക്കണം. സ്വന്തം വീടുകളില്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കളും നാട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ പ്രാദേശിക സമിതികളും തയ്യാറാകണം. ഇതിനൊപ്പം കുട്ടികളിലെ വയലന്‍സ് ഇല്ലാതാക്കാന്‍ നാട്ടിലെ പൊതു പരിപാടികളില്‍ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്.

മനുഷ്യമനസ്സിലെ സാത്വിക ഭാവങ്ങളെ ഉപേക്ഷിച്ച് ഭീകരമായ ഹിംസയുടെ ധൂമ്രവസ്ത്രം എടുത്തുടുത്ത് നില്‍ക്കുകയാണ് മലയാളി യുവത്വം. പിഞ്ചു പൈതലിനെ കൊല ചെയ്യുന്ന അമ്മ മനസ്സും മാതാപിതാക്കളെ കോഴിയെ അറുക്കുന്ന ലാഘവത്തില്‍ അറുത്തു കൊല്ലുന്ന മക്കളും ഭീകര പീഡനങ്ങളുടെയും ആള്‍ക്കൂട്ട വിചാരണയുടെയും കൊലപാതകങ്ങളുടെയും തുടര്‍ച്ചയായി മാറുന്ന ക്യാമ്പസുകളും കേരളം മനോരോഗത്തിന്റെ മാരക ഭാവങ്ങളിലേക്ക് വഴുതിവീഴുന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ്.
വിദ്യാഭ്യാസരംഗത്തിന് വന്ന മൂല്യച്യുതിയും ആ മേഖലയില്‍ നടമാടുന്ന അരാജകത്വവും ഹിംസാത്മകതയെ വളര്‍ത്തുന്നതില്‍ കാരണമാകുന്നുണ്ട്. 

ക്യാമ്പസ് രാഷ്ട്രീയം ഏതാണ്ട് ഇല്ലാതായി പലയിടത്തും. കുട്ടികള്‍ക്ക് സൗഹൃദങ്ങളില്ലാതായി. പകരം കൂട്ടായി വന്നത് ഡിജിറ്റല്‍ ഡിവൈസുകള്‍. ഫലമോ ആവശ്യമുള്ളതും ഇല്ലാത്തതും വിരല്‍ തുമ്പില്‍ കിട്ടിതുടങ്ങി. ഇതും പുതുതലമുറയെ സ്വാധീനിക്കുന്നുണ്ട്. സുകുമാര കലകളില്‍ ഏറ്റവും ജനകീയമായത് സിനിമയാണ്. കലകള്‍ കാലത്തിനു നേരെ, സമൂഹത്തിന് നേരെ തിരിച്ചുപിടിച്ച കണ്ണാടികള്‍ ആണെന്ന് പറയാറുണ്ടല്ലോ. അങ്ങനെയെങ്കില്‍ അക്രമത്തിന്റെ അതിപ്രസരമുള്ള, ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ നമുക്ക് ചുറ്റുമുള്ള ഒരു സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 

ക്രൂരതയും ഭയരഹിതമായ നരഹത്യയും നിര്‍ദയമായ ശാരീരിക പീഡനങ്ങളും ഇരയുടെ നിലവിളികളിലും പിടച്ചിലിലും ഹരം കൊള്ളുന്ന സമകാലിക മലയാളി സമൂഹത്തിന്റെ രോഗാതുരമായ മനസ്സിനെയാണ് ഇവ ആവിഷ്‌കരിക്കുന്നത്. ഇത്തരം സിനിമ കുട്ടികളെയും യുവാക്കളെയും സ്വാധീനിക്കുന്നുണ്ട്. പുതിയ തലമുറ മുഴുവന്‍ പ്രശ്നക്കാരാണെന്ന് പറയുന്നതില്‍ വാസ്തവമില്ല. പക്ഷേ യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കാനാവില്ല. തിരുത്തേണ്ടത് തിരുത്തി മുമ്പോട്ടു കൊണ്ടുപോകാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മുമ്പിട്ടിറങ്ങണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നാളെ ആവര്‍ത്തിക്കും. 

നമ്മുടെ അണുകുടുംബങ്ങളില്‍ സംഭവിക്കുന്ന ഒറ്റപ്പെടലുകളും തിരക്കുകളും കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്ക് അവരെ കെയര്‍ ചെയ്യാനുള്ള സമയം ഇല്ലാത്തത് തെറ്റായ വഴിയിലേക്ക് അവരെ നയിക്കുന്നുണ്ട്. മയക്കുമരുന്ന് ഒളിപ്പിച്ച ചോക്ലേറ്റും മിഠായികളുമായി ലഹരി വില്‍പ്പനക്കാരായ മാമന്‍ മാര്‍ അവരെ തേടിയെത്തുന്നത് ഈ പഴുത് ഉപയോഗിച്ചാണ്. 

മത്സരാന്തരീക്ഷമുള്ള സ്‌കൂള്‍ അധ്യയനക്കാലം അവരെ സമ്മര്‍ദ്ദത്തിന്റെ നീര്‍ചുഴിയിലാക്കുന്നുണ്ട്. ഈക്കാര്യത്തിലും തിരുത്തലുകള്‍ വരേണ്ടതുണ്ട്. സമ്മര്‍ദ്ദമില്ലാതെ ഈ ലോകത്ത് ജീവിക്കാന്‍ ഓരോ കുട്ടിയെയും സ്‌പോര്‍ട്ട്‌സും കലകളും സഹായിക്കും. ഇതിലേക്ക് അവരെ കൈ പിടിച്ചു നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. നമ്മുടെ കുട്ടികളെ ലഹരിയെന്ന മഹാ വിപത്തില്‍ നിന്നും രക്ഷിക്കാനുള്ള ലാസ്റ്റ് ചാന്‍സാണിത്. അതു പൂര്‍ണമായ അര്‍ത്ഥത്തില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ മാത്രമല്ല പൊതുജനങ്ങളും തയ്യാറാകണം.

ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!

Various organizations and political parties in Kerala are uniting against drug abuse, focusing on protecting children. The initiative emphasizes the need for drug awareness clubs in schools, parental vigilance, and community involvement. It also highlights the impact of societal issues and media on youth behavior.

#DrugFreeKerala #YouthAwareness #KeralaAgainstDrugs #ChildProtection #CommunityAction #SayNoToDrugs

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia