Alert | കാൻസർ മരുന്നുകൾ ലഹരി പട്ടികയിലേക്ക്; സംസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കാൻ തീരുമാനം


● ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിൽക്കുന്നത് തടയാൻ നിയമ നടപടികൾ സ്വീകരിക്കും.
● സംസ്ഥാന വ്യാപക റെയ്ഡുകൾ നടത്താനും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും തീരുമാനം.
● എക്സൈസിനും പോലീസിനും സംയുക്തമായി ലഹരി മാഫിയയുടെ ഡാറ്റാബേസ് തയ്യാറാക്കും.
● ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ ബോധവൽക്കരണം നടത്തും.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി പോലീസും എക്സൈസും രംഗത്ത്. കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകൾ ലഹരിമരുന്ന് പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് ഇതിൽ പ്രധാനം. പോലീസ്-എക്സൈസ് സംയുക്ത യോഗത്തിലാണ് മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള തീരുമാനമെടുത്തത്. കാൻസർ രോഗികൾക്കുള്ള വേദനസംഹാരികൾ ചെറുപ്പക്കാർ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. മരുന്നിൻ്റെ ദുരുപയോഗം തടയാൻ ഡ്രഗ് കൺട്രോളർക്ക് കത്തയയ്ക്കാനും യോഗത്തിൽ തീരുമാനിച്ചു.
സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ വഴി വിൽക്കുന്ന മരുന്നുകളാണ് ഇതെന്നതാണ് പ്രധാന ആശങ്ക. സംസ്ഥാനത്ത് സിന്തറ്റിക് ലഹരി വേട്ട ശക്തമാക്കിയ സാഹചര്യത്തിലാണ് വേദനസംഹാരി മരുന്നുകളുടെ കാര്യം ചർച്ചയിൽ വന്നത്. ഈ മരുന്നുകളെ അബ്‌കാരി നിയമത്തിൻ്റെ കീഴിലുള്ള ലഹരിമരുന്നുകളുടെ പട്ടികയിൽ പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇങ്ങനെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഡോക്‌ടറിൻ്റെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിൽക്കാനോ കൈവശം വയ്ക്കുന്നതോ കുറ്റകരമാകും. കുറിപ്പടിയില്ലാതെ ഇങ്ങനെ മരുന്ന് കൈവശം വയ്ക്കുന്നവർക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം പോലീസിനും എക്സൈസിനും ലഭിക്കും.
സംസ്ഥാന വ്യാപകമായി ലഹരിക്കെതിരായ വേട്ട ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപക റെയ്ഡ് തുടരും. ഇതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിൻ്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പൊലീസ് ഉടൻ ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗം ചേരണമെന്നും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.
ലഹരി വിരുദ്ധ പരിശോധനകളിൽ ഇത്തരം ഗുളികകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ ലഹരി മരുന്നുകളുടെ പട്ടികയിൽ കാൻസർ മരുന്നുകൾ ഉൾപ്പെടുത്താനും യോഗത്തിൽ ആലോചന നടന്നു. വേദന സംഹാരികൾ ലഹരി മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിലവിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാറിനോട് ശിപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 24-നാണ് യോഗം നടക്കുക. ലഹരിവിരുദ്ധ കാമ്പയിനും തുടർനടപടിയും ചർച്ചയാകും.
ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ ഷെയർ ചെയ്യൂ, അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Kerala is tightening its grip on drug abuse, with cancer pain relief medications under scrutiny for misuse. Authorities plan to list these drugs as narcotics, enabling stricter controls and enforcement. Joint police-excise operations will intensify, including raids and data collection, to curb drug trafficking.
#KeralaDrugs #DrugCrackdown #CancerMedication #NarcoticsControl #AntiDrugCampaign #KeralaPolice