Obituary | മഞ്ഞുപോലെ മാഞ്ഞുപോയി മലയാളത്തിന്റെ സുകൃതം; എംടിയുടെ ഭൗതികദേഹം 'സിതാര'യില്‍, സംസ്‌കാരം വൈകിട്ട് 5 മണിക്ക്; ആദരസൂചകമായി സംസ്ഥാനത്ത് 2 ദിവസം ദുഃഖാചരണം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവച്ചു.
● ജെ.സി. ദാനിയേല്‍ പുരസ്‌കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികള്‍ നേടി.
● മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 3 തവണ ലഭിച്ചു.
● 2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
കോഴിക്കോട്: (KVARTHA) അന്തരിച്ച എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ (91) മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിച്ചു. വൈകിട്ട് നാല് മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അഞ്ച് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും. തന്റെ മരണാന്തര ചടങ്ങുകള്‍ എങ്ങിനെയായിരിക്കണം എന്ന് എംടി നേരത്തെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുതെന്നും വിലാപയാത്ര പാടില്ലെന്നും എംടി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാം നിശ്ചയിച്ചിരിക്കുന്നത്.

എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്.
കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെത്തുടര്‍ന്നു 16ന് പുലര്‍ച്ചെയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു എം.ടി.വാസുദേവന്‍ നായരുടെ (91) അന്ത്യം.
നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
1933 ല്‍ പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണു മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി.വാസുദേവന്‍ നായര്‍ ജനിച്ചത്. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂളില്‍വച്ചുതന്നെ എഴുത്തു തുടങ്ങി. ജ്യേഷ്ഠന്‍ എം.ടി.നാരായണന്‍ നായര്‍, സ്‌കൂളിലെ സീനിയറും അയല്‍നാട്ടുകാരനുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്നിവരുടെ സ്വാധീനം എംടിയെ വായനയിലും എഴുത്തിലും വഴി കാട്ടി. ആദ്യകാലത്ത് കവിതയാണ് എഴുതിയിരുന്നത്. പിന്നീട് ഗദ്യത്തിലേക്കു വഴിമാറി. വിക്ടോറിയയിലെ പഠനകാലത്ത് വായനയും എഴുത്തും ലഹരിയായി. 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യ കഥാസമാഹാരം അക്കാലത്താണു പ്രസിദ്ധീകരിച്ചത്. 1954-ല്‍ നടന്ന ലോകചെറുകഥാ മല്‍സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥ ഒന്നാമതെത്തിയതോടെ എംടി ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുനാള്‍ അധ്യാപകനായും ഗ്രാമസേവകനായും ജോലി ചെയ്തു. മലയാളത്തിലെ സാഹിത്യ പത്രപ്രവര്‍ത്തനത്തെ പുതിയ ദിശയിലേക്കു നയിക്കാന്‍ എംടിക്കു കഴിഞ്ഞു. മലയാളത്തില്‍ പില്‍ക്കാലത്തു തലയെടുപ്പുള്ളവരായി വളര്‍ന്ന മിക്ക എഴുത്തുകാരെയും പ്രോല്‍സാഹിപ്പിച്ചതും അവരുടെ രചനകള്‍ പ്രസിദ്ധീകരിച്ചതും എംടിയായിരുന്നു. 1965 ല്‍ മുറപ്പെണ്ണ് എന്ന ചെറുകഥ തിരക്കഥയാക്കിയാണ് സിനിമയിലെ തുടക്കം. ആദ്യ സംവിധാന സംരംഭമായ നിര്‍മാല്യത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം ലഭിച്ചു. അന്‍പതിലേറെ സിനിമകള്‍ക്കു തിരക്കഥയെഴുതി. അവയില്‍ പലതും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മിക്കതും വാണിജ്യ വിജയങ്ങളുമാണ്.
2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ജെ.സി. ദാനിയേല്‍ പുരസ്‌കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികള്‍ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കള്‍: സിതാര, അശ്വതി.
പ്രധാന കൃതികള്‍: കാലം, നാലുകെട്ട്, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ്, പാതിരാവും പകല്‍ വെളിച്ചവും (നോവല്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം, ഓപ്പോള്‍, നിന്റെ ഓര്‍മയ്ക്ക് (കഥകള്‍), ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, നഗരമേ നന്ദി, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്വാരം, സുകൃതം, പരിണയം (തിരക്കഥ), കാഥികന്റെ കല, കാഥികന്റെ പണിപ്പുര (ലേഖനസമാഹാരം).
#mtvasudevannair #malayalam #literature #writer #india #kerala #rip