Politics | എഡിഎമ്മിന്റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സിബിഐ വരണം; സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ പ്രശാന്തന്റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരുമെന്ന് വിഡി സതീശന്‍
● അന്വേഷണം പ്രഹസനമാണെന്ന് കുടുംബം ആരോപിക്കുന്നു.
● നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം.
● കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് വ്യാജരേഖ ഉണ്ടാക്കി.
കൊച്ചി: (KVARTHA) എഡിഎമ്മിന്റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ വിഡി സതീശന്‍. സര്‍ക്കാരും സി.പി.എമ്മും ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയെന്ന് വിഡി സതീശന്‍ പറഞ്ഞു.
അന്വേഷണം പ്രഹസനമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ഒരു ഉത്തരവ് പോലും ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാനാണ് പൊലീസും ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് ഒരു അന്വേഷണവുമില്ല.
കേരള മനസാക്ഷിയെ ഞെട്ടിച്ച മരണമുണ്ടായിട്ടും പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നവീന്‍ ബാബു കേസിന് പിന്നില്‍ വലിയ ദുരൂഹതകളുണ്ട്. പമ്പ് തുടങ്ങുന്ന സ്ഥലവും പമ്പും ആരുടേതാണ്? കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള സാമ്പത്തികശേഷി പ്രശന്തനില്ല. പ്രശാന്തന്‍ ആരുടെ ബിനാമിയാണ്? സത്യസന്ധമായ അന്വേഷണം നടന്നാല്‍ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും.
വന്‍ സാമ്പത്തിക ഇടപാടാണ് നടന്നിരിക്കുന്നത്. പ്രധാനപ്പെട്ട ഒരാളുടെ ബിനാമിയായാണ് പ്രശാന്തന്‍ പ്രവര്‍ത്തിക്കുന്നത്. നിവൃത്തികേട് കൊണ്ടാണ് ദിവ്യയെ അറസറ്റു ചെയ്യേണ്ടി വന്നത്. ദിവ്യയെ പ്രീതിപ്പെടുത്താനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ സ്വീകരിക്കാന്‍ പോയത്. ദിവ്യയ്ക്ക് അറിയാവുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന പേടി സി.പി.എം നേതാക്കള്‍ക്കുണ്ട്. സി.പി.എം നേരിടുന്ന ജീര്‍ണതയാണിത്.
സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരമാണിത്. പി.പി ദിവ്യ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ശ്രമിച്ചത് ആര്‍ക്കു വേണ്ടിയാണെന്നും അന്വേഷിക്കണം. ഒരുപാട് ദുരൂഹതകളുള്ള ഈ കേസ് സി.ബി.ഐ അന്വേഷിക്കണം.
നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെയാണ് പ്രതിയായ പി.പി ദിവ്യ ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ സ്വന്തം ഭാര്യയെ അയച്ചത്. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്.
നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ത്ത് പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. ഇതൊരു കൊലപാതകമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളക്കളി അവസാനിപ്പിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ കുടുംബം ആവശ്യപ്പെടുന്നതു പോലെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കണം. ഇത്തരം വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സി.ബി.ഐ അന്വേഷണത്തിന് സമ്മതിക്കുന്നതായിരുന്നു പതിവ്.
ഇന്‍ക്വസ്റ്റ് ബന്ധുക്കള്‍ എത്തുന്നതിനും മുന്‍പേ പൂര്‍ത്തിയാക്കി. പി.പി ദിവ്യയുടെ ഭര്‍ത്താവും പ്രശാന്തനും ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളജില്‍ ഓട്ടോപ്സി ചെയ്യരുതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ആവശ്യപ്പെട്ടിട്ടും അവിടെ തന്നെ ഓട്ടോപ്സി ചെയ്തു. നവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ വന്നു പോയെന്ന് പറയുന്നുണ്ടെങ്കിലും ഒരു സി.സി ടി.വി ദൃശ്യങ്ങള്‍ പോലും അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. കളക്ടറുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം.
എസ്.ഡി.പി.ഐയും ജമാഅത്ത് ഇസ്ലാമിയും കൂട്ടു ചേര്‍ന്ന് യു.ഡി.എഫിന് പാലക്കാട് വോട്ട് ചെയ്തെന്നു പറയുന്നതിലൂടെ സി.പി.എം സ്വയം പരിഹാസ്യനാകുകയാണ്. പാലക്കാട് ബി.ജെ.പിയുടെ വോട്ടാണ് കുറഞ്ഞത്. കഴിഞ്ഞ തവണ ഇ. ശ്രീധരന് കിട്ടിയ വോട്ടാണ് ഇത്തവണ യു.ഡി.എഫിന് കിട്ടിയത്. എസ്.ഡി.പി.ഐയും ജമാഅത്ത് ഇസ്ലാമിയുമാണോ ശ്രീധരന് വോട്ട് ചെയ്തത്? തോറ്റു കഴിഞ്ഞാല്‍ തോറ്റെന്നെങ്കിലും സമ്മതിക്കണം. ചേലക്കരയില്‍ ഞങ്ങള്‍ തോറ്റിട്ടും ഞങ്ങള്‍ എന്തെങ്കിലും ന്യായത്തിനു പോയോ?
എന്നു മുതലാണ് എസ്.ഡി.പി.ഐയും ജമാഅത്ത് ഇസ്ലാമിയും പിണറായി വിജയന് വര്‍ഗീയവാദികളായത്? എസ്.ഡി.പി.ഐയും ജമാഅത്ത് ഇസ്ലാമിയും ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങള്‍ക്ക് എന്തു കുഴപ്പം കോണ്‍ഗ്രസെ എന്നാണ് അന്ന് ചോദിച്ചത്. സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മതേതരവാദികളും എ.കെ.ജി സെന്ററില്‍ നിന്നും പുറത്തിറങ്ങിയാല്‍ വര്‍ഗീയവാദികളുമാകും. എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ട്. തോറ്റ് കഴിയുമ്പോള്‍ കണക്കുമായി ഇറങ്ങുന്നത് ഇ.എം.എസിന്റെ കാലത്തെ പരിപാടിയാണ്. വയനാട്ടില്‍ കുറഞ്ഞ 75000 വോട്ട് എവിടെ പോയി? എല്ലായിടത്തും സി.പി.എമ്മിന് വോട്ട് കുറഞ്ഞു. എന്നിട്ടാണ് ഭരവിരുദ്ധ വികാരം ഇല്ലെന്നു പറയുന്നത്.
ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍ വെല്ലുവിളിക്കേണ്ട. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് ഉറച്ചു നില്‍ക്കട്ടെ. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വെല്ലുവിളിച്ചാല്‍ മതി. 2026- ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ വിപുലമാക്കുമെന്നും വിഡി സതീഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
#NaveenBabuCase, #CBIProbe, #KeralaPolitics, #conspiracy, #justice