Mystery | 'മലപ്പുറത്തെ ഡെപ്യൂട്ടി തഹസില്‍ദാരുടെ തിരോധാനത്തിന് പിന്നില്‍ ഭീഷണി'; 3 പേര്‍ പൊലീസ് പിടിയില്‍
● ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തഹസില്‍ദാരെ കാണാതായത്.
● വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
● ഭീഷണിപ്പടുത്തി 10 ലക്ഷം രൂപയും പ്രതികള്‍ തട്ടി എടുത്തു.
● സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
മലപ്പുറം: (KVARTHA) തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. മലപ്പുറം തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറും തിരൂര്‍ മാങ്ങാട്ടിരി സ്വദേശിയുമായി ചാലിബ് പി ബിയുടെ (Chalib PB) തിരോധാനത്തിന് കാരണം ഭീഷണിയാണെന്ന് തിരൂര്‍ പൊലീസ്.
സംഭവത്തില്‍ മൂന്ന് പേരെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഷഫീഖ് (35), ഫൈസല്‍ (43) ആതവനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അജ്മല്‍ (37) എന്നിവരാണ് പിടിയിലായത്.
പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയശേഷം ചാലിബ് പി ബി വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതിയുമായെത്തി.
പിന്നാലെ കഴിഞ്ഞ ദിവസം ചാലിബ് തന്റെ ഭാര്യയെ ഫോണ്‍ ചെയ്ത് താന്‍ കര്‍ണാടകയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ ആണെന്നും മാനസിക പ്രയാസം കാരണം വീടു വിട്ടതാണെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാലിബിനെ കര്‍ണാടകയിലെ ഉഡുപ്പിയിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ കണ്ടെത്തിയിരുന്നു.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടും പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 02.02 വരെ ഓണായ ഫോണ്‍ പിന്നീട് ഓഫായി. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കുടുംബത്തിന് ആശ്വാസമായി വെള്ളിയാഴ്ച രാത്രി 11 മണിയോടെ ചാലിബ് വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. ഇതേ തുടര്‍ന്നാണ് തഹസില്‍ദാര്‍ വീടുവിട്ട് പോയത്. ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപയും പ്രതികള്‍ തട്ടി എടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#Tahsildar, #missingperson, #threat, #extortion, #Kerala, #arrest, #crime