രാസലഹരി ചെകുത്താനെന്ന് ഉപദേശം; ഒടുവില്‍ കഞ്ചാവില്‍ കുരുങ്ങിയ ഗായകന്‍ വിവാദങ്ങളിലേക്ക്; സര്‍ക്കാരിന്റെ വേദികളില്‍ നിന്ന് വിലക്ക്


● ഫ്‌ലാറ്റില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
● കഴമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ ലഹരിക്കെതിരെ സംസാരിച്ചു.
● നിശാഗന്ധിയിലെ പരിപാടിയില്‍ വലിയ ജനക്കൂട്ടം എത്തിയിരുന്നു.
● ഇടുക്കിയിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ നിന്ന് ഒഴിവാക്കി.
● 25-ാം വയസ്സില്‍ ആദ്യ മ്യൂസിക് വീഡിയോ ശ്രദ്ധ നേടി.
● 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' ആല്‍ബത്തില്‍ മീടു ആരോപണം.
● നടി പാര്‍വതിയുടെ ലൈക്കും ക്ഷമാപണവും വിവാദമായിരുന്നു.
തിരുവനന്തപുരം: (KVARTHA) നവ സംഗീത ലോകത്തെ ആസ്വാദകരുടെ പ്രിയതാരമാണ് കുറഞ്ഞ കാലംകൊണ്ട് സിനിമയിലടക്കം സാന്നിധ്യം ഉറപ്പിച്ച തൃശ്ശൂര്‍ സ്വദേശിയായ 'റാപ്പര്‍ വേടന്‍' എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളി. ഫ്‌ലാറ്റില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തോടെ വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് വേടന്‍. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ കഞ്ചാവ് കേസില്‍ പിടിയിലായതിനു പിന്നാലെയാണ് കേരളത്തിന്റെ യുവത്വത്തിനെ കാര്‍ന്നുതിന്നുന്ന ലഹരി കേസില്‍ മറ്റൊരു 'സെലിബ്രിറ്റി' കൂടി അറസ്റ്റിലാകുന്നത്.
അടുത്തിടെ നടന്ന തൃശ്ശൂര്‍ കഴമ്പ്രം ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പരിപാടിക്കിടെ സിന്തറ്റിക് ലഹരിക്കെതിരെ വേടന്‍ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. 'ഞാന്‍ അനുഭവംകൊണ്ട് പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് പത്തുപേര്‍ അടിച്ചുകഴിഞ്ഞാല്‍ രണ്ടുപേര്‍ ചത്തുപോവും. അത് ചെകുത്താനാണ്, അവനെ ഒഴിവാക്കുക. ദയവുചെയ്ത്... പ്ലീസ്. എത്ര അമ്മയും അപ്പനുമാണ് എന്റെയടുത്ത് വന്ന് കാലുപിടിക്കുന്നത്, മക്കളെ ഇതൊന്ന് പറഞ്ഞു മനസിലാക്ക് എന്ന്. എനിക്കിത് പറയേണ്ട ആവശ്യമില്ല. പക്ഷേ, ഞാന്‍ നിങ്ങളുടെ ചേട്ടനാണല്ലോ' എന്നായിരുന്നു വേടന്റെ വാക്കുകള്‍.
മറ്റൊരു സംഗീത പരിപാടിക്കിടെ വേടന്‍ നടത്തിയ പരാമര്‍ശങ്ങളും വലിയ ചര്‍ച്ചയായിരുന്നു. എമ്പുരാന്‍ വിവാദവുമായി ബന്ധപ്പെട്ട് സിനിമ ചെയ്തതിന് ഇഡി റെയ്ഡ് വരുന്ന കാലമാണിതെന്ന വേടന്റെ വാക്കുകള്‍ വൈറലായി. കാരണവന്മാര്‍ മണ്ടത്തരം കാണിച്ച് നടക്കുകയാണെന്നും പുതുതലമുറയില്‍ മാത്രമാണ് പ്രതീക്ഷയെന്നും വേടന്‍ അന്ന് പറഞ്ഞു.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന സഹകരണ എക്‌സ്‌പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനും ഉള്‍ക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്.
വേടന്റെ പരിപാടി കാണാന്‍ നിശാഗന്ധിയില്‍ തടിച്ചുകൂടിയ യുവാക്കള്‍ അന്ന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പാകിയിരുന്ന ഓടിന് മുകളില്‍ കയറി പരിപാടി കാണാന്‍ ശ്രമിച്ചതോടെ ഓട് വരെ തകര്‍ന്നിരുന്നു. വേദിയിലെ പല കസേരകളും തള്ളിക്കയറ്റത്തില്‍ തകര്‍ന്നു. തുടര്‍ന്ന് ഓടിന് മുകളില്‍ കയറി നിന്നവരോട് മുകളില്‍നിന്ന് ഇറങ്ങണമെന്ന് പരിപാടി നിര്‍ത്തിവച്ചാണ് വേടന്‍ ആവശ്യപ്പെട്ടത്. ഉള്‍ക്കൊള്ളാവുന്നതില്‍ അധികം ആള്‍ക്കാരെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിയതിനും യാതൊരു മുന്നൊരുക്കവും നടത്താത്തതിലും സര്‍ക്കാരും അന്ന് പഴികേട്ടിരുന്നു.
അതേസമയം, റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്ക് ആരാധകരേറെയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ബുധനാഴ്ച ഇടുക്കിയിലെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ നിന്ന് വേടനെ ഒഴിവാക്കിയിരിക്കുകയാണ്. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ഇയാള്‍.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്ത വേടന്‍ പിന്നീട് എഡിറ്റര്‍ ബി. അജിത് കുമാറിന്റെ സ്റ്റുഡിയോ ബോയ് ആയി പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ റാപ്പറായ ടൂപാക് ഷാക്കൂറില്‍നിന്ന് പ്രചോദിതമായാണ് സ്വതന്ത്ര സംഗീതരംഗത്തേക്ക് എത്തുന്നത്. 25-ാം വയസ്സിലാണ് വേടന്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നത്. ആദ്യ വീഡിയോ തന്നെ സംഗീതപ്രേമികള്‍ ഏറ്റെടുത്തു. വേടന്റെ പാട്ടുകള്‍ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ വീഡിയോയ്ക്ക് ശേഷം വന്ന വേടന്റെ മറ്റ് റാപ്പുകളും ശ്രദ്ധനേടി. 2021-ല്‍ പുറത്തിറങ്ങിയ നായാട്ട്, 2023-ല്‍ പുറത്തിറങ്ങിയ കരം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയിലെ പാട്ടുകള്‍ ശ്രദ്ധേയമായി.
എന്നാല്‍ വൈകാതെ, വേടനെതിരെ ലൈംഗികാരോപണവും ഉയര്‍ന്നു വന്നിരുന്നു. സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് വേടനെതിരെ മീടു ആരോപണം ഉയര്‍ന്നത്. പിന്നാലെ ആല്‍ബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് മുഹ്‌സിന്‍ പരാരി അറിയിച്ചിരുന്നു.
'വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്മെന്റ്' എന്ന കൂട്ടായ്മ വഴിയാണ് ഏതാനും സ്ത്രീകള്‍ വേടനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ് വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.
ആരോപണങ്ങള്‍ക്ക് പിന്നാലെ വേടന്‍ മാപ്പ് പറയുകയും ഈ മാപ്പ് ചോദിച്ചുകൊണ്ടുള്ള വേടന്റെ പോസ്റ്റിന് നടി പാര്‍വതി തിരുവോത്ത് ലൈക്ക് ചെയ്തതും വിവാദമായി. തുടര്‍ന്ന് ലൈക്ക് പിന്‍വലിച്ച് പാര്‍വതിയും ക്ഷമാപണം നടത്തിയിരുന്നു.
ഈ വാര്‍ത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ! സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാനും മറക്കരുത്.
Popular rapper Vedan, known for his presence in government events, has been arrested in a drug case involving cannabis. This follows a previous arrest of a film director in a similar case and comes shortly after Vedan spoke against synthetic drugs at a public event. He had also faced prior sexual harassment allegations.
#Vedan, #DrugCase, #KeralaNews, #CelebrityArrest, #Narcotics, #Rapper