Shame | നഴ്‌സിംഗ് കോളേജിലെ റാഗിങ്: ഹോസ്റ്റല്‍ മുറിയില്‍നിന്ന് മാരക ആയുധങ്ങള്‍ കണ്ടെത്തി; പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രഫസര്‍ക്കും സസ്പെന്‍ഷന്‍


● ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
● റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു.
● കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പൊലീസ്.
● ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുന്നു.
കോട്ടയം: (KVARTHA) ഗാന്ധിനഗര്‍ ഗവ.നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രഫസര്‍ക്കുമെതിരെ നടപടി. നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എ.ടി. സുലേഖ, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കികൊണ്ട് ഉത്തരവായി.
അതേസമയം, പ്രതികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് കത്തിയും കരിങ്കല്ല് കഷ്ണങ്ങളും പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയിട്ടുണ്ട്. കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പൊലീസ്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നതും തുടരുന്നു.
അതിനിടെ, റാഗിങ്ങിന് ഇരയായ നാല് വിദ്യാര്‍ത്ഥികള്‍ കൂടി പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി. ഇരയാക്കപ്പെട്ട ആറ് വിദ്യാര്‍ഥകളില്‍ ഒരാള്‍ മാത്രമാണ് മുന്‍പ് പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. കോളേജിന്റെ വീഴ്ച ആരോപിച്ച് വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ശനിയാഴ്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ മാര്‍ച്ച് നടത്തും. കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയനും കോളേജിന് മുന്നില്‍ പ്രതിഷേധിക്കും.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.
The principal and assistant professor of a nursing college in Kottayam have been suspended following a brutal ragging incident involving first-year students. Weapons were recovered from the accused students' hostel rooms, and more students have come forward to file complaints.
#NursingCollegeRagging, #Kottayam, #StudentAbuse, #Kerala, #Crime, #Education