Recovery | മുംബൈയില്‍ നിന്ന് കണ്ടെത്തിയ മലപ്പുറത്തെ വിദ്യാര്‍ത്ഥിനികളെ ഉടന്‍ നാട്ടിലെത്തിക്കും; പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലം പൊലീസ് കസ്റ്റഡിയില്‍


● പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിടും.
● കുട്ടികള്‍ക്ക് കൗണ്‍സിലിങും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും.
● കുട്ടികൾ ഉല്ലാസത്തിന് പോയതാണെന്നാണ് പ്രാഥമിക നിഗമനം.
● കണ്ടെത്താന്‍ സഹായിച്ച പൊലീസിനോട് നന്ദിയും കടപ്പാടുമുണ്ടെന്ന് രക്ഷിതാക്കള്‍.
മലപ്പുറം: (KVARTHA) കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പൊലീസ് കണ്ടെത്തിയ മലപ്പുറത്തെ വിദ്യാര്‍ത്ഥിനികളെ ശനിയാഴ്ച ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയില്‍ ഹാജരാക്കി വിശദമായ മൊഴിയെടുത്ത ശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും നല്‍കുമെന്നും പൊലീസ് അറിയിച്ചു.
പനവേലില്‍ നിന്നുള്ള ഗരീബ് രഥ് എക്‌സ്പ്രസിലാണ് കേരളത്തിലേക്ക് വരുന്നത്. മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗമാണ് പൂനെയിലേക്ക് എത്തിയത്. ഉച്ചയോടെ നാട്ടിലെത്തിക്കും. തിരൂരില്‍ നിന്നായിരിക്കും താനൂരിലേക്ക് പോവുക. കുട്ടികളുമായി വീഡിയോ കോള്‍ വഴി സംസാരിച്ചുവെന്നും ഇരുവരും സുരക്ഷിതരാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതികരിച്ചു. മക്കളെ കണ്ടെത്താന്‍ സഹായിച്ച പൊലീസിനോട് വലിയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
അതിനിടെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്തും എടവണ്ണ ഗ്രാമ പഞ്ചായത് നിവാസിയുമായ റഹിം അസ്ലമിലെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ ശനിയാഴ്ച രാവിലെ തിരൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് റഹിം അസ്ലം. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്യും.
വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് റഹിം അസ്ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ റഹിം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
അതേസമയം, കുട്ടികള്‍ ഉല്ലാസത്തിനുവേണ്ടി മാത്രമാണ് മുംബൈയില്‍ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് എസ്‌ഐ സുജിത്ത് പറഞ്ഞു. വീട് വിട്ടിറങ്ങിയതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കണ്ടെത്താന്‍ നിലവില്‍ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും നാട്ടിലെത്തിയശേഷം വിശദമായി അന്വേഷിക്കുമെന്നും എസ്‌ഐ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്നാണ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Missing Malappuram students found in Mumbai, returning home today. Friend who helped them leave in custody. Preliminary investigation suggests they went for an outing.
#MissingStudents, #Mumbai, #Malappuram, #Police, #Recovery, #Kerala