Probe | യാത്രക്കാരിയായ വയോധികയോട് ഓടോറിക്ഷാ ഡ്രൈവറുടെ ക്രൂരത; മാല പൊട്ടിച്ച് വഴിയില്‍ തള്ളിയിട്ടതായി പരാതി; ഗുരുതരമായി പരുക്കേറ്റ 67 കാരി ചികിത്സയില്‍
സംഭവം കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്.
ആക്രമണം മകന്റെ വീട്ടില്‍ പോയി വരുന്നതിനിടെ.
ഒരു മണിക്കൂറോളം റോഡില്‍ മഴ നനഞ്ഞ് കിടന്നിട്ടും ആരും സഹായിക്കാനെത്തിയില്ല.
കോഴിക്കോട്: (KVARTHA) യാത്രക്കാരിയായ വയോധികയോട് ഓടോറിക്ഷാ ഡ്രൈവറുടെ ക്രൂരത. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് വയനാട് ഇരുളം സ്വദേശി ജോസഫീന എന്ന 67 കാരിയുടെ ആഭരണം കവര്‍ന്ന് വഴിയില്‍ തള്ളിയിട്ടതായി പരാതി. പരുക്കേറ്റ ജോസഫീന ഓമശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് ടൗണ്‍ പൊലീസ് പറയുന്നത്: ബുധനാഴ്ച പുലര്‍ചെ അഞ്ചോടെ നഗരത്തിലാണ് സംഭവം. വയനാട്ടില്‍നിന്ന് ഞായറാഴ്ച രണ്ടാമത്തെ മകന്റെ കായംകുളത്തുള്ള വീട്ടിലേക്ക് പോയി തിരിച്ചു വരികയായിരുന്നു. പുലര്‍ചെ മലബാര്‍ എക്‌സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓടോറിക്ഷയില്‍ കയറിയപ്പോഴാണ് വയോധികയ്ക്ക് ദുരനുഭവം നേരിട്ടത്.
ആഭരണം കവര്‍ന്ന് ജോസഫീനയെ വഴിയില്‍ തള്ളി ഓടോറിക്ഷ ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന മറ്റ് നാല് സ്ത്രീകളോടൊപ്പം ഒന്നിച്ച് സ്റ്റാന്‍ഡിലേക്ക് നടന്ന് പോകാന്‍ ജോസഫീന തീരുമാനിച്ചു. തുടര്‍ന്ന് മേലേ പാളയത്ത് ചെമ്പോട്ടി ജംക്ഷനില്‍ എത്തിയപ്പോള്‍ മഴ പെയ്തു. ഇതോടെ ഒപ്പം സഞ്ചരിച്ച നാല് സ്ത്രീകള്‍ തൊട്ടടുത്ത ഹോടെലില്‍ കയറി. ഈ സമയം അതുവഴി എത്തിയ ഓടോറിക്ഷക്കാരന്‍ വണ്ടി നിര്‍ത്തിയതോടെ ജോസഫീന അതില്‍ കയറി. എന്നാല്‍ കുറെ നേരമായിട്ടും സ്ഥലത്തെത്തിയില്ല. സംശയം തോന്നി ഓട്ടോക്കാരനോട് നിര്‍ത്താന്‍ അറിയിച്ചെങ്കിലും ഡ്രൈവര്‍ മറ്റു വഴികളിലൂടെ പോവുകയായിരുന്നുവെന്ന് വയോധിക മൊഴി നല്‍കി.
വീണ്ടും നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തി. ഓടത്തിനിടയില്‍ ഡ്രൈവര്‍ ഒരു കൈ പിറകുവശത്തെക്ക് നീട്ടി മാല പൊട്ടിക്കാന്‍ ശ്രമിച്ചു. തടുക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ മാല പൊട്ടിക്കുകയും വാഹനത്തില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. റോഡില്‍ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നെങ്കിലും വഴിയിലൂടെ പോയ യാത്രക്കാരൊന്നും സഹായത്തിനെത്തിയില്ല.
സഹായം അഭ്യര്‍ഥിച്ചും ആരും തിരിഞ്ഞ് നോക്കാതെ ഒടുവില്‍ അര കിലോമീറ്ററോളം നടന്ന് പാളയം സ്റ്റാന്‍ഡിലെത്തി ബസില്‍ കയറി കൂടരഞ്ഞിയിലുള്ള സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വീഴ്ചയില്‍ താടിയെല്ലിനും കൈ മുട്ടിനും ചെവിയ്ക്ക് താഴെയും മുറിവുണ്ടായി രക്തം വാര്‍ന്നിട്ടുണ്ട്.
ആശുപത്രി അധികൃതരാണ് വിവരം അറിയിച്ചത്. പരുക്കേറ്റ ജോസഫീനയില്‍നിന്ന് മൊഴിയെടുത്തതിന് പിന്നാലെ കേസെടുത്തു. ഓടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താന്‍ വ്യാപക അന്വേഷണം തുടങ്ങിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.