Allegation | സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമമെന്ന് പരാതി; ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസെടുത്തു
● കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
● ചേവായൂര്‍ പൊലീസാണ് കേസെടുത്തത്.
● വെള്ളിയാഴ്ച അര്‍ജുന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും.
● ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ്.
കോഴിക്കോട്: (KVARTHA) ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ (Arjun) ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കുടുംബത്തിന്റെ പരാതിയില്‍ ചേവായൂര്‍ പൊലീസ് (Chevayur Police) കേസെടുത്തു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വ്യാഴാഴ്ചയാണ് അര്‍ജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി ലോറി ഉടമ മനാഫിനെയും സോഷ്യല്‍ മീഡിയയിലെ പ്രചാരണം നടത്തിയവര്‍ക്കെതിരെയും പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു.
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കണാതായ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ മനാഫും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചെന്ന് അര്‍ജുന്റെ കുടുംബം വാര്‍ത്താ സമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു. അര്‍ജുന്റെ പേരില്‍ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു.
ഇതോടെ കുടുംബത്തിനെതിരേ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ-വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിലെന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം.
അതേസമയം, താന്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും താന്റെ യുട്യൂബ് ചാനല്‍ ആര്‍ക്കും പരിശോധിക്കാമെന്നും മനാഫ് പറഞ്ഞു. കേസില്‍ അതിയായ സങ്കടമുണ്ടെന്നും താന്‍ മാനസീക സംഘര്‍ഷത്തിലാണെന്നും ശിക്ഷിക്കപ്പെട്ടാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം തന്നെ നില്‍ക്കുമെന്നു മനാഫ് പ്രതികരിച്ചു.
പരാതിയില്‍ പൊലീസ് വെള്ളിയാഴ്ച അര്‍ജുന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും. സോഷ്യല്‍ മീഡിയാ പേജുകള്‍ പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
#ShirurLandslide #Manaf #Kerala #cybercrime #socialmedia #legalcase #communalharmony #justiceforArjun