'ഹാക്ക് ചെയ്തതായി ഉറപ്പാക്കാനായില്ല'; മതാടിസ്ഥാനത്തില്‍ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ തന്നെയാണെന്ന് മെറ്റ
●പൊലീസ് ഗൂഗിളിനും വാട്സാപ്പിനും വീണ്ടും മെയില്‍ അയച്ചു.
● ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറും.
● ഫോണ്‍ കൈമാറിയത് ഫോര്‍മാറ്റ് ചെയ്ത ശേഷമാണെന്നും കണ്ടെത്തി.
തിരുവനന്തപുരം: (KVARTHA) ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വിവാദ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ (K Gopalakrishnan IAS) മൊബൈല്‍ ഫോണ്‍ തന്നെയാണെന്ന് പൊലീസിന് റിപ്പോര്‍ട്ട് നല്‍കി വാട്സ് ആപ് കമ്പനി. പൊലീസിന്റെ ചോദ്യത്തിന് മറുപടിയായാണ് മെറ്റ ഇക്കാര്യം അറിയിച്ചത്.
ഫോണ്‍ ഹാക്ക് ചെയ്തതായി ഉറപ്പാക്കാനായിട്ടില്ലെന്ന് പൊലീസ് അയച്ച ഇ മെയിലിന് മെറ്റ കമ്പനി മറുപടി നല്‍കി. ഗോപാലകൃഷ്ണന്‍ പൊലീസിന് ഫോണ്‍ കൈമാറിയത് ഫോര്‍മാറ്റ് ചെയ്ത ശേഷമാണെന്നും കണ്ടെത്തി. മുഴുവന്‍ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാല്‍ ഫോണില്‍ നിന്നും ഒരു വിശദാംശങ്ങളെടുക്കാന്‍ സൈബര്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറും.
അതേസമയം, ഗോപാലകൃഷ്ണന്‍ പറയുന്നതുപോലെ ഹാക്കിങ് നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി മെറ്റ നല്‍കിയില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടി പൊലീസ് ഗൂഗിളിനും വാട്സാപ്പിനും വീണ്ടും മെയില്‍ അയച്ചു. ഗ്രൂപ്പുകളുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളാണ് മെറ്റയില്‍നിന്ന് തേടിയിരിക്കുന്നത്. ഗ്രൂപ്പുകളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കം ചെയ്തതിനാല്‍ അവ ക്രിയേറ്റ് ചെയ്ത സ്ഥലം, സമയം, ആരെയെല്ലാം അംഗങ്ങളാക്കി, അയച്ച സന്ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ മെറ്റയില്‍നിന്നു സംഘടിപ്പിക്കാനാണ് ശ്രമം. ഇതില്‍, ഗ്രൂപ്പുകള്‍ എവിടെവച്ചാണ് ക്രിയേറ്റ് ചെയ്തതെന്ന വിവരമാണ് നിര്‍ണായകം.
ഗ്രൂപ്പുകളുണ്ടാക്കിയില്ലെന്നും ഫോണ്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തതാണെന്നും ഗോപാലകൃഷ്ണന്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കി ഔദ്യോഗികതലത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനുള്ള നീക്കം ഗോപാലകൃഷ്ണന്‍ നടത്തിയിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ട് നാലാം ദിവസമാണു ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. പരാതി വൈകിയതും പൊലീസ് സംശയത്തോടെ കാണുന്നു.
ഒക്ടോബര്‍ 30നാണ് കെ ഗോപാലകൃഷ്ണന്‍ അഡ്മിനായി ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചത്. ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദമായതോടെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന്‍ പരാതി നല്‍കി. തെളിവായി മുസ്ലിം ഗ്രൂപ്പും ഉണ്ടാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം തന്നെ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദീപാവലി ദിവസം ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് താന്‍ അഡ്മിന്‍ ആയി വാട്സാപ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണ് ഗോപാലകൃഷ്ണന്റെ മൊഴി. ആദ്യം പേടിച്ചുപോയെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെന്നും പറഞ്ഞ അദ്ദേഹം, പിന്നീട് ഓണ്‍ ചെയ്ത് ഗ്രൂപ്പുകള്‍ നീക്കംചെയ്തുവെന്നും മൊഴി നല്‍കി. ഹിന്ദു, മുസ്ലിം എന്നീ പേരുകളിലടക്കം ഒട്ടേറെ ഗ്രൂപ്പുകളുണ്ടായിരുന്നു. അതില്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്തിരുന്നു. എത്ര ഗ്രൂപ്പുകളുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം മൊഴി നല്‍കി.
#WhatsAppControversy, #KeralaIAS, #Cybercrime, #PoliceInvestigation, #Meta, #Gopalakrishnan