Republic Day | ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെ; റിപ്പബ്‌ളിക് ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

 
Republic Day Wishes by Chief Minister Pinarayi Vijayan and Speaker A N Shamseer
Republic Day Wishes by Chief Minister Pinarayi Vijayan and Speaker A N Shamseer

Photo Credit: Facebook/Pinarayi Vijayan, A N Shamseer

● ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നല്‍കാന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. 
● മൂല്യങ്ങളും പാരമ്പര്യവും ഓരോ ഇന്ത്യക്കാരനും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുന്ന ദിനം.
● സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലര്‍ത്താന്‍ കഴിയണം.

തിരുവനന്തപുരം: (KVARTHA) റിപ്പബ്‌ളിക് ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുന്നു. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോര്‍ത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിനു രൂപം നല്‍കാന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കു സാധിച്ചു. ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓര്‍മ്മിപ്പിക്കുന്നത്. 

സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന  സമൂഹമായി ഉത്തരോത്തരം വളരാന്‍ നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ  പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാമെന്നും എല്ലാവര്‍ക്കും റിപ്പബ്‌ളിക് ദിനാശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നിയമസഭാ സ്പീക്കറുടെ റിപ്പബ്ലിക് ദിന സന്ദേശം 

സ്വതന്ത്ര പരമാധികാര റിപ്പബ്ലികായിരിക്കുന്ന ഇന്ത്യയുടെ നട്ടെല്ല് എന്നത് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയാണെന്ന് നമുക്കറിയാം. ഇന്ത്യയിലെ ജനങ്ങള്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച ആ ഭരണഘടന, ഇന്ത്യയെ ഒരു രാഷ്ട്രീയശക്തിയായി കാക്കുന്നു എന്നു മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തെ സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

ഒരു മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ ത്തുന്നതും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജനങ്ങള്‍ക്കിടയില്‍ ഉറപ്പാക്കുന്നതും ഇന്ത്യന്‍ ഭരണഘടനയാണ്. മതേതരത്വവും സോഷ്യലിസവും  ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. 

മതേതരത്വത്തെയും സോഷ്യലിസത്തെയും പ്രീയാമ്പിളില്‍ നിന്ന് നീക്കം ചെയ്ത്, മൗലികമായ മനുഷ്യാവകാശങ്ങളും മാനവികമുല്യങ്ങളും ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടനയുടെ കെട്ടുറപ്പ് ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന ഇക്കാലത്ത്, റിപ്പബ്ലിക് ദിനം ആഘോഷിക്കുക എന്നതിന് ഭരണഘടനയെ സംരക്ഷിക്കുകയും നാളേയ്ക്കായി കാത്തുവയ്ക്കുകയും ചെയ്യുക എന്ന അര്‍ത്ഥം കൂടിയുണ്ട്.

ഭരണഘടന നിര്‍മ്മാണ സമിതി എത്രയോ നാളത്തെ അശ്രാന്ത പരിശ്രമം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് നമ്മുടെ ഭരണഘടന എന്ന് നമ്മളോര്‍ക്കേണ്ടതുണ്ട്. അംബേദ്കറടക്കമുള്ള ദേശീയ നേതാക്കള്‍, ദാക്ഷായണി വേലായുധനടക്കമുള്ള മലയാളികളായ അംഗങ്ങള്‍ ഇവരോടെല്ലാമുള്ള ആദരവ് പ്രകടിപ്പിക്കുക കൂടിയാണ് ഈ ദിനാഘോഷത്തിന്റെ ഉദ്ദേശം. 

അതുകൊണ്ടാണ് കേരള നിയമസഭ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഡിബേറ്റ്സ് മുഴുവന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത്, അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ചത്. ആ പ്രവൃത്തികള്‍ അതിന്റെ അന്തിമഘട്ടത്തിലാണ് എന്ന സന്തോഷം കൂടിയുണ്ട് ഈ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍.

ഇന്ത്യയുടെ സമത്വസാഹോദര്യങ്ങളെയും സ്വാതന്ത്ര്യത്തെയും ഇന്ത്യയുടെ വൈവിദ്ധ്യപൂര്‍ണമായ പാരമ്പര്യത്തെയും നിലനിരത്തുന്ന ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഓരോ പൗന്റെയും ഉത്തരവാദിത്തമാണെന്നോര്‍മ്മിപ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

On Republic Day, CM Pinarayi Vijayan highlights the significance of the Constitution and urges citizens to uphold equality, justice, and secularism.

#RepublicDay, #Constitution, #PinarayiVijayan, #India, #Democracy, #75Years, # A N Shamseer, #Speaker

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia