തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: ആദ്യ ഫലം 8:30 ന് അറിയാം; വിജയാഹ്ലാദ പ്രകടനങ്ങളിൽ മിതത്വം പാലിക്കണമെന്ന് കമ്മിഷൻ; പെരുമാറ്റച്ചട്ടം ഡിസംബർ 18 വരെ നിലനിൽക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ലീഡ് നിലയും ഫലവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 'ട്രെൻഡ്' പോർട്ടലിൽ തത്സമയം അറിയാം.
● 2025 ലെ തിരഞ്ഞെടുപ്പിൽ 2,10,79,609 വോട്ടർമാർ വോട്ട് ചെയ്തു, ഇത് മുൻ തിരഞ്ഞെടുപ്പിനേക്കാൾ അധികമാണ്.
● സംസ്ഥാനത്ത് 73.69 ശതമാനം പോളിങ് രേഖപ്പെടുത്തി; വയനാടാണ് പോളിങ്ങിൽ മുന്നിൽ.
● വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും.
തിരുവനന്തപുരം: (KVARTHA) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ശനിയാഴ്ച (ഡിസംബർ 13) സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും.
ഫലമറിയാൻ കേരളം ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സ്ഥാപനങ്ങളിലെ വോട്ടെണ്ണൽ അതത് ബ്ലോക്ക്-സ്ഥാപന തലങ്ങളിലെ കേന്ദ്രങ്ങളിലാണ് നടക്കുന്നത്.
ഇതുകൂടാതെ, 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളിലും എണ്ണുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റൽ ബാലറ്റുകൾ വരണാധികാരിയുടെ ടേബിളിൽ ആദ്യം എണ്ണിത്തുടങ്ങും.
തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും.
സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിങ് ഏജൻ്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണൽ നടക്കുക.
വോട്ടെണ്ണൽ ആരംഭിക്കുന്നതിനുമുമ്പ്, കൗണ്ടിങ് ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് നടപടികൾ ആരംഭിക്കുന്നത്.
ലീഡ് നിലയും ഫലവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 'ട്രെൻഡ്' (TREND) എന്ന പോർട്ടലിൽ തത്സമയം അറിയാൻ കഴിയും.
ആദ്യഫലം രാവിലെ 8:30 നും പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും.
വിജയാഹ്‌ളാദ പ്രകടനങ്ങളിൽ മിതത്വം പാലിക്കണം
തിരഞ്ഞെടുപ്പ് ഫലം വരുന്നതിനോടനുബന്ധിച്ചുള്ള വിജയാഹ്‌ളാദ പ്രകടനങ്ങളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.
ഹരിതച്ചട്ടവും, ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്‌ളാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണമെന്നും കമ്മീഷൻ അറിയിച്ചു.
ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 'ട്രെൻഡ്' വെബ്‌സൈറ്റിൽ നിന്നും തത്സമയം അറിയാൻ സാധിക്കും.
https://trend(dot)sec(dot)kerala(dot)gov(dot)in, https://lbtrend(dot)kerala(dot)gov(dot)in, https://trend(dot)kerala(dot)nic(dot)in എന്നീ വെബ് സൈറ്റുകളിലാണ് തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകുന്നത്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം സൈറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.
ഓരോ ബൂത്തിലെയും സ്ഥാനാർത്ഥികളുടെ വോട്ടുനില അപ്പപ്പോൾ തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസിലാക്കാനും സൗകര്യമുണ്ട്.
മാധ്യമങ്ങൾക്കു വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ്: ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഇത്തവണയാണ് ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്ന 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ 2,10,79,609 വോട്ടർമാരാണ് വോട്ട് ചെയ്തത്.
2020 ലെ തിരഞ്ഞെടുപ്പിൽ 2,10,05,743 വോട്ടർമാരായിരുന്നു വോട്ട് ചെയ്തിരുന്നത്.
മുൻ തിരഞ്ഞെടുപ്പിൽ നിന്നും 73,866 വോട്ടുകളാണ് അധികമായി ഇത്തവണ പോൾ ചെയ്തത്.
ഇതുകൂടാതെ പോസ്റ്റൽ ബാലറ്റുകൾ വഴി ചെയ്ത വോട്ടുകൾ കൂടി കണക്കാക്കേണ്ടതുണ്ട്.
വോട്ടിംഗ് ശതമാനത്തിലും 2025-ൽ കുറവുണ്ടായില്ല.
ആകെ 73.69 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.
വയനാട് (78.29%), മലപ്പുറം (77.37%), കോഴിക്കോട് (77.27%) എന്നീ ജില്ലകളാണ് പോളിങ് ശതമാനത്തിൽ മുന്നിൽ.
തിരുവനന്തപുരം (67.47%), പത്തനംതിട്ട (66.78%) എന്നീ ജില്ലകളിലാണ് പോളിങ് ശതമാനം കുറവ്.
കോർപ്പറേഷനുകളിൽ കണ്ണൂർ (70.33%), കോഴിക്കോട് (69.55%) എന്നിവയാണ് മുന്നിൽ.
തിരുവനന്തപുരം കോർപ്പറേഷനിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (58.29%).
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 40.42% പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
വോട്ടർമാരുടെ എണ്ണത്തിലും 2025-ൽ വർധനയുണ്ടായി.
2,86,07,658 സമ്മതിദായകരാണ് വോട്ടർപ്പട്ടിക പ്രകാരമുള്ളത്. 2020-ൽ ഇത് 2,76,56,910 ആയിരുന്നു.
പോളിങ് ശതമാനം (1995-2025) ഒറ്റനോട്ടത്തിൽ
| വർഷം | വോട്ടർമാരുടെ എണ്ണം | പോൾ ചെയ്ത വോട്ടുകൾ | വോട്ടിംഗ് ശതമാനം |
| 2025 | 28607658 | 21079609 | 73.69 |
| 2020 | 27656910 | 21005743 | 75.95 |
| 2015 | 25108536 | 19524397 | 77.76 |
| 2010 | 24012535 | 18326367 | 76.32 |
| 2005 | 23705440 | 16984236 | 70.35 |
| 2000 | 22504328 | 14873110 | 66.09 |
| 1995 | 20508855 | 15074169 | 73.5 |
ജില്ലാ അടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം (2025)
| ജില്ല | പോൾ ചെയ്ത വോട്ടുകൾ | പോൾ ശതമാനം |
| തിരുവനന്തപുരം | 1965363 | 67.47% |
| കൊല്ലം | 1597925 | 70.35% |
| പത്തനംതിട്ട | 709669 | 66.78% |
| ആലപ്പുഴ | 1330558 | 73.82% |
| കോട്ടയം | 1163010 | 70.86% |
| ഇടുക്കി | 654684 | 71.78% |
| എറണാകുളം | 1989428 | 74.57% |
| തൃശൂർ | 1996347 | 72.48% |
| പാലക്കാട് | 1855982 | 76.27% |
| മലപ്പുറം | 2800039 | 77.37% |
| കോഴിക്കോട് | 2072976 | 77.27% |
| വയനാട് | 506823 | 78.29% |
| കണ്ണൂർ | 1603882 | 76.8% |
| കാസർഗോഡ് | 832923 | 74.89% |
നിങ്ങളുടെ തദ്ദേശ സ്ഥാപനത്തിന്റെ വിധി മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം; വാർത്ത ഷെയർ ചെയ്യുക.
Article Summary: Kerala Local Body Election counting starts Saturday 8 AM across 244 centres; high voter turnout recorded; results live on Trend portal.
#KeralaElection #LocalBodyPolls #CountingDay #ElectionResults #TrendPortal #VoterTurnout
