Surprise | യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഷ; എന്നാലത് ഹിന്ദി അല്ല!
● പെന്‍സില്‍വേനിയയില്‍ ഇരുവരും പങ്കെടുത്തത് 5 പൊതുയോഗങ്ങളില്‍.
● നിയമപരമായ ആവശ്യകതയാലാണ് ഈ ഭാഷ ഉള്‍പ്പെടുത്തിയത്.
● ഇംഗ്ലീഷ് കൂടാതെ 4 ഭാഷകളില്‍ തിരഞ്ഞെടുപ്പ് സേവനം നല്‍കേണ്ടതുണ്ട്.
ന്യൂയോര്‍ക്ക്: (KVARTHA) യുഎസിന്റെ 47-ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക (US Election) പോളിങ് ബൂത്തുകളിലേക്ക് കടക്കുകയാണ്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്.
പെന്‍സില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും. അഞ്ചോളം പൊതുയോഗങ്ങളിലാണ് പെന്‍സില്‍വേനിയയില്‍ ഇരുവരും പങ്കെടുത്തത്. ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.
ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്. വാശിയേറിയ കമല ഹാരിസ് ഡോണള്‍ഡ് ട്രംപ് പോരാട്ടത്തില്‍ വിധിയെഴുതാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞ വേളയില്‍ ബാലറ്റ് പേപ്പറിലെ ഭാഷകള്‍ ഏതെല്ലാമെന്ന ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിലെ ഏക ഇന്ത്യന്‍ ഭാഷയും ചര്‍ച്ചയാകുകയാണ്. എന്നാലത് ഹിന്ദി അല്ല എന്നുള്ളതാണ് വാസ്തവം. തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായ ഇന്ത്യന്‍ സമൂഹത്തിന്റെ മറ്റ് ഏത് ഭാഷയായിരിക്കാം ബാലറ്റില്‍?
വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ സമൂഹങ്ങള്‍ യുഎസില്‍ താമസിക്കുന്നുണ്ടെങ്കിലും ബാലറ്റ് പേപ്പറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരൊറ്റ ഭാഷയേയുള്ളൂ.. അത് ബംഗാളിയാണ്. നിയമപരമായ ആവശ്യകതയാലാണ് ബാലറ്റ് പേപ്പറുകളില്‍ ബംഗാളി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
200ലേറെ ഭാഷകള്‍ സംസാരിക്കപ്പെടുന്നുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിറ്റി പ്ലാനിങ് പറയുന്ന ന്യൂയോര്‍ക്കില്‍ ഇംഗ്ലീഷ് കൂടാതെ മറ്റു നാല് ഭാഷകള്‍ മാത്രമേയുള്ളൂ. ഇംഗ്ലീഷ് കൂടാതെ മറ്റ് നാല് ഭാഷകളില്‍ തിരഞ്ഞെടുപ്പ് സേവനം നല്‍കേണ്ടതുണ്ടെന്നും ഏഷ്യന്‍ ഭാഷകളായി ചൈനീസ്, സ്പാനിഷ്, കൊറിയന്‍, ബംഗാളി എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍ പറഞ്ഞു.
2013ല്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് പ്രദേശത്തെ ദക്ഷിണേഷ്യന്‍ സമൂഹമാണ് ആദ്യമായി ബാലറ്റുകള്‍ ബംഗാളിയിലേക്കു വിവര്‍ത്തനം ചെയ്തത്. 1965ലെ വോട്ടവകാശ നിയമത്തിലെ വ്യവസ്ഥപ്രകാരം ദക്ഷിണേഷ്യന്‍ ന്യൂനപക്ഷങ്ങള്‍ക്കു ഭാഷാസഹായം നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞാണു ബാലറ്റില്‍ ബംഗാളി ഭാഷ കൂട്ടിച്ചേര്‍ത്തത്. ഇന്ത്യ, ബംഗ്ലദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു വരുന്നവരെയാണു ബംഗാളി സംസാരിക്കുന്ന ജനസംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
#USElections #IndianDiaspora #BengaliLanguage #USVotingRights #NewYork