ഇസ്രയേൽ ആക്രമണം ഉടൻ നിർത്തണം; ഹമാസിന്റെ സമാധാന നീക്കത്തെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡൻ്റ് ട്രംപ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് വിശ്വസിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
● ബന്ദികളെ വിട്ടയയ്ക്കാമെന്നും ഗാസയുടെ ഭരണം കൈമാറാമെന്നും ഹമാസ് സമ്മതം അറിയിച്ചു.
● മറ്റ് ഉപാധികളിൽ കൂടുതൽ ചർച്ച വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
● ഞായറാഴ്ച വൈകിട്ട് ആറിനകം കരാർ അംഗീകരിക്കണമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു.
വാഷിങ്ടൺ: (KVARTHA) ഗാസയിലെ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിന്റെ നടപടിയോട് പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചു.

'ഹമാസ് ഇപ്പോൾ ഇറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, അവർ ശാശ്വത സമാധാനത്തിന് തയ്യാറാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്', ട്രംപ് പറഞ്ഞു. 'ഗാസയിൽ ബോംബാക്രമണം നടത്തുന്നത് ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം. എന്നാലേ ബന്ദികളെ പെട്ടെന്നും സുരക്ഷിതമായും തിരികെ ലഭിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ചെയ്യുക അസാധ്യമാണ്. ഇത് ഗാസയെക്കുറിച്ച് മാത്രമല്ല, മധ്യപൂർവദേശത്തിന്റെ ആകെ സമാധാനത്തിനു വേണ്ടിയുള്ളതാണ്', ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ വീഡിയോ പ്രതികരണം ഉടൻ
ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളിൽ ചർച്ച വേണമെന്ന ഹമാസിന്റെ ആവശ്യത്തെക്കുറിച്ച് ട്രംപ് തൽക്കാലം പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ നിർദേശങ്ങളിലുള്ള സമ്പൂർണ പ്രതികരണം ഉൾക്കൊള്ളിക്കുന്ന വിഡിയോ ട്രംപ് ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ക്യാമറയ്ക്കു മുന്നിൽ ട്രംപ് സംസാരിക്കുന്ന ചിത്രം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബന്ദികളെ വിട്ടയക്കാം; ഹമാസ് സമ്മതിച്ചു
ഇസ്രയേൽ-ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ചാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനും ഹമാസ് സമ്മതം അറിയിച്ചു. ബന്ദികളെ പൂർണ്ണമായി കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ്, മറ്റ് ഉപാധികളിൽ കൂടുതൽ ചർച്ച വേണമെന്നും അറിയിച്ചു.
ഞായറാഴ്ച (05.10.2025) വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം മുച്ചൂടും മുടിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും ഉൾപ്പെടെ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഒക്ടോബർ 2023-ലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ ഇത് നിർണ്ണായകമായ വഴിത്തിരിവാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ പദ്ധതിയിലെ നിർദ്ദേശങ്ങൾ
ഗാസയുടെ ഭരണം 'സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ' (Technocrats) പലസ്തീൻ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിർദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. അടിയന്തര വെടിനിർത്തൽ, ബന്ദി-തടവുകാരുടെ പൂർണ്ണമായ കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കുക തുടങ്ങിയവയാണ് ട്രംപിന്റെ സമാധാന പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ.
ഇസ്രയേൽ ആക്രമണം നിർത്തണമെന്ന ട്രംപിൻ്റെ ആവശ്യത്തെ നിങ്ങൾ എങ്ങനെ കാണുന്നു? അഭിപ്രായം രേഖപ്പെടുത്തുക.
Article Summary: US President Donald Trump welcomes Hamas's conditional acceptance of the Gaza peace plan and urges Israel to immediately stop bombing.
#Trump #Hamas #IsraelGazaWar #PeacePlan #Ceasefire #MiddleEast