Election | പാലക്കാട് മണ്ഡലം ബിജെപിക്ക് തളികയില്‍ വച്ച് കൊടുക്കുന്നതാര്?


● പാലക്കാട്ടെ മുസ്ലിം വോട്ടുകൾ തീനിർണായകമാണ്
● നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ 2026-ലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും
● 2021ൽ ബിജെപി രണ്ടാമതും, സിപിഎം മൂന്നാമതുമാണ്
ആദിത്യൻ ആറന്മുള
(KVARTHA) പാലക്കാട് നിയസഭാ മണ്ഡലത്തില്‍ കഴിഞ്ഞ കുറേ കൊല്ലങ്ങളായി കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോര്. സിപിഎം അവിടെ മൂന്നാം സ്ഥാനത്താണ്. ബിജെപി തുടര്‍ച്ചയായി വളര്‍ച്ച കാണിക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ് പാലക്കാട്. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഈ മണ്ഡലം കാവിയിലേക്ക് ചാഞ്ഞ് തുടങ്ങിയിരുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ 19 ശതമാനം വോട്ട് ബിജെപി ഇവിടെ നേടിയിരുന്നു. 2016ല്‍ ക്രൗഡ് പുള്ളര്‍ ശോഭാ സുരേന്ദ്രനാണ് മത്സരിച്ചത്. അന്ന് 11 ശതമാനം വോട്ടാണ് വര്‍ദ്ധിപ്പിച്ചത്. മാത്രമല്ല ശോഭ രണ്ടാം സ്ഥാനത്തുമെത്തി. മൊത്തം വോട്ട് ശതമാനം 30 ആവുകയും ചെയ്തു.
സിപിഎം പടവലങ്ങ പോലെ താഴേക്ക് വളരുകയും ചെയ്തു. 2021ല്‍ ഇ.ശ്രീധരനും ഷാഫി പറമ്പിലും തമ്മില്‍ കടുത്ത മത്സരമായിരുന്നു. സിപിഎം ചിത്രത്തിലേയില്ലായിരുന്നു. ഏതാണ്ട് മൂവായിരത്തിലധികം വോട്ടിനാണ് ഷാഫി വിജയിച്ചത്. കേരളത്തിലാദ്യമായി ബിജെപി ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയും പാലക്കാട് തന്നെ. 2015ല്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയും 2020ല്‍ ഒറ്റയ്ക്കും അവര്‍ മുന്‍സിപ്പാലിറ്റി ഭരണം പിടിച്ചെടുത്തു. അത് ചെറിയകാര്യമല്ല. ഇതൊക്കെ സിപിഎമ്മിനും അറിയാവുന്നതാണ്.
നിലവിലെ സാഹചര്യത്തില്‍ സിപിഎം കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി, ശക്തമായ മത്സരം നടത്തേണ്ടതാണ്. എന്നാല്‍ പി സരിനെ പോലൊരാളെ കളത്തിലിറക്കുന്നത് കുളംകലക്കാനാണെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ തവണ 28 ശതമാനം വോട്ട് കിട്ടിയതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. അതില്‍ നിന്ന് താഴേക്ക് പോകാനുള്ള നടപടികളാണ് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നതെന്ന സംശയമുണ്ട്.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 10 ശതമാനത്തിനടുത്താണ്. അത് മറികടക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തേണ്ടത്. അതല്ലാതെ നിലവിലെ വോട്ട് കുറഞ്ഞാല്‍ സിപിഎം വലിയ സംശയത്തിന്റെ നിഴലിലാകും. കാരണം സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്ന ആക്ഷേപം ശക്തമാണ്. പ്രത്യേകിച്ച് പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ കൂടെ പശ്ചാത്തലത്തില്‍.
തൃശൂര്‍ പൂരംകലക്കല്‍ വിവാദത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിക്കൂട്ടിലാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടാത്തതും ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് അറിഞ്ഞിട്ടും നടപടി എടുക്കാന്‍ വൈകിയതും മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കി. വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിച്ചിരുന്ന സിപിഎമ്മിനോട് അവര്‍ക്കുള്ള വിശ്വാസ്യത കുറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലടക്കം മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടിയിരുന്നു.
ഈ ഉപതെരഞ്ഞെടുപ്പില്‍ അതുണ്ടാവില്ല. അവര്‍ ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം നില്‍ക്കാനാണ് സാധ്യത. അല്ലെങ്കില്‍ സിപിഎം എന്തെങ്കിലും അത്ഭുതം കാണിക്കണം. സിപിഎമ്മിന് മാത്രമല്ല ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് കനത്ത വെല്ലുവിളിയാണ്. ചേലക്കരയില്‍ അവര്‍ക്ക് 15 ശതമാനം വോട്ടുണ്ട്. അതില്‍ കുറവ് വന്നാലും പ്രശ്‌നമാണ്. ബിജെപിക്കുവേണ്ടിയാണ് ശബരിമല വീണ്ടും വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നും എന്നാലത് തുടക്കത്തിലേ പാളിപ്പോയെന്നും ആരോപണങ്ങളുണ്ട്.
കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പൊലീസും പ്രോസിക്യൂഷനും ബിജെപി അനുകൂലനിലപാടാണ് സ്വീകരിച്ചത്. സുരേന്ദ്രനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് തന്നെ സിപിഎം-ബിജെപി ധാരണയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് തോന്നുന്നില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് 9000 വോട്ടിന്റെ ലീഡ് കിട്ടി. സിപിഎം ബിജെപിയേക്കാളും 9000 വോട്ടിന് പിന്നിലാണ്. അതുകൊണ്ട് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. അതിനിടയ്ക്ക് കോണ്‍ഗ്രസില്‍ കലഹമുണ്ടാക്കിയ പി.സരിനെ മത്സരപ്പിക്കുകയാണെങ്കില്‍ സിപിഎമ്മിനത് വലിയ തിരിച്ചടിയാകും. 2021ല്‍ സരിന്‍ ഒറ്റപ്പാലത്ത് മത്സരിച്ചിട്ട് 15,000 വോട്ടിന് പരാജയപ്പെട്ടിരുന്നു. സിപിഎമ്മിലെ തന്നെ നേതാവിനെ മത്സരിപ്പിച്ച് വിജയിക്കുക മാത്രമല്ല, രാഷ്ട്രീയ വിജയം നേടുക കൂടിയാണ് വേണ്ടത്. അത്തരത്തിലുള്ള നടപടികളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.
പാലക്കാട് 23 ശതമാനം മുസ്ലിം വോട്ടുണ്ട്. അതില്‍ പകുതിയെങ്കിലും ലഭിച്ചില്ലെങ്കില്‍ സിപിഎമ്മിന്റെ അവസ്ഥ ദയനീയമാകും. അതുപോലെ ചേലക്കരയില്‍ 25 ശതമാനം മുസ്ലിം വോട്ടുണ്ട്. അത് യുഡിഎഫിന് പോയാല്‍ അവിടെയും കഷ്ടത്തിലാകും. രണ്ട് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ സൂചനയായിരിക്കും.
രാഷ്ട്രീയമായും ഭരണപരമായും ഏറെ പ്രതിരോധത്തിലായ സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ്. പാര്‍ട്ടി നിലപാടില്‍ അടിയുറച്ച് മുന്നോട്ട് പോകാതെ പിടിച്ച് നില്‍ക്കാനാകില്ല. ബിജെപിയുമായുള്ള അന്തര്‍ധാര എന്നത് മുമ്പ് ആരോപണം ആയിരുന്നെങ്കില്‍ ഇന്നത് ശരിവയ്ക്കുന്ന പല നടപടികളും സര്‍ക്കാരില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഉണ്ടാകുന്നു. പൂരം കലക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ അത് കാണാം. തിരുത്തണം, ഇല്ലെങ്കില്‍ ജനം കൂട്ടത്തോടെ തിരിച്ചടിക്കുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം.
#PalakkadElections #CPM #BJP #KeralaPolitics #VoterDynamics #Election2024