ആതിരമാരുടെ നിഷ്‌കളങ്ക പ്രണയത്തെ പോലും തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കരുത്; ബ്ലോക്ക് സെക്രട്ടറിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറിയുടെ തിരുത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 16.07.2017) കാസര്‍കോട് പാലക്കുന്ന് കരിപ്പോടി കണിയംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര (23)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്റെ തിരുത്ത്. ശിവപ്രസാദിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, അതു ഡി വൈ എഫ് ഐയുമായി ചേര്‍ത്തു കെട്ടേണ്ടതില്ലെന്നും കെ മണികണ്ഠന്‍ കെവാര്‍ത്തയ്ക്ക് അയച്ചുതന്ന കുറിപ്പില്‍ വ്യക്തമാക്കി.

ആതിരമാരുടെ നിഷ്‌കളങ്ക പ്രണയത്തെ പോലും തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കരുത്; ബ്ലോക്ക് സെക്രട്ടറിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറിയുടെ തിരുത്ത്

ചിലര്‍ മതപരിവര്‍ത്തനത്തിനായി പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുകയാണെന്നും, പാലക്കുന്നില്‍ കാണാതായ പെണ്‍കുട്ടിയെ അന്യമതത്തില്‍ പെട്ട യുവാവിനൊപ്പം സുഖകരമല്ലാത്ത രീതിയില്‍ താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടൊപ്പം ആതിര ഐ എസില്‍ ചേര്‍ന്നതായി സംശയം എന്ന തരത്തില്‍ വന്ന പത്രവാര്‍ത്തയുടെ കട്ടിങും ചേര്‍ത്തിരുന്നു. കുറിപ്പ് നേതാക്കള്‍ ഇടപെട്ടതോടെ ശിവപ്രസാദ് പിന്‍വലിച്ചെങ്കിലും പിന്നീട് മറ്റൊരു പോസ്റ്റിലൂടെ താന്‍ ഉന്നയിച്ച വാദങ്ങള്‍ ന്യായീകരിച്ചതോടെയാണ് വിവാദമായത്. ഇതു കെവാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഡി വൈ എഫ് ഐയെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്ന തരത്തില്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് ശിവപ്രസാദിന് തിരുത്തുമായി ജില്ലാ സെക്രട്ടറി രംഗത്തു വന്നത്.

കെ മണികണ്ഠന്റെ കുറിപ്പ് ചുവടെ
ഫാസിസം അതിന്റെ നിരന്തരമായ ഇടപെടലില്‍, വളരെ ജൈവികമെന്ന് തോന്നിപ്പിക്കുന്ന നുണപ്രചാരണം വിദഗ്ദമായി നടത്തും. സാമൂഹ്യ വ്യവസ്ഥയില്‍ പ്രധാനമായ, അതിസൂക്ഷ്മ തലത്തില്‍ പോലും അത് ഭിന്നിപ്പ് സൃഷ്ടിക്കും. ആവാസം, ഭക്ഷണം, ഉടുപ്പ്, നടപ്പ്, ചിന്ത, പ്രണയം തുടങ്ങി നമ്മൊളൊക്കെ നിഷ്‌കളങ്കമെന്ന് തോന്നുന്ന ഇടങ്ങളിലെല്ലാം പിന്തിരിപ്പന്‍ ശക്തികള്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കിക്കൊണ്ടെയിരിക്കും.

നാം പലതരത്തിലും വേര്‍തിരിക്കപ്പെട്ടുവെന്ന പ്രചണ്ഡമായ പ്രചാരണം നടക്കുന്ന കാസര്‍കോട്ടെ വര്‍ത്തമാനകാലത്തില്‍, നമ്മുടെയിടയിലെ ഒരു സഹോദരിയുടെ പ്രണയം, പലതരത്തിലും ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. വിശുദ്ധമായ, മനോഹരമായ പലതരം വികാരങ്ങളാല്‍ പ്രചോദിതമാകേണ്ട പ്രണയം പോലും നമുക്ക് മുന്നില്‍ കാലുഷ്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുത്തിയതിന് ആരാണ് ഉത്തരവാദി?

ഉദുമയിലെ ശിവപ്രസാദിന്റെ എഫ് ബി പോസ്റ്റിന് പിറകെ, ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത തിടം കെട്ടിയ മനസ്സുമായി ചിലര്‍, നവമാധ്യമങ്ങളില്‍ പോരടിക്കുകയാണ്. ആദ്യം തന്നെ പറയട്ടെ, ശിവപ്രസാദിന്റെ പോസ്റ്റിന് ഡി വൈ എഫ് ഐയുമായി ചേര്‍ത്തുകെട്ടേണ്ടതില്ല. 'മതത്തിന് ഭീകരതയില്ല, ഭീകരതക്ക് മതമില്ല' എന്നതുതന്നെയാണ് ഡി വൈ എഫ ്‌ഐ ഉയര്‍ത്തിപ്പിടിക്കുന്ന വാദം. എല്ലാത്തരം വര്‍ഗീയതക്കും എതിരെ കുന്തമുനയായി പ്രവര്‍ത്തിക്കുന്ന യുവജനപോരാളികളാണ് ഞങ്ങള്‍. ശിവപ്രസാദിന്റെ വ്യക്തിപരമായ പോസ്റ്റിനെ ചാരി, ഉദാത്തമായ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഡി വൈ എഫ് ഐക്കെറിച്ചും ഇടതു മതേതര പുരോഗമന പ്രസ്താവനകളെക്കുറിച്ചും വിടുവായത്തം വിളമ്പുന്നവരോട് നല്ല സഹതാപം മാത്രമെ ഞങ്ങള്‍ക്കുള്ളൂ.

കിട്ടിയ സന്ദര്‍ഭം മുതലാക്കി, ഡി വൈ എഫ് ഐയെ പഴിചാരുന്നവരുടെ പോസ്റ്റിങുകള്‍ ശ്രദ്ധിച്ചാലറിയാം, അവരുടെ ഉന്നമെങ്ങോട്ടെന്ന്. കാസര്‍കോട്് ഗവ. കോളജിലെ ആതിരയെന്ന വിദ്യാര്‍ത്ഥിനിയുടെ തിരോധാനം സംബന്ധിച്ച് പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ അത്യന്തം ദൗര്‍ഭാഗ്യകരമാണ്. ആ കുടുംബത്തിനും നാട്ടുകാര്‍ക്കുമുള്ള ആശങ്കയുടെ നിജസ്ഥിതി ബോധ്യപ്പെടണം. അവള്‍ എവിടെയെന്നത് അടിയന്തരമായി കണ്ടെത്തണം. അതിനുപിന്നിലുള്ള വസ്തുതകള്‍ എന്താണെന്ന് പുറത്തുകൊണ്ടുവരണം. ഇതിന്റെ പേരില്‍ ഏതെങ്കിലും മതവിഭാഗത്തെ സംശയമുനയില്‍ നിര്‍ത്താനുള്ള സാമൂഹ്യമാധ്യമങ്ങളിലെ ശ്രമം ഡി വൈ എഫ് ഐ ശക്തമായി എതിര്‍ക്കുന്നു. മതത്തെ ദുര്‍വ്യാഖ്യാനിച്ച് നേട്ടം കൊയ്യുന്ന ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതകളാണ് ആതിരമാരുടെ നിഷ്‌കളങ്ക പ്രണയത്തെ പോലും തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നത്. ഒരേനാണയത്തിന്റെ രണ്ടുവശമാണ് ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതകള്‍. ഒരേ തൂവല്‍പക്ഷികള്‍. ഒന്ന് മറ്റൊന്നിന് എല്ലാക്കാലത്തും വളമാകുന്നു. അങ്ങനെ പരസ്പരം വളംവച്ചുകൊടുക്കുന്ന ഏര്‍പ്പാട് എന്തായാലും ഡി വൈ എഫ് ഐ ചെറുത്തുതോല്‍പിക്കുക തന്നെ ചെയ്യും.

ഘര്‍വാപസി, ഗോവധനിരോധനം തുടങ്ങിയ കാര്യത്തിലൂടെ സംഘപരിവാരവും ഐ എസ് പോലുള്ള റിക്രൂട്ട്‌മെന്റ വഴി മുസ്ലീം തീവ്രവാദ സംഘടനകളും ചെയ്യുന്നത് ഒരേകാര്യമാണ്. പറഞ്ഞുകേള്‍ക്കുന്നത് ശരിയാണെങ്കില്‍, ആതിരയും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇരയാണ്. അത്തരം ഇരയാക്കലിനെ ഡി വൈ എഫ ്‌ഐ എല്ലാക്കാലത്തും എതിര്‍ത്തിട്ടുണ്ട്. അഖ്‌ലാക്കിനെ തല്ലിക്കൊന്നവര്‍ക്ക് ഹിന്ദുമതവുമായി ബന്ധമില്ലാത്തതുപോലെ ഐ എസിലേക്ക് കൊണ്ടുപോയവര്‍ക്ക് മുസ്ലീം മതവുമായി ബന്ധമില്ലെന്നതു തന്നെയാണ് ഞങ്ങളുടെ നിലപാട്. ഘര്‍വാപസി എവിടെ നടന്നാലും ഐ എസ് റിക്രൂട്ട്‌മെന്റ് എവിടെ നടന്നാലും ആദ്യം എതിര്‍ക്കുക ഡി വൈ എഫ് ഐയാണ്. അത് യുപിയിലായാലും കാസര്‍കോട് ഗവ. കോളജിലായാലും.

പടന്ന, തൃക്കരിപ്പൂര്‍ ഭാഗത്തെ ഐ എസ് റിക്രൂട്ട്‌മെന്റ് സംഭവങ്ങളിലും കാസര്‍കോട് ചൂരിയില്‍ റിയാസ് മൗലവി വധത്തിലും ആദ്യം പ്രതിഷേധവും അന്വേഷണം ആവശ്യപ്പെട്ടതും ഡി വൈ എഫ് ഐയാണ്. ഇനിയും അത് തുടരും. ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളിലെ ഉമ്മാക്കി കാട്ടി, ഞങ്ങളെ വിരട്ടാന്‍ വര്‍ഗീയവാദികള്‍ വളര്‍ന്നിട്ടില്ല. മതം നോക്കാതെയുള്ള പ്രണയവും ജീവിതവും അവരവരുടെ വ്യക്തിപരമായ കാര്യമാണ്. സ്‌നേഹത്തിന്റെയും ഉയര്‍ന്ന മാനവികതയുടെയും തിളക്കമാര്‍ന്ന മത- മതരഹിത ജീവിതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവരാണ് ഞങ്ങള്‍. അവിടെ സംഘപരിവാറിനും ഇസ്ലാം തീവ്രവാാദ പ്രസ്ഥാനക്കാര്‍ക്കും എന്തുണ്ട് കാര്യം.

ഈ വിഷയത്തില്‍ ഇസ്ലാം സ്‌നേഹം വഴിഞ്ഞൊഴുകി ചിലര്‍ ഇടപെട്ടതായി കാണുന്നുണ്ട്. അവരൊക്കെ കാസര്‍കോട് ചൂരിയില്‍ റിയാസ് മൗലവി എന്ന പാവം, പള്ളിക്കകത്ത് കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നു? പോലീസിന്റെ അതിവേഗമുള്ള ഇടപെടലില്‍ അതിന്റെ പ്രതികളെ പിടകൂടി. അപ്പോഴും കാസര്‍കോട്ടെ മനസ്സിനെ അസ്വസ്ഥാമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചില വര്‍ഗീയവാദികള്‍ക്കെതിരെ തൂവവെള്ളക്കൊടിയും വീശി സമൂഹമനസാക്ഷിയെ ഉണര്‍ത്താന്‍ ഞങ്ങളുണ്ടായിരുന്നു. മധൂര്‍ ക്ഷേത്രം മുതല്‍ തളങ്കര പള്ളി വരെ ഞങ്ങളുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നാടിന് ശാന്തിമന്ത്രവുമായി മാര്‍ച്ച് ചെയ്തു. ഈ കേസില്‍ സംഘപരിവാര്‍ ക്രിമിനലുകളാണ് പ്രതിയെന്ന് ആദ്യം വിളിച്ചു പറഞ്ഞ പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ. അന്നും ഇന്നും ആര്‍ എസ് എസുകാരാണ് പ്രതിയെന്ന് വിളിച്ചു പറയാനുള്ള ധൈര്യം നവമാധ്യമങ്ങളിലെ 'മുസ്ലീം' സ്‌നേഹികള്‍ക്ക് കഴിഞ്ഞിട്ടില്ല.

രണ്ടുവര്‍ഷം മുമ്പ് കല്യോട്ട് എട്ടുവയസുകാരനെ ഒരുഹിന്ദു മതഭ്രാന്തന്‍ വെട്ടിയരിഞ്ഞപ്പോഴും അക്കാര്യം സമൂഹത്തോട് നിര്‍ഭയം വിളിച്ചുപറഞ്ഞതും ഞങ്ങളാണ്. അപ്പോഴൊന്നും നവമാധ്യമങ്ങളില്‍ വര കുറിക്കാത്ത കുത്തിത്തിരിപ്പുകാരാണ് ഡി വൈ എഫ് ഐയെ ഇപ്പോള്‍ മതേതരത്വം പഠിപ്പിക്കുന്നത്.

ഫാസിസത്തെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് പരിമിതയുണ്ടെന്ന് പറയുന്നവര്‍, തങ്ങളുടെ വാല് ആസനത്തില്‍ ചുരുട്ടിവച്ച് അവിടെ തന്നെ ഇരുന്നുകൊള്ളുക. ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അവന്റെ വ്യക്തിപരമായ അനുഭവത്തിന്മേല്‍ കുറിച്ച വാക്കുകള്‍, ഡി വൈ എഫ് ഐയുമായി ചേര്‍ത്തുകെട്ടേണ്ടതില്ല. അതിന്റെ പേരില്‍ വല്ല രാഷ്ട്രീയ - വര്‍ഗീയ ലാഭവും കൊയ്യാമെന്ന് നിങ്ങളൊന്നും ധരിക്കേണ്ടതുമില്ല. നിങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വര്‍ഗീയത ചുരത്തുന്ന മുദ്രാവാക്യം ചുരത്തിക്കൊണ്ടേയിരുന്നോളു... ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്, എല്ലാത്തരം വര്‍ഗീയതക്കും ഫാസിസത്തിനും എതിരെയുള്ള വെള്ളക്കൊടിയുമേന്തി...

Related News: 

ആതിരയുടെ തിരോധാനം: ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി; നേതാക്കള്‍ ഇടപെട്ടതോടെ പിന്‍വലിച്ചു, വിശദീകരണവുമായി വീണ്ടും നേതാവ് രംഗത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, DYFI, Leader, Facebook, Social Network, Controversy, Kerala, Trending, K Manikandan, Shivaprasad.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia