നിമിഷ പ്രിയ കേസ്: സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി തലാലിന്റെ സഹോദരൻ; 'മധ്യസ്ഥതയുടെ പേരിൽ പണം കവർന്നു'


●'നിമിഷ പ്രിയ മോചന വിഷയത്തിൽ ബന്ധപ്പെട്ടിട്ടില്ല'.
● ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തൽ.
● അഭിഭാഷകനല്ല, കൊലയാളിയുടെ കുടുംബ പ്രതിനിധിയെന്ന് വാദം.
● 40,000 ഡോളർ പുതിയതായി ശേഖരിച്ചുവെന്നും ആരോപണം.
സന: (KVARTHA) യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചന വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, കേസിൽ നിർണായകമായ തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സാമുവൽ ജെറോം മധ്യസ്ഥതയുടെ പേരിൽ പണം കവർന്നതായും, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തർജ്ജമ ചെയ്താണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
സാമുവൽ ജെറോം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസ്സേജ് പോലും അയയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് വിപരീതമായി എന്തെങ്കിലും തെളിയിക്കാൻ സാമുവൽ ജെറോമിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വധശിക്ഷയ്ക്ക് പ്രസിഡന്റ് അംഗീകാരം നൽകിയതിന് പിന്നാലെ താൻ അദ്ദേഹത്തെ സനായിൽ വെച്ച് കണ്ടുമുട്ടിയെന്നും, അന്ന് സാമുവൽ ജെറോം സന്തോഷത്തോടെ 'ഒരായിരം അഭിനന്ദനങ്ങൾ' എന്ന് പറഞ്ഞതായും കുറിപ്പിൽ വ്യക്തമാക്കുന്നു.
പിന്നീട് മണിക്കൂറുകൾക്ക് ശേഷം കേരള മാധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാമുവൽ ജെറോം 20,000 ഡോളർ ശേഖരിക്കാൻ അഭ്യർത്ഥിച്ച വിവരം അറിഞ്ഞതെന്നും ഫത്താഹ് മഹ്ദി പറയുന്നു. വർഷങ്ങളായി ഇയാൾ തങ്ങളുടെ 'ചിന്തിയ രക്തം' മധ്യസ്ഥത എന്ന പേരിൽ വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ ആരോപിച്ചു. തങ്ങൾക്ക് സത്യം അറിയാമെന്നും, സാമുവൽ ജെറോം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കിൽ സത്യം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം
'അത് അഭിഭാഷകൻ അല്ല, അവകാശപ്പെടുന്നത് പോലെ. സാമുവേൽ ജെറോം, Samuel Jerome, ഒരു മാധ്യമപ്രവർത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്, BBC ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകൻ അല്ല. വേദികളിൽ നടന്ന്, ദാനം ശേഖരിക്കുന്നു. 'മധ്യസ്ഥത' എന്ന പേരിൽ അനവധി പണം കവർന്നു, ഏറ്റവും പുതിയത് നാൽപ്പതിനായിരം ഡോളർ. അവനെ കാണാനായില്ല, കാണാനായില്ല, വിളിക്കാനായില്ല, സന്ദേശവും ഇല്ല ഈ വിഷയത്തിൽ; മറിച്ചു തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. പ്രസിഡന്റിന്റെ ശിക്ഷ നടപ്പിലാക്കലിന് അംഗീകാരം നൽകിയതിന് ശേഷം സനായിൽ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചു; അവൻ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ 'ഒരായിരം അഭിനന്ദനങ്ങൾ'! എന്ന് പറഞ്ഞു. പകുതി മണിക്കൂറുകൾക്കുള്ളിൽ കേരള സംസ്ഥാന മാധ്യമങ്ങൾ പരിശോധിക്കുമ്പോൾ പുതിയ വാർത്തയായിരുന്നു: തലാലിന്റെ കുടുംബത്തോടുള്ള മധ്യസ്ഥതയുടെ പേരിൽ ഇരുപതിനായിരം ഡോളർ ആവശ്യപ്പെട്ടിരിക്കുന്നു. വർഷങ്ങളായി 'മധ്യസ്ഥത' എന്ന പേരിൽ നമ്മുടെ രക്തം വ്യാപാരം ചെയ്യുന്നു. ആ മധ്യസ്ഥത ഞങ്ങൾ കേട്ടത് അദ്ദേഹത്തിന്റെ മാധ്യമ പ്രസ്താവനകളിൽ മാത്രം. നാം സത്യം അറിയുന്നു, അദ്ദേഹം കള്ളവും വഞ്ചനയും നിർത്തിയില്ലെങ്കിൽ നാം അത് തെളിയിക്കും.'
നിമിഷ പ്രിയ വിഷയത്തിലെ പുതിയ ആരോപണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Nimisha Priya case: Talal's brother alleges Samuel Jerome fraud.
#NimishaPriya #YemenJustice #SamuelJerome #TalalFamily #MediationFraud #KeralaNews