Praise | 'കത്തി കാട്ടിയപ്പോൾ തന്നെ മാറിക്കൊടുത്ത ബാങ്ക് മാനേജർ മരമണ്ടൻ അല്ല, എൻ്റെ ഹീറോ'; കാരണം പറഞ്ഞ് മുരളി തുമ്മാരുകുടി


● 'ബാങ്ക് മാനേജർ തന്റെ ജീവനക്കാരെയും ഉപഭോക്താക്കളെയും സംരക്ഷിച്ചു'
● 'കേരളത്തിൽ ഇത്തരം സംഭവങ്ങൾ അപൂർവമാണ്, പക്ഷെ അസംഭവ്യമല്ല'
● 'ബാങ്കുകൾ ജീവനക്കാർക്ക് നിർദേശങ്ങൾ നൽകണം'
തൃശൂർ: (KVARTHA) പോട്ട ഫെഡറൽ ബാങ്കിൽ 15 ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ പ്രതി റിജോ ആന്റണി ചോദ്യം ചെയ്യലിൽ ബാങ്ക് മാനേജർ 'മരമണ്ടൻ' ആണെന്നും കത്തി കാട്ടിയപ്പോൾ മാറിത്തന്നു എന്നും പൊലീസിനോട് പറഞ്ഞിരുന്നു. മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ പിന്മാറിയേനെ എന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി പല ആളുകളും രംഗത്ത് വന്നിട്ടുണ്ട്.
ഇതിനിടെ യുഎന്‍ മുന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി ബാങ്ക് മാനേജറെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബാങ്ക് മാനേജരെ പ്രശംസിച്ചു. കയ്യിൽ കത്തിയുമായി വന്ന കള്ളനെ എതിർക്കാതിരുന്ന മാനേജരാണ് തന്റെ ഹീറോയെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരു പോറൽ പോലും ഉണ്ടാക്കാതെ പ്രശ്നം അവസാനിപ്പിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വമ്പൻ പ്ലാനിംഗ്’ നടത്തി കത്തിയും മുഖംമൂടിയുമായി ബാങ്കിൽവന്ന് അക്രമം കാട്ടി പിന്നെ മൂന്നു റൗണ്ട് ഡ്രസ്സും മാറി കേരള പോലീസ് ഒരിക്കലും പിടിക്കില്ല എന്ന വിശ്വാസത്തിൽ വീട്ടിൽ കുടുംബസംഗമം ഒക്കെ നടത്തിയ 'മിടുമിടുക്കൻ' ആണ് ബാങ്ക് മാനേജറെ മണ്ടൻ എന്ന് വിളിക്കുന്നതെന്നും മുരളി തുമ്മാരുക്കുടി കുറിച്ചു. ഇതൊക്കെ വാർത്തയാക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും അസംഭവ്യമല്ലെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. എല്ലാ ബാങ്ക് ശാഖകളും ഈ വിഷയം ചർച്ച ചെയ്യണമെന്നും ഇത്തരം സാഹചര്യം എങ്ങനെ ഒഴിവാക്കാം, സംഭവിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ബാങ്ക് കോർപ്പറേറ്റ് മാനേജ്മെന്റ് എല്ലാ ബ്രാഞ്ചുകൾക്കും നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് കൊള്ളക്കാരുടെ അഭിപ്രായവും പൊതുബോധവുമല്ല സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആ ബെസ്റ്റ്!!
കയ്യിൽ കത്തിയുമായി വന്ന കള്ളനെ എതിർക്കാതിരുന്ന മാനേജർ ആണെന്റെ ഹീറോ. വാസ്തവത്തിൽ സ്റ്റാഫിനും കസ്റ്റമേഴ്സിനും ചെറിയൊരു പോറൽ പോലും ഉണ്ടാക്കാതെ പ്രശ്നം അവസാനിപ്പിച്ചതിന് അദ്ദേഹത്തെ അനുമോദിക്കുകയൊണ് വേണ്ടത്.
അദ്ദേഹത്തെ മണ്ടൻ എന്നു വിളിക്കുന്നതാര്? ‘വമ്പൻ പ്ലാനിംഗ്’ നടത്തി കത്തിയും മുഖംമൂടിയുമായി ബാങ്കിൽവന്ന് അക്രമം കാട്ടി പിന്നെ മൂന്നു റൗണ്ട് ഡ്രസ്സും മാറി കേരള പോലീസ് ഒരിക്കലും പിടിക്കില്ല എന്ന വിശ്വാസത്തിൽ വീട്ടിൽ കുടുംബസംഗമം ഒക്കെ നടത്തിയ ‘മിടുമിടുക്കൻ.’ ഇതൊക്കെ വാർത്തയാക്കുന്നവരെപ്പറ്റി എപ്പോഴും പറയാറുള്ളതുകൊണ്ട് ഇനി പറയുന്നില്ല. അമ്മാവന്റെ വടി ഒടിയുകയേ ഉള്ളൂ.
കേരളത്തിൽ ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്. പക്ഷെ അസംഭവ്യമല്ല.
കേരളത്തിലെ എല്ലാ ബാങ്ക് ശാഖകളും ഈ വിഷയം അടുത്തയാഴ്ച ചർച്ച ചെയ്യണം. ഇത്തരം സാഹചര്യം എങ്ങനെ ഒഴിവാക്കാം? ഇനി അഥവാ സംഭവിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യാം? ഇത്തരം സാഹചര്യം എങ്ങനെ നേരിടണമെന്ന് ബാങ്ക് കോർപ്പറേറ്റ് മാനേജ്മെന്റ് എല്ലാ ബ്രാഞ്ചുകൾക്കും നിർദ്ദേശം നൽകണം.
ബാങ്ക് കൊള്ളക്കാരുടെ അഭിപ്രായവും പൊതുബോധവുമല്ല സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനം.
മുരളി തുമ്മാരുകുടി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Murali Thummarukudy praises the bank manager who complied with an armed robber, prioritizing the safety of staff and customers. He criticizes the robber for calling the manager 'stupid' and emphasizes the need for banks to discuss and prepare for such situations.
#BankRobbery, #MuraliThummarukudy, #BankManager, #Kerala, #Safety, #Hero