Allegation | എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയതിന്റെ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് നശിപ്പിച്ചെന്നും യൂത്ത് കോണ്‍ഗ്രസ്; ആരോപണം നിഷേധിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍
● പോസ്റ്റുമോര്‍ട്ടം പരിയാരത്ത് നടത്തരുതെന്ന് ആവശ്യം.
● തെളിവുകള്‍ അട്ടിമറിക്കുമെന്നാണ് ആരോപണം.
● അന്വേഷണം ആദ്യ ഘട്ടത്തിലാണെന്ന് പൊലീസ്.
കണ്ണൂര്‍: (KVARTHA) താമസ സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു (Naveen Babu) ജീവനൊടുക്കിയതിന്റെ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് നശിപ്പിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭര്‍ത്താവ് പരിയാരത്ത് ജോലി ചെയ്യുന്നതിനാല്‍ തെളിവുകള്‍ അട്ടിമറിക്കുമെന്നാണ് ആരോപണം. പരാതിക്കാരന്‍ എകെജി സെന്റര്‍ സെക്രട്ടറി ബിജു കണ്ടക്കയുടെ ബന്ധുവും കൂടിയാണ്. അതുകൊണ്ട് പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടന്നാല്‍ സുതാര്യമാവില്ല. പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിലോ മറ്റ് എങ്ങോട്ടെങ്കിലുമോ മാറ്റണമെന്നും കെപിസിസി അംഗം റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. ദിവ്യ പറഞ്ഞപ്പോള്‍ നടക്കാത്ത കാര്യം മറ്റേതോ ഉന്നത സിപിഎം നേതാവ് പറഞ്ഞപ്പോള്‍ നടന്നതിലെ ഈഗോയാണ് ദിവ്യയുടെ നടപടിക്ക് കാരണമെന്നും റിജില്‍ പറഞ്ഞു.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ നിന്നോ വീട്ടില്‍ നിന്നോ അങ്ങനെയൊരു കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അത് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നും പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പ് വേളയില്‍ അഴിമതിയാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണം. നവീന്‍ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പിപി ദിവ്യ സ്ഥാനമൊഴിയണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കണ്ണൂരില്‍ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ്, ബിജെപി, ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. തെളിവുകള്‍ നശിപ്പിച്ചു കൊണ്ടാണ് മൃതദേഹം വീട്ടില്‍ നിന്നും കൊണ്ടുപോയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം തിങ്കളാഴ്ചത്തെ യാത്രയയപ്പ് കഴിഞ്ഞ് രാത്രി മലബാര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ചെങ്ങന്നൂരില്‍നിന്ന് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണ മരണ വിവരമറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ കണ്ണൂരില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കുന്നില്‍ നവീന്‍ താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയ ജില്ലാ കലക്ടറുടെ ഗണ്‍മാനാണ് അദ്ദേഹത്തെ തൂങ്ങി മരിച്ചനിലയില്‍ ആദ്യം കണ്ടത്.
വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കി നില്‍ക്കെയാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണം. സര്‍വീസിന്റെ അവസാന നാളുകള്‍ കുടുംബത്തിനൊപ്പം കഴിയാന്‍ ആഗ്രഹിച്ചിട്ടും നാടണയുന്നതിന് തൊട്ടുതലേന്ന് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയെന്ന വാര്‍ത്തയറിഞ്ഞ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നവീന്റെ ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാരാണ്. രണ്ടു പെണ്‍മക്കളും വിദ്യാര്‍ഥികളാണ്.
#NaveenBabu #KannurADM #death #controversy #Kerala #investigation #police #corruption