Allegation | നവീൻ ബാബുവിന്റെ മരണം: എംവി ഗോവിന്ദന്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്തിന്, സോളാര്‍ കേസ് കേന്ദ്ര ഏജൻസിക്ക് വിട്ടതെന്തിന്?
● എല്ലാ കേസുകളിലും സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് പറയാനാകില്ല.
● നവീന്‍ ബാബുവിന്റെ ഭാര്യയുടെയും പെണ്‍മക്കളുടെയും കണ്ണുനീര് കണ്ടില്ലെന്ന് നടിക്കരുത്.
● ജില്ലയില്‍ പലഭാഗത്തും നേതാക്കള്‍ ഇത്തരത്തില്‍ പമ്പുകള്‍ നടത്തുന്നു.
ദക്ഷാ മനു
(KVARTHA) ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ കേസ് പൊലീസ് അന്വേഷിച്ചിട്ടും യാതൊരു തെളിവും ലഭിക്കാതിരിക്കുകയും ഉന്നത ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തിട്ടും പിണറായി സര്‍ക്കാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടു. അതും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്. അന്ന് സിബിഐ കൂട്ടിലടച്ച തത്തയല്ലായിരുന്നു. പ്രധാനപ്പെട്ട രണ്ട് കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പെരിയ ഇരട്ടകൊലപാതക കേസാണ് അതിലൊന്ന്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടിവി രാജേഷിനും എതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
അതുകൊണ്ട് എല്ലാ കേസുകളിലും സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് പറയാനാകില്ല. പെരിയ കേസില്‍ സുപ്രീംകോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍, ഷുക്കൂറിന്റെ അമ്മയുടെ കണ്ണുനീര്‍ കാണാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് കേസ് കോടതി സിബിഐ അന്വേഷണത്തിന് വിട്ടത്. ഇവിടെ നവീന്‍ ബാബുവിന്റെ ഭാര്യയുടെയും പെണ്‍മക്കളുടെയും കണ്ണുനീര് കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ വീട്ടില്‍ ചെന്ന് ആ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ എന്തുകൊണ്ട് സിബിഐ അന്വേഷണത്തോട് മുഖംതിരിക്കുന്നു?
അത് പിപി ദിവ്യയെ മാത്രം രക്ഷിക്കാനാകുമെന്ന് കരുതുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കണ്ണൂരില്‍ പ്രശാന്തന്‍ തുടങ്ങാനിരിക്കുന്ന പെട്രോള്‍ പമ്പിന് പിന്നില്‍ സിപിഎമ്മിലെ ഉന്നതന്മാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. ജില്ലയില്‍ പലഭാഗത്തും നേതാക്കള്‍ ഇത്തരത്തില്‍ പമ്പുകള്‍ നടത്തുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
സിബിഐ വന്നാല്‍ പ്രശാന്തനും അയാളുടെ സാമ്പത്തിക ഇടപാടുകളും പ്രശാന്തന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആര്‍ക്ക് പരാതി നല്‍കിയതെന്നും അന്വേഷണം നടക്കും. സിപിഎമ്മിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും ചിലര്‍ക്ക് പിടിവീഴാന്‍ സാധ്യതയുണ്ടെന്നും അതിന്റെ വെപ്രാളമാണ് എംവി ഗോവിന്ദന്റെ പ്രതികരണത്തില്‍ കണ്ടതെന്നും പ്രതിപക്ഷം വിമർശിക്കുന്നു. ആന്തൂരില്‍ സാജന്‍ എന്നൊരു പ്രവാസി ഓഡിറ്റോറിയം പണിതശേഷം അതിന് ലൈസന്‍സ് ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവമുണ്ട്. അന്ന് നഗരസഭാ അധ്യക്ഷയായിരുന്നത് എംവി ഗോവിന്ദന്റെ ഭാര്യയാണ്.
അവര്‍ക്കെതിരെ വ്യാപക ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. പി.ജയരാജനുമായി വളരെ അടുപ്പമുണ്ടായിരുന്നത് കൊണ്ടാണ് സാജന് ലൈസന്‍സ് നല്‍കാതിരുന്നതെന്ന ആക്ഷേപം ഉണ്ടായിരുന്നു. സാജന്റെ മരണത്തെ തുടര്‍ന്ന് പി ജയരാജന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ആ കേസ് പിന്നീട് ഒന്നുമല്ലാതായി. പിപി ദിവ്യ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ഭാര്യ സ്വീകരിക്കാന്‍ പോയതില്‍ യാതൊരു അത്ഭുതവുമില്ല. ഇവരെല്ലാം ഒരേ തൂവല്‍പക്ഷികളാണ്. മനുഷ്യപക്ഷത്താണെന്ന് പറയുകയും സ്വന്തം സ്വാര്‍ത്ഥതകള്‍ക്കും തെറ്റുകള്‍ മറയ്ക്കാനും ഏതറ്റംവരെ പോവുകയും ചെയ്യുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പ്രത്യേക അന്വേഷണ സംഘം നടത്തുന്നതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. അത് സൂചിപ്പിക്കുന്ന പ്രസംഗങ്ങള്‍ എംവി ജയരാജനും എംവി ഗോവിന്ദനും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഈ വിഷയത്തില്‍ തുടക്കംമുതല്‍ മൗനംപാലിക്കുകയാണ്. എഡിഎം മരിച്ച് പത്ത് ദിവസത്തിന് ശേഷം നാട്ടുകാരെ ബോധിപ്പിക്കാന്‍ എന്തോ പറഞ്ഞതല്ലാതെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
റവന്യൂ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്മേലും നടപടി സ്വീകരിച്ചിട്ടില്ല. കണ്ണൂര്‍ കളക്ടറെ മുഖ്യമന്ത്രി സന്ദര്‍ശിച്ച ശേഷമാണ് അയാള്‍ നവീന്‍ബാബുവിനെതിരെ പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുമ്പോള്‍ സിബിഐ അന്വേഷണത്തെ പാര്‍ട്ടി എതിര്‍ക്കുന്നതോടെ അവര്‍ക്കെതിരെ മഞ്ജുഷയും കുടുംബവും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ബലപ്പെടുകയാണ്.
സിബിഐ അന്വേഷണം വരാതിരിക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. നിലവില്‍ കണ്ണൂര്‍ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതായത് കണ്ണൂരിലെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പൊറാട്ട് നാടകം. ദിവ്യയെ പാര്‍ട്ടി തരംതാഴ്തിയെങ്കിലും അവരെ സംരക്ഷിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഹൈക്കോടതി കേസ് ഡയറി പരിശോധിക്കുമ്പോള്‍ അന്വേഷണം ഏത് രീതിയിലാണെന്ന് വ്യക്തമാകും.
സംസ്ഥാന പൊലീസ് ഏത് രീതിയില്‍ അന്വേഷിച്ചാലും ഈ കേസില്‍ നവീന്‍ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കില്ലെന്ന് പൊതുസമൂഹം വിശ്വസിക്കുന്നുണ്ട്. കാരണം നവീന്‍ബാബുവിന്റെ കുടുംബം ഉയര്‍ത്തിയ സംശയങ്ങളെല്ലാം അവര്‍ക്കുമുണ്ട്. അത് ദുരൂഹരിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ വേണം. നവീന്‍ബാബുവിന്റെ കുടുംബത്തോട് കൊടുത്ത വാക്കിന് എന്തെങ്കിലും വില സിപിഎം കല്‍പ്പിക്കുന്നുണ്ടെങ്കില്‍ സിബിഐ അന്വേഷണത്തിന് തടസ്സം നില്‍ക്കരുത്.
#NaveenBabuCase, #CPM, #KeralaPolitics, #corruption, #investigation, #CBI