Polling Process | ചേലക്കരയിലും വയനാടും വോട്ടെടുപ്പ് ആരംഭിച്ചു; രാവിലെ ബൂത്തുകളില്‍ നീണ്ട ക്യൂ
● ചേലക്കര മണ്ഡലത്തില്‍ 6 സ്ഥാനാര്‍ഥികള്‍.
● പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ വാഹന സര്‍വീസ്.
● ദുരന്തമുണ്ടായ മേഖലയിലെ വോട്ടര്‍മാര്‍ക്കായി 3 ബൂത്തുകള്‍.
● പാലക്കാട് 20നാണ് വോട്ടെടുപ്പ്.
വയനാട്/ചേലക്കര: (KVARTHA) രാവിലെ 7 മണിക്ക് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. അതിനിടെ, വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ കാരണം വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 117 ആം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് തടസ്സപ്പെട്ടു. 23നാണ് വോട്ടെണ്ണല്‍.
ചേലക്കരയില്‍ 6 സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. വയനാട്ടില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ വോട്ടര്‍മാര്‍ക്കായി മൂന്ന് ബൂത്തുകള്‍ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ സൗജന്യ വാഹന സര്‍വീസ് ഏര്‍പ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിഞ്ഞതിനാലാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന മത്സരമാണിത്. വയനാട്ടിലെ മത്സരം പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധയിലാണ്. എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് ജയിച്ചതുകൊണ്ടാണ് ചേലക്കര പുതിയ എംഎല്‍എയെ തിരഞ്ഞെടുക്കുന്നത്.
പാലക്കാട് 20നാണ് വോട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവച്ചത്.
#WayanadBypolls #ChelakkaraBypolls #PriyankaGandhi #KeralaElections #PollingProcess #IndiaVotes