CM Pinarayi | തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും; പിഎസ്‌സിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി

 
Strict action will be taken against fraudsters; Don't defame PSC says  Chief Minister Pinarayi Vijayan, Strict Action, Fraudsters, Defame, PSC 
Strict action will be taken against fraudsters; Don't defame PSC says  Chief Minister Pinarayi Vijayan, Strict Action, Fraudsters, Defame, PSC 


രാജ്യത്ത് തന്നെ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന റിക്രൂടിംഗ് ഏജന്‍സിയാണ് കേരള പബ്ലിക് സര്‍വീസ് കമീഷന്‍. 

തിരുവനന്തപുരം: (KVARTHA) പി എസ് സി (Public Service Commission) അംഗത്വവുമായി  ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് (Complaint) ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ (Government) സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും  അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല. തട്ടിപ്പുകള്‍ (Farud) നാട്ടില്‍ പല തരത്തിലും നടത്താറുണ്ട്. പലരും തട്ടിപ്പുകള്‍ നടത്താന്‍ തയ്യാറാകാറുമുണ്ട്. ആ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ആ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. കടുത്ത നടപടിക്കു തന്നെ തയ്യാറാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ ഇതിന്റെ ഭാഗമായി കരി വാരി തേയ്ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

നിയമസഭയില്‍ പ്രതിപക്ഷ നേതാവ്  വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 1956 നു ശേഷം പ്രവര്‍ത്തിക്കുന്ന പി എസ് സിയില്‍ 1982 ല്‍ 9 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് 1983 ല്‍ 13 ഉം 1984 ല്‍ 15 ഉം ആയി. പിന്നീട് മാറ്റം വരുന്നത് 2005 ലാണ്, അത് 18 ആയി. 2013 ആയപ്പോള്‍ വീണ്ടും മാറ്റംവന്ന് 21 ആയി. ഈ പറഞ്ഞ വര്‍ഷങ്ങങളെല്ലാം യു ഡി എഫ് ഭരണകാലത്താണ്. ഇതേവരെ എല്‍ ഡി എഫ് സര്‍ക്കാര്‍ അംഗത്വത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. 2016 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ 21 അംഗങ്ങള്‍ വേണ്ടതുണ്ടോ എന്ന പരിശോധന നടന്നിരുന്നു. ധാരാളം റിക്രൂട്ട്‌മെന്റുകളും മറ്റും ഉണ്ടെന്ന വാദഗതി വന്നപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിച്ചു കൊടുക്കുന്ന നിലയാണുണ്ടായത്. ഞങ്ങള്‍ ഒരു എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടില്ല - മുഖ്യമന്ത്രി പറഞ്ഞു. 

പി എസ് സി അംഗങ്ങളായി നിയമിക്കപ്പെടുന്നവരെക്കുറിച്ച് പൊതുവില്‍ വലിയ ആക്ഷേപങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ നാം ഓര്‍ക്കേണ്ട കാര്യം, 2004 ല്‍ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയര്‍ന്നുവന്നിരുന്നു. അതില്‍ അന്തരിച്ചു പോയ കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, വക്കം പുരുഷോത്തമന്‍ എന്നിവരുടെയെല്ലാം പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍  ആ ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഇവിടെ നിയതമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്. സര്‍വ്വഥാ യോഗ്യരായ ഇത്തരമൊരു ഭരണഘടനാ സ്ഥാപനത്തിലിരിക്കാന്‍ അര്‍ഹതയുള്ള ആളുകളെ മാത്രം നിശ്ചയിക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള തെറ്റായ രീതികളോ ദു:സ്വാധീനങ്ങളോ ഉണ്ടാകുന്നില്ല എന്നത് ഉറപ്പിച്ചു തന്നെ പറയാനാകും. അതുകൊണ്ടുതന്നെ ഇതേവരെയുള്ള പി.എസ്.സിയുടെ പ്രവര്‍ത്തനമെടുത്ത് പരിശോധിച്ചാല്‍ നിയമിക്കപ്പെട്ട പി എസ് സി അംഗങ്ങളെക്കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പി എസ് സി അംഗങ്ങളുടെ നിയമനത്തെക്കുറിച്ച് മറ്റേതെങ്കിലും തരത്തിലുള്ള ആക്ഷേപമോ ഉയര്‍ന്നുവന്നിട്ടില്ല. ഭരണഘടന ഉറപ്പു നല്‍കുന്ന തരത്തിലുള്ള കൃത്യമായ ചുമതല ഇവര്‍ നിറവേറ്റുന്നുവെന്നാണ് നമുക്കു കാണാന്‍ കഴിയുന്ന വസ്തുത.

പ്രതിപക്ഷ നേതാവ് ഈ പ്രശ്‌നം ഇവിടെ ഉന്നയിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപോല്‍ബലകമായി വസ്തുത എന്തെങ്കിലും വേണമെന്നതിനാല്‍, ഇന്നു കാലത്ത് 8.21 ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നുപറഞ്ഞു ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. അതാണ് ആദ്യമായി കിട്ടിയ ഒരു പരാതി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പരാതിവേണമല്ലോ എന്ന കൃത്യമായ ധാരണയോടെ തയ്യാറാക്കിയതാണ് അതെന്ന്  ആര്‍ക്കും മനസ്സിലാകും.

രാജ്യത്ത് തന്നെ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതുവരെ യാതൊരു തരത്തിലുള്ള ബാഹ്യഇടപെടലും  ഉണ്ടായിട്ടില്ല എന്നത് അംഗീകരിക്കപ്പെട്ടതാണ്.  

ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനിലെ അംഗങ്ങളുടെയും ചെയര്‍മാന്റെയും നിയമനം 1957 ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (കോമ്പോസിഷന്‍ & കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസ് ഓഫ് മെമ്പേഴ്സ് & സ്റ്റാഫ്) റഗുലേഷന്‍സ് പ്രകാരമാണ്. അംഗങ്ങളുടെയും ചെയര്‍മാന്റെയും കാര്യത്തില്‍ മന്ത്രിസഭ പരിഗണിച്ച് നല്‍കുന്ന ശുപാര്‍ശകളില്‍ ബഹു. ഗവര്‍ണ്ണറുടെ അംഗീകാരത്തോടെയാണ് നിയമനം നടത്തുക.

കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പബ്ലിക് സര്‍വ്വീസുകളിലേക്കുള്ള നിയമനങ്ങള്‍ കമ്മീഷന്‍ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം കമ്മീഷന്‍ അതിന്റെ കര്‍ത്തവ്യങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വ്വഹിച്ചുവരികയാണ്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാധ്യമ വാര്‍ത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായി ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia