Speech | 'തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും പാര്‍ട്ടി നേതാക്കളുമായും ഉണ്ടായിരുന്നത് അത്ര അടുപ്പം'; പെരിയാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 
Pinarayi Vijayan Highlights Periyar's Ties with Tamil Nadu Communists
Pinarayi Vijayan Highlights Periyar's Ties with Tamil Nadu Communists

Photo Credit: Facebook/Pinarayi Vijayan

● തൊഴിലാളി പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഒപ്പം നിലകൊണ്ടു.
● ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നകന്നു. 
● പെരിയാര്‍ 'കുടി അരസു' എന്ന ഒരു പത്രം ആരംഭിച്ചിരുന്നു. 
● സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച് പെരിയാര്‍ അവിടെ മൂന്നു മാസം ചിലവഴിച്ചു. 

കോട്ടയം: (KVARTHA) പെരിയാറിന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും പാര്‍ട്ടി നേതാക്കളുമായും ഉണ്ടായിരുന്നത് അത്ര അടുപ്പമെന്ന് തന്തൈ പെരിയാര്‍ സ്മാരകത്തിന്റെയും പെരിയാര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനവും വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമാപന ആഘോഷവും നടത്തിയുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഏറെ സന്തോഷത്തോടെയാണ് വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി പ്രിയപ്പെട്ട തിരു സ്റ്റാലിന്‍ അവര്‍കളുടെ പങ്കാളിത്തം എന്റെ സന്തോഷം ഇരട്ടിപ്പിക്കുകയും ഈ പരിപാടിയുടെ മഹത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലാകെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ മുന്‍നിരയിലാണ് പെരിയാര്‍ എന്ന ഇ വി രാമസ്വാമി നായ്ക്കരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്നു വിളിക്കുന്നതുപോലെ തന്നെ ഇ വി ആറെ തമിഴരാകെ ആദരവോടെ പെരിയാര്‍ എന്നു വിളിക്കുന്നു. വലിയ മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന പെരിയ ആളാണ് പ്രയോഗത്തില്‍ ലോപിച്ച് പെരിയാര്‍ ആയി മാറിയത്.

സ്വാതന്ത്ര്യസമര പോരാളിയായിരുന്നു പെരിയാര്‍. ഗാന്ധിയന്‍ ചിന്താഗതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ പെരിയാര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നകന്നു. പുരോഗമന ചിന്താഗതിയുണ്ടായിരുന്ന പലരും കോണ്‍ഗ്രസ്സ് വിട്ട് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതും ചിലര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതുമെല്ലാം നമ്മുടെ എല്ലാം അറിവിലുള്ള കാര്യങ്ങളാണ്. പെരിയാറിന്റെ അനുഭവത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. കോണ്‍ഗ്രസ്സ് നേതാക്കള്‍ പലരും പുരോഗമന ചിന്തയല്ല, മറിച്ച് അധോഗമന ചിന്തയാണ് വച്ചു പുലര്‍ത്തുന്നത് എന്നതായിരുന്നു പെരിയാറിന്റെ പക്ഷം. 

ഏതായാലും പെരിയാര്‍ ക്രമേണ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഒപ്പം നിലകൊണ്ടു. 1925 ലെ നാഗപട്ടണത്തെ റെയില്‍വേ തൊഴിലാളികളുടെ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ പെരിയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തന്റെ സാമൂഹിക പരിഷ്‌ക്കരണ ശ്രമങ്ങള്‍ക്കു വലിയതോതില്‍ സഖ്യകക്ഷികളായി കമ്മ്യൂണിസ്റ്റുകാരെയാണ് അദ്ദേഹം കണ്ടത്. തമിഴ്‌നാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഉറ്റ ചങ്ങാത്തമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്, പ്രത്യേകിച്ച് സഖാക്കള്‍ എം സിംഗാരവേലുവും പി ജീവാനന്ദവുമായി. 1920 കള്‍ തൊട്ടിങ്ങോട്ട് അദ്ദേഹം ഇടതുപക്ഷ ആശയങ്ങളുമായി ചേര്‍ന്നുനിന്നിരുന്നു എന്ന വസ്തുത വിസ്മരിക്കാന്‍ കഴിയില്ല. 

Pinarayi Vijayan Highlights Periyar's Ties with Tamil Nadu Communists

1952 ല്‍ തമിഴ്‌നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ മികച്ച വിജയത്തിന്റെ പിന്നിലുള്‍പ്പെടെ പെരിയാറിന്റെ സ്വാധീനം പ്രകടമായിരുന്നു. അന്ന് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാവായത് അവിടുത്തെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് പി രാമമൂര്‍ത്തിയായിരുന്നു. പിന്നീട് സി പി ഐ എം രൂപീകൃതമായപ്പോള്‍ പി രാമമൂര്‍ത്തി പാര്‍ട്ടിയുടെ ആദ്യ പോളിറ്റ് ബ്യൂറോയിലെ 9 പേരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മിശ്ര വിവാഹത്തിന് അധ്യക്ഷത വഹിച്ചത് പെരിയാര്‍ ആയിരുന്നു. അത്ര അടുപ്പമായിരുന്നു പെരിയാറും തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും തമ്മിലുണ്ടായിരുന്നത്.

സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്നു പെരിയാര്‍ എന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. താന്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹികനീതിയുടെയും സ്വാഭിമാനത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പെരിയാര്‍ 'കുടി അരസു' എന്ന ഒരു പത്രം ആരംഭിച്ചിരുന്നു. സഖാവ് സിംഗാരവേലു അതില്‍ സ്ഥിരമായി എഴുതുമായിരുന്നു. തമിഴരുടെ ഇടയില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ അവതരിപ്പിച്ചുകൊണ്ട് 1931 ഒക്ടോബര്‍ 4 ന് 'കുടി അരസ' ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ മുഖപത്രത്തില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരുന്നത്. 

'സോഷ്യലിസം ആദ്യമായി പ്രാബല്യത്തില്‍ വന്നത് റഷ്യയിലാണ്. കാരണം, ലോകത്താകെയുള്ള സര്‍ക്കാരുകളില്‍ ഏറ്റവും സ്വേച്ഛാധിപത്യപരമായിരുന്നു അപ്പോഴത്തെ സാര്‍ ഭരണം. ആ യുക്തിക്കനുസരിച്ച് റഷ്യയിലല്ല, മറിച്ച് ഇന്ത്യയിലായിരുന്നു സോഷ്യലിസം പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. എന്നാല്‍, അത് തടയാന്‍ ഇന്ത്യയില്‍ നിരവധി ഗൂഢാലോചനകള്‍ ഉണ്ടായിട്ടുണ്ട്. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിവും വിദ്യാഭ്യാസവും ലോകപരമായ ജ്ഞാനവും സ്വാഭിമാനവും ഒക്കെ ആര്‍ജിക്കുന്നതിനുള്ള വഴികള്‍ തടയാനും അങ്ങനെ അവരെ പ്രാകൃതമായ അവസ്ഥയില്‍ നിലനിര്‍ത്താനും ഗൂഢാലോചനക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.' 

ഈ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള ഘട്ടത്തില്‍ സഖാവ് പി ജീവാനന്ദം തയ്യാറാക്കിയ മാനിഫെസ്റ്റോയുടെ തമിഴ് പരിഭാഷ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചതും 'കുടി അരസു' ആയിരുന്നു. തൊട്ടടുത്ത വര്‍ഷം, അതായത് 1932 ല്‍, പെരിയാര്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു. അവിടെ മൂന്നു മാസം ചിലവഴിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനെ കുറിച്ച് വലിയ മതിപ്പായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 

അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് നാലു ദശാബ്ദങ്ങള്‍ക്കു ശേഷം 1972 ല്‍, സോവിയറ്റ് യൂണിയനിലെ സോഷ്യലിസത്തിന്റെ നേട്ടങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഭ്രാവിഡ കഴകത്തിന്റെ പ്രസിദ്ധീകരണമായ 'ഉണ്‍മൈ'യില്‍ പെരിയാര്‍ ഇപ്രകാരമാണ് എഴുതിയത്. 'സോഷ്യലിസ്റ്റ് രാജ്യത്തില്‍ ഒരു മനുഷ്യനെയും ഉന്നതനായോ താഴ്ന്നവനായോ കരുതുന്നില്ല; ശ്രേഷ്ഠനുമില്ല, നികൃഷ്ഠനുമില്ല. എല്ലാവരും തുല്യരാണ്. തുല്യതയെ ഇത്രയേറെ പ്രശംസിക്കുന്ന ഒരാള്‍ എല്ലാവര്‍ക്കും വഴി നടക്കാന്‍ ഉള്ള സ്വാതന്ത്ര്യം വേണം എന്നു ചിന്തിക്കുകയും ആ തുല്യത നേടാനായി പൊരുതുകയും ചെയ്തതില്‍ ഒരു അത്ഭുതവുമില്ല. അതാണ് 1924 ല്‍ വൈക്കത്ത് നമ്മള്‍ കണ്ടത്.

വര്‍ണ്ണാശ്രമ ധര്‍മ്മത്തിന്റെ കാഴ്ചപ്പാടുകളില്‍ സമൂഹത്തില്‍ വ്യത്യസ്തമായ ശ്രേണികളുണ്ടായിരുന്നു. ജാതിയുടെയും ലിംഗത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളും അസമത്വങ്ങളും അതില്‍ അന്തര്‍ലീനമായിരുന്നു. അതുകൊണ്ടുതന്നെ ആര്‍ക്കെല്ലാമാണ് ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്നത് എന്നും ആര്‍ക്കെല്ലാമാണ് വഴി നടക്കാന്‍ സ്വാതന്ത്ര്യം ഉണ്ടാവേണ്ടത് എന്നും ഒക്കെയുള്ള വ്യവസ്ഥകള്‍ അതിന്റെ ഭാഗമായി ഉണ്ടായിരുന്നു. അത്തരം വ്യവസ്ഥകള്‍ക്ക് എതിരായുള്ള സമരമായി വൈക്കം സത്യഗ്രഹത്തെ കാണാന്‍ കഴിയും.

പ്രത്യയശാസ്ത്രങ്ങളും നിയമവും ധര്‍മ്മവുമെല്ലാം കാലത്തിന് അനുസൃതമായി നവീകരിക്കപ്പെടണം എന്നതായിരുന്നു പെരിയാറിന്റെ കാഴ്ചപ്പാട്. ഇന്നത്തെ ധര്‍മ്മം നാളത്തെ അധര്‍മ്മമായിരിക്കും എന്ന് പെരിയാര്‍ 'കുടി അരസു'വില്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പെരിയാര്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാട് സമധര്‍മ്മം എന്നതായിരുന്നു. ധര്‍മ്മത്തിന്റെ കാലാനുസൃതമായ നവീകരണത്തിനുള്ള ഉപാധിയായാണ് പെരിയാര്‍ സമധര്‍മ്മം എന്ന കാഴ്ചപ്പാടിനെ വിവക്ഷിച്ചത്.

അതിന്‍പ്രകാരം സ്വാഭിമാനവും സ്വാതന്ത്ര്യവും സമത്വവും ഒക്കെ ജാതിനിരപേക്ഷമായി ഓരോ വ്യക്തിക്കും അവകാശപ്പെട്ടതായിരുന്നു. സാമൂഹികനീതിയായിരുന്നു അതിന്റെ കേന്ദ്ര ബിന്ദു. സാമൂഹികശ്രേണികള്‍ ഇല്ലാതാകുന്നതും തുല്യതയും നീതിയും സംജാതമാകുന്നതുമായ അവസ്ഥയെയാണ് സമധര്‍മ്മം കൊണ്ട് താന്‍ ഉദ്ദേശിക്കുന്നത് എന്ന് പെരിയാര്‍ പ്രസംഗിച്ചിട്ടുണ്ട്. അത്തരമൊരു കാഴ്ചപ്പാട് മുന്‍നിര്‍ത്തിക്കൊണ്ടു തന്നെയാണ് പെരിയാര്‍ വൈക്കത്തെ സമരത്തിന്റെ ഭാഗമായത് എന്നതിലൊരു സംശയവുമില്ല. 

വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണര്‍ക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാര്‍. 'സത്യഗ്രഹത്തില്‍ പങ്കെടുത്ത ഞങ്ങളെല്ലാം ജയിലിലാണ്. അതിനാല്‍ താങ്കള്‍ ഉടനെ വൈക്കത്തു വന്ന് സത്യഗ്രഹം നയിക്കണം' - ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫും കേശവ മേനോനും പെരിയാര്‍ക്ക് എഴുതിയ കത്തില്‍ ഇപ്രകാരമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 

അങ്ങനെ 1924 ഏപ്രില്‍ 13 ന് പെരിയാര്‍ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അതോടെ ജനസാഗരം തന്നെ വൈക്കത്തേക്ക് ഒഴുകിയെത്തി.
തിരുവിതാംകൂര്‍ ഭരണസംവിധാനത്തിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് അരുക്കുറ്റിയിലെ  ജയിലിലാക്കി. അതറിഞ്ഞയുടന്‍ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് അവര്‍ സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി. നാഗമ്മയും വൈക്കത്ത് വന്ന് സത്യാഗ്രഹത്തിന് ഈതരത്തില്‍ നേതൃത്വം കൊടുക്കുകയായിരുന്നു. 

ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. പെരിയാറിന്റെ സാമൂഹ്യ ഇടപെടലുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ പെരിയാറെ കുറിച്ച് മാത്രം പരാമര്‍ശിച്ചാല്‍ പോരാ. പെരിയാറുടെ ഭാര്യ നാഗമ്മയെ കുറച്ചുകൂടി പറയേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ ജ്യോതിഭാ ഫൂലെയും സാവിത്രി ബായി ഫൂലെയും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയ്ക്ക് സമൂഹത്തില്‍ സംയുക്തമായി ഇടപെട്ടതു പോലെ തന്നെയാണ് തമിഴ്‌നാട്ടില്‍ പെരിയാറും നാഗമ്മയും ഇടപെട്ടത്. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനായും, അവര്‍ സ്വന്തം നിലയ്ക്ക് ഭര്‍ത്താക്കന്മാരെ തെരഞ്ഞെടുക്കുന്നതിനായും, അവര്‍ക്ക് വിവാഹമോചനം നേടാനായും ഒക്കെ പെരിയാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ചരിത്രപരമായിരുന്നു. പെരിയാറിന്റെ അത്തരം ഇടപെടലുകളിലെല്ലാം തുല്യ പങ്കാളിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ. ആ പങ്കാളിത്തം വൈക്കത്തും നമുക്കു കാണാന്‍ കഴിയും.

അരുക്കുറ്റിയില്‍ നിന്ന് ജയില്‍ മോചിതനായ പെരിയാര്‍ വീണ്ടും സത്യഗ്രഹത്തില്‍ സജീവമായതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കല്‍പിച്ചു. ഈ ഉത്തരവ് പെരിയാര്‍ ലംഘിച്ചതോടെ തിരുവിതാംകൂര്‍ ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. നേരത്തെ ഇവിടെ പ്രദര്‍ശനത്തില്‍ കണ്ടത് പോലെ, രാജാവിന്റെ മരണത്തോടനുബന്ധിച്ചാണ് പിന്നീട് പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പത്.

ഈ വിധത്തില്‍ ത്യാഗ്വോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാര്‍ നല്‍കിയത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേളയില്‍ വളരെ വിശദമായി തന്നെ ആ സമരത്തെക്കുറിച്ചും അന്നത്തെ രാഷ്ട്രീയ - സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും ഒക്കെ വിവരിച്ചതുകൊണ്ട് ഇപ്പോള്‍ അതിലേക്കു കൂടുതലായി കടക്കുന്നില്ല. ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ.

വൈക്കത്ത് അമ്പലത്തിനു ചുറ്റുമുള്ള വഴിയിലൂടെ നടക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് സ്വാഭാവികമായും ആ പ്രദേശത്തുള്ളവര്‍ക്കായിരുന്നു; അതായത് മലയാളികള്‍ക്കായിരുന്നു. എന്നാല്‍, ആ പ്രശ്‌നത്തെ കേവലം മലയാളികളുടെയോ തിരുവിതാംകൂറിന്റെയോ ഒക്കെ പ്രശ്‌നമായി ചുരുക്കി കാണുകയല്ല പെരിയാറും മറ്റു സമര നേതാക്കളും ചെയ്തത്. അതിനെ രാജ്യത്തിന്റെ ജനങ്ങളുടെയാകെ പ്രശ്‌നമായാണ് അവര്‍ കണ്ടത്. അതുകൊണ്ടാണ് ദേശീയ നേതാക്കള്‍ തന്നെ അതിന്റെ ഭാഗമായതും സിഖുകാര്‍ ഉള്‍പ്പെടെ സഹായവുമായി എത്തിയതും. ആ നിലയ്ക്ക്, അതിര്‍വരമ്പുകള്‍ക്കതീതമായ സഹവര്‍ത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തില്‍ നമ്മള്‍ കണ്ടത്.

ആ സഹവര്‍ത്തിത്വവും സഹകരണവും തുടര്‍ന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്‌നാടും ചെയ്യുന്നത്. കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ തമിഴ്‌നാടും തമിഴ്‌നാടിന്റെ പ്രശ്‌നങ്ങളില്‍ കേരളവും പരസ്പരം കെത്താങ്ങാവുന്നു. ആ നിലയ്ക്ക് സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നത്. അത് കേവലം വാക്കുകളില്‍ ഒതുങ്ങുന്ന സഹകരണമല്ല, മറിച്ച് പ്രവൃത്തിയില്‍ വെളിവാകുന്ന സഹകരണമാണ്.

ഈ വിധത്തിലുള്ള സഹകരണം കൂടുതല്‍ സംസ്ഥാനങ്ങളുടെ ഇടയില്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു മേല്‍, സവിശേഷമായി അവയുടെ സാമ്പത്തിക സ്വയംഭരണത്തിനുമേല്‍, നിരന്തര കൈ കടത്തലുകള്‍ ഉണ്ടാവുന്ന ഈ ഘട്ടത്തില്‍. പെരിയാര്‍ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണം എന്നതാണ് കാലം ആവശ്യപ്പെടുന്നത്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള സഹകരണം കേരളവും തമിഴ്‌നാടും മുന്നോട്ടു കൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല.

ഇവിടുത്തെ പെരിയാര്‍ സ്മാരകത്തിന്റെ നവീകരണത്തിലും ആ സഹകരണ മനോഭാവം തന്നെയാണ് പ്രകടമാകുന്നത്. അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വരും കാലങ്ങളില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കഴിയട്ടെ എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി തിരു സ്റ്റാലിന്‍ അവര്‍കളുടെ സാന്നിധ്യത്തിന് നന്ദി അറിയിച്ചുകൊണ്ടും ഉപസംഹരിക്കുന്നു.

#Periyar #PinarayiVijayan #CommunistParty #Kerala #TamilNadu #VaikomSatyagraha #socialreform #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia