Election Battle | കോട്ടയത്ത് ഇത്തവണ മത്സരം പൊടിപാറും; തിരുവഞ്ചൂരും കുറുപ്പും ജോർജ് കുര്യനും നേർക്കുനേർ

 
Kottayam Gears Up for Fierce Electoral Battle: Thiruvanchur, Kurupp, and George Kurian Face Off
Kottayam Gears Up for Fierce Electoral Battle: Thiruvanchur, Kurupp, and George Kurian Face Off

Photo Credit: Facebook/ Thiruvanchoor Radhakrishnan, Adv Suresh Kurup, George Kurian

● കോട്ടയത്ത് ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്നു.
● യു.ഡി.എഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ സാധ്യത. 
● എൽ.ഡി.എഫ് സുരേഷ് കുറുപ്പിനെ പരിഗണിക്കുന്നു. 
● എൻ.ഡി.എയിൽ നിന്ന് ജോർജ് കുര്യൻ മത്സരിച്ചേക്കും. 
● മണ്ഡലം പിടിച്ചെടുക്കാൻ മൂന്ന് മുന്നണികളും തീവ്രശ്രമം നടത്തും.

സോണി കല്ലറയ്ക്കൽ

(KVARTHA) 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം കോട്ട പിടിക്കാൻ മുന്നണികൾ തയാറെടുക്കുകയാണ്. ഇത്തവണ ഇവിടുത്തെ പോരാട്ടം ശക്തവും വാശിയേറിയതുമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോട്ടയം നിയമസഭാ മണ്ഡലം എൽ.ഡി.എഫിനോ യു.ഡി.എഫിനോ മാത്രം അടിയറവ് പറഞ്ഞിട്ടില്ല. ഇരുമുന്നണികൾക്കും ഇവിടെ വിജയം നേടാനായിട്ടുണ്ട്. 

എൽ.ഡി.എഫിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച ടി.കെ. രാമകൃഷ്ണനും ഇപ്പോഴത്തെ സീനിയർ നേതാവും മന്ത്രിയുമായ വി.എൻ. വാസവനും ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചവരാണ്. എന്നാൽ വി.എൻ. വാസവൻ ഇപ്പോൾ ഏറ്റുമാനൂർ നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

യു.ഡി.എഫിന്റെ കാര്യമെടുത്താൽ, കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന വയലാർ രവിയുടെ ഭാര്യ അന്തരിച്ച മേഴ്സി രവി ഈ മണ്ഡലത്തിൽ നിന്ന് എം.എൽ.എ. ആയിരുന്നു. ഇപ്പോൾ കോൺഗ്രസിലെ സീനിയർ നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോട്ടയത്തിന്റെ എം.എൽ.എ. മുൻപ് തിരുവഞ്ചൂരിനെ എൽ.ഡി.എഫിലെ ടി.കെ. രാമകൃഷ്ണൻ ഈ മണ്ഡലത്തിൽ തോൽപ്പിച്ച ചരിത്രവുമുണ്ട്. 

തിരുവഞ്ചൂർ ആദ്യമായി കോട്ടയത്ത് മത്സരിക്കാനെത്തിയപ്പോൾ അന്നത്തെ നിയമസഭാ പ്രതിനിധിയായിരുന്ന വി.എൻ. വാസവനെയാണ് പരാജയപ്പെടുത്തിയത്. ചെറിയ ഭൂരിപക്ഷത്തിനായിരുന്നു അന്ന് തിരുവഞ്ചൂരിന്റെ വിജയം. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ തിരുവഞ്ചൂർ വാസവനെ തോൽപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദ്യം അടൂർ നിയോജകമണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. അടൂർ സംവരണ മണ്ഡലമായതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയത്. 

വർഷങ്ങൾക്ക് മുൻപ് തിരുവഞ്ചൂർ കോട്ടയത്ത് ടി.കെ. രാമകൃഷ്ണനോട് മത്സരിച്ച അന്നത്തെ കോട്ടയമല്ല ഇപ്പോഴുള്ളത്. അന്ന് എൽ.ഡി.എഫിന് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലമായിരുന്നു ഇത്. മണ്ഡലം പുനർനിർണയത്തിൽ കോട്ടയം നിയോജകമണ്ഡലത്തിലെ ചില ഭാഗങ്ങൾ ഏറ്റുമാനൂർ നിയോജകമണ്ഡലത്തോട് ചേർത്തതിനെ തുടർന്ന് ഇപ്പോൾ ഇരുമുന്നണികൾക്കും മുൻതൂക്കം അവകാശപ്പെടാവുന്ന മണ്ഡലമായി കോട്ടയം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ ഇറക്കി മത്സരിപ്പിക്കാൻ മൂന്ന് മുന്നണികളും ശ്രമിക്കും. എങ്ങനെയെങ്കിലും കോട്ടയം പിടിച്ചെടുക്കുക എന്നത് മുന്നണികളുടെ അഭിമാന പ്രശ്നമായി മാറും.

യു.ഡി.എഫിൽ വലിയ മാറ്റങ്ങൾക്കൊന്നും സാധ്യതയില്ല. ഇപ്പോഴത്തെ എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയായിരിക്കും അവിടെ മത്സരിക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. യു.ഡി.എഫിൽ മറ്റൊരാളെയും ശക്തനായി ഉയർത്തിക്കാട്ടാനില്ല. തിരുവഞ്ചൂരിന് ജനപ്രീതിയുണ്ട്. കോട്ടയത്ത് അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. മാത്രമല്ല, കോട്ടയത്ത് ജനിച്ചു വളർന്നതുകൊണ്ട് അവിടുത്തെ ഓരോ സ്ഥലവും അദ്ദേഹത്തിന് പരിചിതമാണ്. 

തിരുവഞ്ചൂരിന്റെ രാഷ്ട്രീയ പ്രവർത്തന മേഖലയും കോട്ടയം തന്നെയാണ്. അതുകൊണ്ട് കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ തന്നെ വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അപ്പോൾ മറുഭാഗത്ത് തിരുവഞ്ചൂരിനോട് മത്സരിക്കാൻ ശക്തരായ ആളുകളെയാണ് ഇരുമുന്നണികളും തേടുന്നത്. അങ്ങനെയെങ്കിൽ എൽ.ഡി.എഫിൽ ആദ്യം പരിഗണിക്കപ്പെടുന്നത് മുൻ എം.പിയും എം.എൽ.എ.യുമൊക്കെയായിരുന്ന സുരേഷ് കുറുപ്പിന്റെ പേരാണ്. സുരേഷ് കുറുപ്പും തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലെ കോട്ടയം സ്വദേശിയാണ്. കോട്ടയംകാർക്ക് സുപരിചിതനുമാണ്. എൽ.ഡി.എഫിന്റെ സൗമ്യ മുഖം എന്നാണ് സുരേഷ് കുറുപ്പിനെ വിശേഷിപ്പിക്കുന്നത്. 

മാത്രമല്ല, അദ്ദേഹം ജനകീയനുമാണ്. കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സുരേഷ് കുറുപ്പ് തന്നെയാകും കോട്ടയത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത. മുൻ കോട്ടയം എം.പിയും മുൻ ഏറ്റുമാനൂർ എം.എൽ.എ.യുമായിരുന്നു സുരേഷ് കുറുപ്പ്. മികച്ച പാർലമെന്റേറിയൻ എന്ന പേരും അദ്ദേഹത്തിനുണ്ട്.

എൻ.ഡി.എ മുന്നണിയിൽ കോട്ടയത്ത് ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥി വരാനാണ് കൂടുതൽ സാധ്യത. അങ്ങനെയാണെങ്കിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മത്സരിക്കാൻ എത്തുമെന്നാണ് അറിയുന്നത്. മുൻപ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചുള്ള പരിചയവും ജോർജ് കുര്യനുണ്ട്. കോട്ടയത്തെ നന്നായി അറിയാവുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഈ മൂന്നുപേരും കോട്ടയത്ത് സ്ഥാനാർത്ഥികളായി വന്നാൽ മത്സരം തീപാറുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Kottayam constituency is gearing up for a potentially fierce electoral battle in the 2026 Assembly elections. The likely candidates include Thiruvanchur Radhakrishnan (UDF), Suresh Kurup (LDF), and George Kurian (NDA). With all three being prominent leaders familiar with the region, a close contest is expected.

#KottayamElection #KeralaPolitics #Thiruvanchur #SureshKurup #GeorgeKurian #AssemblyElection2026

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia