Criticism | മാനിഫെസ്റ്റോ മറക്കുന്ന മഹാ സമ്മേളനങ്ങൾ; കൊല്ലം സമ്മേളനം സിപിഎമ്മിൻ്റെ ദിശാസൂചനയോ?

 
CPM Conference: A Departure from Manifesto Principles?
CPM Conference: A Departure from Manifesto Principles?

Photo Credit: Facebook/CPIM Kerala

● മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ സ്വകാര്യ നിക്ഷേപത്തിന് പ്രാധാന്യം നൽകുന്നു.
● കേരളത്തിൽ  ഭരണം നിലനിർത്തിയാൽ മാത്രമേ പാർട്ടിക്ക് അസ്തിത്വമുള്ളു.
● വികസനമെന്ന മാമാങ്കങ്ങൾ ഇടത്തരക്കാരെ ആകർഷിക്കാൻ. 

ഭാമനാവത്ത് 

(KVARTHA) ബൂർഷ്വാസിയുമായി മുഖാമുഖം നിൽക്കുന്ന എല്ലാ വർഗങ്ങളിലും, തൊഴിലാളിവർഗം മാത്രമാണ് യഥാർത്ഥത്തിൽ വിപ്ലവകരമായ വർഗം. ആധുനിക വ്യവസായത്തിന് മുന്നിൽ മറ്റ് വിഭാഗങ്ങൾ ക്ഷയിക്കുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു; തൊഴിലാളിവർഗം അതിന്റെ സവിശേഷവും അനിവാര്യവുമായ ഉൽപ്പന്നമാണെന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്നത്.

ഇതുവരെയുണ്ടായിരുന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർ​ഗ സംഘർഷങ്ങളുടെ ചരിത്രമാണെന്നും തൊഴിലാളി വ‍ർ​ഗ്ഗത്തിൻ്റെ അനിവാര്യമായ വിജയം സമൂഹത്തിലെ വർ​ഗ്ഗ വ്യത്യാസങ്ങൾക്ക് അന്ത്യം കുറിക്കുമെന്നും ലോകത്തോട് പ്രഖ്യാപിച്ച പ്രത്യയശാസ്ത്രത്തിൻ്റെ ആശയാടിത്തറ പ്രസിദ്ധീകൃതമായിട്ട് 177 വർഷം പൂർത്തിയാകുന്ന വേളയിലാണ് ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടികളിൽ പ്രഥമഗണനീയമായ സി.പി.എമ്മിൻ്റെ ഇരുപത്തിനാലാം  പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്.

പ്രസിദ്ധീകരിക്കപ്പെട്ട് ഒന്നേമുക്കാൽ നൂറ്റാണ്ടിലേറെ പിന്നിടുമ്പോഴും കാലത്തെ അതിജീവിക്കാനും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൻ്റെ ആശയപ്രഞ്ചമായി നിലനിൽക്കാനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും ലോകത്തെ കമ്മ്യുണിസ്റ്റ് പാർട്ടികൾ തൊഴിലാളി വർഗത്തിൻ്റെ ബൈബിൾ ഉപേക്ഷിച്ച മട്ടാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട, വിവ‍‌‍ർത്തനം ചെയ്യപ്പെട്ട, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളുടെ ​ഗണത്തിൽ മുൻപന്തിയിലാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് സ്ഥാനം.

സാങ്കേതിക വിദ്യയുടെ വികാസം സമൂഹിക ബന്ധങ്ങളിൽ വലിയ പരിണാമങ്ങൾ വരുത്തിയ കാലത്തും മാനിഫെസ്റ്റോയിലെ സാമൂഹ്യബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പ്രസക്തമാണ്. കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും ചേർന്നെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848 ഫെബ്രുവരി 21നാണ് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന വിപ്ലവ സംഘം പ്രസിദ്ധീകരിച്ചത്. 'മാനിഫെസ്റ്റ്ഡെർ കമ്മ്യൂണിസ്റ്റിഷൻ പാർട്ടൈ' (കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാനിഫെസ്റ്റോ) എന്ന പേരിലായിരുന്നു ഈ കൃതി ജർമ്മനിയിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. നിരന്തമായ ആശയ സംവാദങ്ങളുടെ തുടർ‌ച്ചയെന്ന നിലയിലാണ് തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ സിദ്ധാന്തവും പ്രയോ​ഗവും വ്യക്തമാക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചനയിലേയ്ക്ക് മാ‍ർക്സും ഏം​ഗൽസും എത്തിച്ചേരുന്നത്. 

എന്നാൽ മാനിഫെസ്റ്റോയുടെ അന്തസത്ത ഉൾക്കൊള്ളുന്ന വിധത്തിലുള്ള തൊഴിലാളി വർഗ ആധിപത്യമുള്ള ഭരണകൂടങ്ങൾ എവിടെയും നിലവിൽ വന്നില്ല റഷ്യയിൽ ലെനിനിസവും ചൈനയിൽ മാവോയിസവും വന്നുവെങ്കിലും അതൊന്നും മാർക്സോ എംഗൽസോ വിഭാവനം ചെയ്തതായിരുന്നില്ല റഷ്യയിൽ അതു സ്റ്റാലിനിസമെന്ന ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തിയതോടെ ജനങ്ങൾ തന്നെ സ്റ്റാലിനു ശേഷം കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രമെന്ന പേരിൽ നടപ്പിലാക്കിയ സ്യൂഡോ കമ്യൂണിസം വലിച്ച് കുപ്പത്തൊട്ടിയിലെറിഞ്ഞു. ഹോചിമിനും കാസ്ട്രോയ്ക്കും അതത് രാജ്യങ്ങളിലും മാർക്സിസത്തിൽ വെള്ളം ചേർത്തു. 

ചങ്ങാത്ത മുതലാളിത്വത്തിലൂടെയാണ് ചൈന ഭൗതികമായി മുന്നേറിയത്. അവർക്കും കമ്യുണിസം ഇന്ന് വെറും ചെങ്കൊടി മാത്രമാണ്. ഇന്ത്യൻ കമ്യുണിസ്റ്റു പാർട്ടികൾ കഴിഞ്ഞ കുറെ കാലമായി ചൈനീസ് മാതൃകയെയാണ് പിൻതുടരുന്നത്. സ്വകാര്യ നിക്ഷേപം, തുറന്ന കമ്പോളം, വ്യാവസായിക, വിദ്യാഭ്യാസ രംഗങ്ങളിലെ സ്വകാര്യ നിക്ഷേപങ്ങൾ, ലോക ബാങ്ക് സഹായങ്ങൾ എന്നിവയൊക്കെ കണ്ണടച്ചു സ്വീകരിക്കുന്ന നയമാണ് ഇവിടെയും പിൻതുടരുന്നത്. സി.പി.എമ്മിന് ഇന്ത്യയിൽ അവശേഷിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഭരണം നിലനിർത്തിയാൽ മാത്രമേ പാർട്ടിക്ക് അസ്തിത്വമുള്ളു. 

വികസനമെന്ന മാമാങ്കങ്ങൾ ഇടത്തരക്കാരെ ആകർഷിക്കാൻ നടപ്പിലാക്കിയില്ലെങ്കിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമെന്ന് പാർട്ടി നേതൃത്വത്തിന് അറിയാം. അതുകൊണ്ടാണ് കൊല്ലം സമ്മേളനത്തിൽ മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയൻ അവതരിച്ച നയ രേഖയിൽ സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിന് പ്രാധാന്യം കൊടുക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ജൈവഘടനയിൽ നിന്നും സോഷ്യൽ ഡമോക്രറ്റിക്ക് ലൈനിലാണ് പാർട്ടിയുടെ പോക്ക്. ഒരുപക്ഷെ പൂർണ്ണമായും ചങ്ങാത്ത മുതലാളിത്തവുമായി സമരസപ്പെട്ടു പോകുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന് പറയാം. 

വിപ്ലവം നടക്കുമെന്ന് നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോയെന്ന് പരസ്യമായി ചോദിച്ച സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദൻ. അതുകൊണ്ടുതന്നെ പാർട്ടി സംഘടന റിപ്പോർട്ടിനും ചർച്ചയ്ക്കും വേണ്ടത്ര സമയം നൽകാതെ പാർട്ടിയിലും സർക്കാരിലും ഏകഛത്രാധിപതിയായ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള നയത്തെ പുകഴ്ത്താൻ മത്സരിക്കുകയാണ് എല്ലാവരും. മൂന്നാം വട്ടവും അധികാരം കിട്ടിയാൽ മതി, പാർട്ടി ദുർബലമായാലും സാരമില്ലെന്നാണ് നേതാക്കളുടെ മനസിലിരുപ്പ്. അതുകൊണ്ടുതന്നെ സി.പി.എമ്മിൻ്റെ ദിശാവ്യതിയാനത്തിലെ ഉത്തമസൂചനയായി മാറും കൊല്ലം സമ്മേളനം.

ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The article critiques the CPM's state conference in Kollam, alleging a deviation from the Communist Manifesto's core principles. It argues that the party's focus on private investment and development signals a shift towards social democracy and "crony capitalism."

#CPM, #CommunistManifesto, #KollamConference, #KeralaPolitics, #Marxism, #PoliticalAnalysis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia