Criticism | കേരളം ആര്‍എസ്എസിന്റെ പിടിയിലോ, സിപിഎമ്മും പിണറായിയും അടിപതറി?
● മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായി
● മുസ്ലിം സമുദായം എതിര്‍പ്പുകൾ ഉയർത്തുന്നു.
● സിപിഎം ന്യൂനപക്ഷ ലൈന്‍ മാറ്റുകായണെന്ന് അഭിപ്രായങ്ങൾ
ആദിത്യൻ ആറന്മുള
(KVARTHA) കേരളം ആര്‍എസ്എസിന്റെ പിടിയിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദുവിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖം വ്യക്തമാക്കുന്നതെന്നാണ് ആക്ഷേപം. രാജ്യത്ത് ആദ്യം ഏക സിവില്‍കോഡ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയതും അതിനായി സമരം നടത്തിയതും സിപിഎമ്മാണെന്നും അന്നത്തെ ജനറല്‍ സെക്രട്ടറി ഇഎംഎസാണ് അതിന് നേതൃത്വം നല്‍കിയതെന്നും ആക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സമ്മേളനങ്ങളും മറ്റും നടന്നിരുന്നു. എണ്‍പതുകളിലായിരുന്നു അത്.
ലീഗിനെ മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ബദല്‍രേഖ കൊണ്ടുവന്ന എംവി രാഘവനെ എണ്‍പതുകളുടെ പകുതിയോടെ സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അക്കാലത്തൊക്കെ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമുദായമായിരുന്നു സിപിഎമ്മിനൊപ്പം നിന്നത്. എന്നാല്‍ രണ്ടായിരത്തിന് ശേഷമാണ് സിപിഎം ന്യൂനപക്ഷങ്ങളുമായി അടുക്കുന്നത്. അതായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം. 2006ല്‍ വി എസ് മുഖ്യമന്ത്രിയായ ശേഷമാണ് കേരളത്തില്‍ ലൗജിഹാദ്, മുസ്ലിം ജനസംഖ്യ കൂടുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ ഉയരുന്നത്.
എസ്ഡിപിഐ ജോസഫ് മാഷുടെ കൈവെട്ടിയ ശേഷം, സംസ്ഥാനത്ത് ഇസ്ലാമികഭരണത്തിന് ചിലര്‍ നീക്കം നടത്തുന്നെന്ന് വി എസ് തന്നെ ആരോപിച്ചിരുന്നു. വിഎസ് സര്‍ക്കാരിന് തുടര്‍ഭരണം കിട്ടേണ്ടതായിരുന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് പലയിടത്തും സ്വന്തം സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി. അങ്ങനെയാണ് രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി അധികാരത്തിലേറുന്നത്. അന്നും ഏറ്റവും വലിയ ഒറ്റകക്ഷി സിപിഎമ്മായിരുന്നു. 2011 മുതല്‍ 2016വരെ സിപിഎം നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ടിരുന്നു. സോളാര്‍ സമരം പാതിവഴിക്ക് നിര്‍ത്തി ഓടുകയായിരുന്നു ഇടതുപക്ഷം.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലേക്കാണ് തള്ളിവിട്ടത്. അരുവിക്കരയും നെയ്യാറ്റിന്‍കരയും അടക്കമുളള എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും സിപിഎം തോറ്റു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മുന്‍തൂക്കം ഉണ്ടായി. സോളാര്‍കേസും വ്യവസായവകുപ്പിന്റെ ചില കടുംവെട്ട് പദ്ധതികളും ജിഷവധക്കേസും യുഡിഎഫിന് തലവേദനയായി. അങ്ങനെയാണ് പിണറായി വിജയന്‍ അധികാരത്തിലേറുന്നത്.
അതിന് മുമ്പ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം മതേതരസര്‍ക്കാരായിരിക്കുമെന്നും എല്ലാ മതവിശ്വാസികളുടെയും പിന്തുണ ഇടതുപക്ഷത്തിനുണ്ടെന്നുമാണ്. യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കവും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. പിണറായി മുഖ്യമന്ത്രിയായ ശേഷം തങ്ങള്‍ക്കൊരു നാഥനുണ്ടായെന്നാണ് പാത്രിയാര്‍ക്കീസ് ബാബ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചത്. എല്ലാ സമുദായങ്ങള്‍ക്കും സര്‍ക്കാരിനോട് എതിരഭിപ്രായം ഇല്ലായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കടുത്ത ന്യൂനപക്ഷപ്രീണനത്തിലേക്ക് തിരിഞ്ഞു. ശബരിമല കോടതി വിധി നടപ്പാക്കിയതോടെ ഹിന്ദുക്കളെല്ലാം മുഖ്യമന്ത്രിക്കെതിരായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റാണ് എല്‍ഡിഎഫിന് കിട്ടിയത്. ഇതിനിടയ്ക്ക് മുഖ്യമന്ത്രിയുടെ മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിച്ചു. മുസ്ലിം ലീഗിലെ ചില നേതാക്കള്‍ അതിനെ അപമാനിച്ച് പ്രസംഗിച്ചെങ്കിലും സിപിഎം മൗനംപാലിച്ചു. കോവിഡ് വന്നതോടെ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും തുടര്‍ഭരണം ലഭിക്കുകയും ചെയ്തു.
99 സീറ്റുമായി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പല കാര്യങ്ങളിലും ജനവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ക്രൈസ്തവസഭകളും മുസ്ലിംസമുദായങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ ഇതിനിടെ മറനീക്കി പുറത്തുവന്നു. നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇക്കാര്യങ്ങളിലൊക്കെ സര്‍ക്കാര്‍ മുസ്ലിം സമുദായത്തിനൊപ്പമാണെന്ന ആരോപണം സഭയിലെ ചിലരും ബിജെപിയും പ്രചരിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ പള്ളീലച്ചനെ കുറച്ച് വിദ്യാര്‍ത്ഥികള്‍ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലും അതുണ്ടായി. ഇതിനിടെ ലീഗിനെ ഇടത് മുന്നണിയിലെടുക്കാന്‍ ശ്രമം ശക്തമായി നടന്നു.
സിഐഎ, പാലസ്തീന്‍ ഐക്യദാര്‍ഢ്യം എന്നിവയിലെല്ലാം സിപിഎം മുന്നിട്ടിറങ്ങി. ഇത്രയും ധൃതി വേണ്ടെന്ന നിലപാടാണ് സിപിഐ അന്ന് സ്വീകരിച്ചത്. ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ് ഉണ്ടായപ്പോഴും സിപിഎമ്മിന് മുസ്ലിം പ്രീണനമാണെന്ന് ബിജെപി വ്യാപകമാക്കി. എന്നാല്‍ അന്നേ ലീഗുകാര്‍ ആരോപിച്ചിരുന്നു, കേസ് അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസുകാര്‍ക്കൊപ്പമാണെന്ന്. മാധ്യമങ്ങള്‍ പോലും അത് കണ്ടില്ലെന്ന് നടിച്ചു. അദ്ദേഹമാണ് ആര്‍എസ്എസ് നേതാക്കളെ പലതവണ കണ്ടത്.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസുകളും ലാവ്‌ലിന്‍ കേസും കാരണം കേന്ദ്രസര്‍ക്കാര്‍ വഴി ആര്‍എസ്എസ് ശക്തമായ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്നാണ് പറയുന്നത്. അതും ന്യൂനപക്ഷ പ്രീണനം എന്ന ആക്ഷേപവും ചേര്‍ന്നപ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയെന്ന് മാത്രമല്ല, ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും വോട്ട് ചെയ്തുമില്ല. ഈഴവ, ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി.
അതോടെ ന്യൂനപക്ഷ ലൈന്‍ മാറ്റുകയും പഴയ ഭൂരിപക്ഷ സ്‌നേഹത്തിലേക്ക് സിപിഎം തിരിയുകയുമാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ദ ഹിന്ദുവിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ പറഞ്ഞ പരാമര്‍ശം. സ്വര്‍ണക്കട്, ഹവാല ഇടപാട് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്നെന്നും അത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നും. ഇത് തന്നെയല്ലേ സംഘപരിവാറും ബിജെപിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.
#KeralaPolitics, #CPI(M), #PinarayiVijayan, #RSS, #Elections, #PoliticalTensions