പോലീസിലെ നരവേട്ടക്കാരായ ജോർജ് സാറുമാർ തുടരുന്നു; പിണറായി ഭരണത്തിന് ബാദ്ധ്യതയാകുന്ന സേനയിലെ ഇടിവീരന്മാർ


● ഒന്നാം സർക്കാരിൻ്റെ കാലത്ത് 11 മരണങ്ങൾ സംഭവിച്ചു.
● രണ്ടാം സർക്കാരിൻ്റെ കാലത്ത് ആറ് പേർ കസ്റ്റഡിയിൽ മരിച്ചു.
● പോലീസ് മർദ്ദനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
● നിരവധി പേർക്ക് പോലീസിൽ നിന്ന് നീതി നിഷേധിക്കപ്പെട്ടു.
നവോദിത്ത് ബാബു
(KVARTHA) കേരള പോലീസിലെ ജോർജ് സാറുമാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സാധാരണ ജനങ്ങൾ. നീതി കിട്ടാക്കനിയായി മാത്രം മാറി. പണമുള്ളവന്റെ കീശയിൽ നിന്ന് കൈയ്യിട്ടുവാരി പരാതിക്കാരന് നീതി നിഷേധിക്കുന്നവരായി മാറിയിരിക്കുകയാണ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴേത്തട്ടിലുള്ളവർ വരെ.

കേരളത്തെ ഞെട്ടിച്ചതാണ് ഉദയകുമാറിൻ്റെ ഉരുട്ടിക്കൊല. അതിനുശേഷം വിനായകൻ ഉൾപ്പെടെയുള്ളവർ ലോക്കപ്പുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. എന്നിട്ടും ‘തുടരും’ എന്ന സിനിമയിലെ ഡി.വൈ.എസ്.പി. ജോർജ് സാറിനെപ്പോലെയും സി.ഐ. ബെന്നിയെപ്പോലെയും സേനയിലെ നരനായാട്ടുകാർ വേട്ട തുടരുകയാണ്. കോട്ടയം പ്രവീൺ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത് അന്നത്തെ കൊച്ചി ഡി.വൈ.എസ്.പി. ഷാജിയാണെന്നത് ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്.
പ്രതിപക്ഷ പാർട്ടികളിലെ പൊതുപ്രവർത്തകരെ പോലീസ് കൈകാര്യം ചെയ്യുന്നത് മൃഗീയമെന്നേ വിശേഷിപ്പിക്കാൻ കഴിയൂ. തലയ്ക്ക് ലാത്തികൊണ്ട് അടിക്കുന്നവരെ മൃഗങ്ങളെന്നെ വിളിക്കാനാവുകയുള്ളൂ. കുന്നംകുളത്ത് അതിക്രൂരമായ മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് പറയുന്നത് കേട്ടാൽ ആരും ഞെട്ടിപ്പോകും. ‘ലാത്തികൊണ്ട് പോലീസ് 15 മിനിറ്റോളം അടിച്ചു, തല്ലിയതിന് ശേഷം നിവർന്നുനിന്ന് ചാടാൻ പറഞ്ഞു.
കുടിക്കാൻ വെള്ളം ചോദിച്ചിട്ടുപോലും തന്നില്ല,’ കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിൻ്റെ വാക്കുകളാണിത്. സുജിത്തിനെ പോലീസ് സ്റ്റേഷനിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ട് വർഷം മുമ്പ് നടന്ന, ആഭ്യന്തര വകുപ്പിൻ്റെ കൈയ്യിൽ 'ഭദ്രമായ' സിസിടിവി ദൃശ്യം സുജിത്ത് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പുറത്തുവന്നത്.
ഇതിൽ തെളിഞ്ഞതാകട്ടെ പോലീസ് എത്രമാത്രം മനുഷ്യത്വ വിരുദ്ധമായ മർദ്ദക സംഘമാണെന്നതാണ്. ക്രൂരമായ കസ്റ്റഡി മർദ്ദനത്തിൻ്റെ തെളിവുകൾ പുറത്തുവരാതിരിക്കാൻ ആഭ്യന്തര വകുപ്പ് കാണിച്ച ജാഗ്രത ആരെ സംരക്ഷിക്കാനായിരുന്നു എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
പോലീസ് ജീപ്പിൽ നിന്ന് പുറത്തുകൊണ്ടുവരുന്നത് മുതൽ തന്നെ അടി കൊണ്ട് അവശനായ സുജിത്തിനെയാണ് സിസിടിവി ദൃശ്യങ്ങളിൽ നമുക്ക് കാണാൻ സാധിച്ചത്. മുണ്ടുകൾ അഴിഞ്ഞുപോയി അർദ്ധവസ്ത്രധാരിയായ ആ യുവാവിനെ സ്റ്റേഷനകത്ത് കയറ്റിയതിന് ശേഷം പോലീസുകാർ നടത്തിയത് ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണ്.
സിസിടിവിയിൽ കണ്ടതിന് അപ്പുറമുള്ള മർദ്ദനങ്ങൾ താൻ നേരിട്ടെന്ന് ആ യുവാവ് തുറന്നുപറഞ്ഞിട്ടുണ്ട്. പോലീസുകാർ കൂട്ടംകൂടി തല്ലിച്ചതച്ചതിനെ തുടർന്ന് ഇടത് ചെവിക്ക് കേൾവി പ്രശ്നം നേരിട്ടെന്നും സുജിത്ത് വെളിപ്പെടുത്തിയിട്ട് 24 മണിക്കൂർ പിന്നിടുന്നു. ഈ നിമിഷം വരെ ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം അറിഞ്ഞതായി നടിച്ചിട്ടില്ല.
കാക്കിക്കുള്ളിലെ ഗുണ്ടാവിളയാട്ടമെന്ന് നാം വിളിക്കുന്ന, പോലീസിൻ്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളുടെ ആദ്യത്തെ ഇരയല്ല സുജിത്ത്. ഇപ്പോഴുള്ളതുപോലെ 'മിണ്ടാട്ടമില്ലാത്ത' സമീപനമാണ് ആഭ്യന്തര വകുപ്പിന്റേതെങ്കിൽ ഇത് അവസാനത്തേതാകില്ലെന്ന് തീർച്ചയാണ്. പോലീസിൻ്റെ മർദ്ദനത്തിനിരയായത് ഒരു യൂത്ത് കോൺഗ്രസ് നേതാവാണ് എന്നതും പ്രധാനമാണ്.
യുവതലമുറയിൽപ്പെട്ട ഒരു പൊതുപ്രവർത്തകനെ ഈ നിലയിൽ തല്ലിച്ചതച്ചതിൻ്റെ തെളിവിന്മേൽ രണ്ട് വർഷമാണ് ആഭ്യന്തര വകുപ്പ് അടയിരുന്നത്. സുജിത്തിൻ്റെ രണ്ട് വർഷത്തെ തുടർച്ചയായ പോരാട്ടം കൊണ്ടുമാത്രമാണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിസിടിവിയിൽ തെളിഞ്ഞ പോലീസിൻ്റെ മനുഷ്യത്വവിരുദ്ധമായ കാടത്തം പുറംലോകം അറിഞ്ഞത്.
ഒരു പ്രിവിലേജുമില്ലാത്ത, സർക്കാർ സംവിധാനങ്ങളെ എങ്ങനെ നേരിടണമെന്ന് പോലും അറിയാത്ത പാവങ്ങളായിരുന്നു ഈ സ്ഥാനത്തെങ്കിലോ? പോലീസ് ഒത്തുതീർപ്പെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുമായിരുന്നില്ലേ? കുന്നംകുളം പോലീസ് സ്റ്റേഷനിൽ മുൻപും മർദ്ദനങ്ങൾ നടന്നിട്ടുണ്ടെന്നും പണം നൽകി അവയെല്ലാം ഒത്തുതീർപ്പാക്കിയതാണെന്നും സുജിത്ത് പറയുന്നുണ്ട്.
തന്നെയും ലക്ഷങ്ങൾ നൽകി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുജിത്ത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ചെറുതും വലുതുമായ പോലീസ് മർദ്ദനങ്ങൾ കേരളത്തിലെ ലോക്കപ്പുകളിൽ നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ലോക്കപ്പ് മർദ്ദനങ്ങൾക്കു പുറമെ ആളുമാറി മർദ്ദിച്ച സാഹചര്യങ്ങൾ പോലും പലപ്പോഴായി വാർത്തകളിൽ നിറഞ്ഞതാണ്.
ഇതിലും ഭീകരമാണ് പോലീസ് ലോക്കപ്പുകളിലെ കൊലപാതകങ്ങൾ. 2023-ൽ പോലീസ് കസ്റ്റഡിയിൽ മരിച്ച മലപ്പുറം തിരൂർ സ്വദേശി താമിർ ജിഫ്രി അടക്കം, പിണറായി സർക്കാരിൻ്റെ കാലത്ത് മാത്രം നടന്നത് 17ഓളം കസ്റ്റഡി മരണങ്ങളാണ്. ഇതിൽ പലരെയും കള്ളക്കേസിൽ കുടുക്കിയതാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 11 കസ്റ്റഡി മരണവും രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ആറ് കസ്റ്റഡി മരണവുമാണ് ഉണ്ടായത്. മലപ്പുറം വണ്ടൂരിൽ അബ്ദുൽ ലത്തീഫ്, തലശ്ശേരിയിൽ കാളിമുത്തു, നൂറനാട് സ്റ്റേഷനിൽ റെജ്ജു, വരാപ്പുഴയിൽ ശ്രീജിത്ത്, കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ സ്വാമിനാഥൻ, മണർകാട് നവാസ് അടക്കം ഉൾപ്പെടുന്ന ആ പതിനേഴുപേരുടെ ലിസ്റ്റ് കേരളത്തിലെ പോലീസിന് തിരുത്തലിൻ്റെയോ നവീകരണത്തിൻ്റെയോ പാഠപുസ്തകമായിട്ടില്ലെന്ന് കൂടിയാണ് വ്യക്തമാകുന്നത്.
കസ്റ്റഡിയിൽ മരിച്ച പലരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അതിക്രൂരമായ മർദ്ദനം നടന്നുവെന്ന് വ്യക്തമാണ്. ഈ കേസുകളിൽ പ്രതികളായ പോലീസുകാർക്കെതിരെ സ്ഥലംമാറ്റവും സസ്പെൻഷനും പോലുള്ള താരതമ്യേന ലഘുവായ ശിക്ഷാനടപടികളാണ് കൈക്കൊള്ളാറുള്ളത്.
എന്നാൽ ഇത്തരം വിഷയങ്ങളിൽ സ്വീകരിച്ച കർശന നടപടികൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ ആഭ്യന്തര വകുപ്പിന് ഉത്തരം മുട്ടുമെന്ന് തീർച്ചയാണ്. പോലീസ് സ്റ്റേഷനുകളിൽ ഇപ്പോഴും ഇരുട്ടുമുറികളും ഉരുട്ടലുമുണ്ടെന്നാണ് മർദ്ദനത്തിനിരയായവർ പറയുന്നത്.
ഈ ഇരുട്ടുമുറികളിൽ പോലീസിനെ ചൂരൽ കൊണ്ടും ലാത്തികൊണ്ടും അഴിഞ്ഞാടാൻ അനുവദിക്കുന്നത് ആരാണ്? പോലീസിൻ്റെ മനോവീര്യം കെടുത്തരുതെന്ന് പറയുന്ന പോലീസ് മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഇവിടുത്തെ സാധാരണ മനുഷ്യരുടെ പുറം പൊളിയുന്നതും ശ്വാസം നിലക്കുന്നതും കൂടി കാണണം.
അടിയന്തരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം ഇരുട്ട് നിറഞ്ഞ ഇടിമുറികൾ പോലീസ് സ്റ്റേഷനുകളിലുണ്ടെങ്കിൽ സ്വന്തം പോലീസ് സേനയെ തിരുത്താൻ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ലോക്കപ്പിൽ മർദ്ദനമേറ്റ രാഷ്ട്രീയ തടവുകാരനായിരുന്ന പിണറായി വിജയനാണ് കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് മന്ത്രി.
അതിനാൽതന്നെ പിണറായി വിജയൻ്റെ കീഴിലുള്ള പോലീസ് ജയറാം പടിക്കലിൻ്റെ കാലത്തെ പോലീസ് സേനയെക്കാൾ പ്രാകൃതരും മനുഷ്യത്വ വിരുദ്ധരുമാകരുതെന്ന് പറയാൻ ഇടതുപക്ഷത്തിന് രാഷ്ട്രീയ ബാധ്യതയുണ്ട്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് പറയാനുണ്ട്? ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ.
Article Summary: Kerala police face allegations of brutality and custodial deaths under the Pinarayi Vijayan government.
#KeralaPolice #CustodialDeath #PoliceBrutality #PinarayiVijayan #KeralaPolitics #HumanRights