Expulsion | നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കലങ്ങിമറിഞ്ഞ് ഹരിയാന ബിജെപി; 8 നേതാക്കളെ പാര്‍ടിയില്‍ നിന്ന് പുറത്താക്കി
● രാജിവെച്ച മുന്‍ മന്ത്രി രഞ്ജിത് ചൗട്ടാലയെയും പുറത്താക്കി.
● മുഖ്യമന്ത്രിക്കെതിരെ ഇറങ്ങിയ സന്ദീപ് ഗാര്‍ഗിനെയും ഒഴിവാക്കി.
ന്യൂഡല്‍ഹി: (KVARTHA) ഒക്ടോബര്‍ അഞ്ചിനാണ് 90 അംഗ ഹരിയാന (Haryana) നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണും. ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരത്തിനിറങ്ങുന്ന വിമത നേതാക്കള്‍ ബിജെപിക്ക് തലവേദനയാവുന്നു. ഹരിയാന ബിജെപിയില്‍ നിന്ന് എട്ട് വിമത (Rebel) നേതാക്കളെ പുറത്താക്കി (Expels).
മുഖ്യമന്ത്രി നയാബ് സിങ് സെയിനി അടക്കമുള്ളവര്‍ക്കെതിരേ മല്‍സരിക്കാനിറങ്ങിത്തിരിച്ച എട്ട് വിമത നേതാക്കളെയാണ് പുറത്താക്കിയത്. ആറുവര്‍ഷത്തേക്കാണ് പുറത്താക്കലെന്ന് ബിജെപി അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലി വ്യക്തമാക്കി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നേതാക്കള്‍ വിമതരായി മല്‍സരിക്കാനിറങ്ങിയിരിക്കുന്നത്.
ഹരിയാന നിയമസഭയിലേക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി രഞ്ജിത് ചൗട്ടാലയും പുറത്താക്കിയവരുടെ പട്ടികയിലുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലി പറഞ്ഞു. മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നിക്കെതിരെ ലാദ്വയില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച സന്ദീപ് ഗാര്‍ഗിനെയും പാര്‍ടിയില്‍ നിന്ന് പുറത്താക്കി.
അസാന്ദില്‍ നിന്ന് മത്സരിക്കുന്ന സൈല്‍ റാം ശര്‍മ്മ, സഫിദോയില്‍ നിന്നുള്ള മുന്‍ മന്ത്രി ബച്ചന്‍ സിംഗ് ആര്യ, മെഹാമില്‍ നിന്ന് രാധ അഹ്ലാവത്, ഗുഡ്ഗാവില്‍ നിന്ന് നവീന്‍ ഗോയല്‍, ഹതിനില്‍ നിന്ന് കെഹാര്‍ സിംഗ് റാവത്ത്, മുന്‍ എംഎല്‍എ ദേവേന്ദ്ര കദ്യാന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് ആറ് നേതാക്കള്‍. റാനിയയില്‍ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത് ചൗട്ടാല പാര്‍ടി വിടാന്‍ തീരുമാനിച്ചത്.
നേതാക്കള്‍ക്കിടയില്‍ ഐക്യം കൊണ്ടുവരാന്‍ കഴിയാത്ത ഒരു പാര്‍ടിക്ക് എങ്ങനെ സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ ചോദ്യം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയില്‍ നിന്നും നേതാക്കളെ പുറത്താക്കിയത്.
#HaryanaBJP, #BJPExpelsLeaders, #HaryanaElections, #IndianPolitics, #RebelLeaders, #PoliticalCrisis