Government | 'ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളുമായി പോകുന്നു'; കേരളത്തോട് യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്‍; മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയില്ല, വീഡിയോ

 
Governor Arif Mohammad Khan Bids Farewell to Kerala
Governor Arif Mohammad Khan Bids Farewell to Kerala

Photo Credit: Screenshot from a X video by Kerala Governor

● കാലാവധി കഴിഞ്ഞെങ്കിലും സംസ്ഥാനവുമായി ബന്ധം തുടരും.
● കേരളത്തിലെ ജനങ്ങള്‍തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി.
● യാത്രയയപ്പ് ഇല്ലാത്തതിനാല്‍ പരാതിയില്ല. 
● വ്യാഴാഴ്ച ബിഹാര്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കും.

തിരുവനന്തപുരം: (KVARTHA) സര്‍ക്കാരുമായുള്ള വിവാദ അധ്യായങ്ങള്‍ക്ക് തിരശ്ശീലയിട്ട് കേരളത്തോട് യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഞായറാഴ്ച രാവിലെ ഡല്‍ഹിക്ക് മടങ്ങി. വ്യാഴാഴ്ച ബിഹാര്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലയാളത്തില്‍ യാത്രാമൊഴി പറഞ്ഞു. 

കാലാവധി കഴിഞ്ഞെങ്കിലും സംസ്ഥാനവുമായി ബന്ധം തുടരുമെന്നും കേരളത്തിലെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെയെല്ലാം എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും മലയാളത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് സംസാരിച്ചു.

സര്‍ക്കാരിന് ആശംസകള്‍ നേരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. യാത്രയയപ്പ് ഇല്ലാത്തതിനാല്‍ പരാതിയില്ല. രാജ്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് മരിച്ച ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചതിനെത്തുടര്‍ന്ന് ദുഃഖാചരണമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കിയില്ല. യാത്രയാക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചതായും അറിവില്ല. 


അതേസമയം, സര്‍ക്കാര്‍ പ്രതിനിധികള്‍ അദ്ദേഹത്തെ യാത്ര അയക്കാനായി എത്തി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ രാജ് ഭവനിലെത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പോലീസ് മേധാവിയുടെ ചുമതലയുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം, ആരോഗ്യ സര്‍വകലാശാലാ വി.സി. ഡോ. മോഹനന്‍ കുന്നുമ്മേല്‍, കാര്‍ഷിക സര്‍വകലാശാലാ വി.സി. ബി. അശോക് എന്നിവരുമെത്തി. 

സര്‍വകലാശാല വിഷയത്തില്‍ ഒഴികെ സര്‍ക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടതില്ല. രണ്ടു പ്രവര്‍ത്തന ശൈലിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഉദ്യോഗസ്ഥരോടും ജീവനക്കാരോടും നന്ദിപറഞ്ഞു. യാത്രയയപ്പിനുശേഷം മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് ടാറ്റാ നല്‍കി. പേട്ടയില്‍ വച്ചാണ് ഗവര്‍ണര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ടാറ്റ നല്‍കിയത്. പി സദാശിവം ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ വലിയ യാത്രയയപ്പാണ് സര്‍ക്കാര്‍ നല്‍കിയത്.

#ArifMohammadKhan #GovernorFarewell #Kerala #Controversy #Politics #Bihar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia