Controversy | മലപ്പുറം വിവാദങ്ങളിൽ ഗവർണർ - മുഖ്യമന്ത്രി പോർമുഖം തുറന്നു; വീണ്ടും രാഷ്ട്രീയം കളിക്കാൻ രാജ്ഭവൻ ഇറങ്ങുമ്പോൾ

 
Governor and Chief Minister Clash Over Malappuram Comments
Watermark

Photo Credit: Facebook/ Arif Mohammed Khan, Pinarayi Vijayan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മലപ്പുറം വിവാദം: ഗവർണർ സർക്കാരിനെ വെട്ടിലാക്കി.
● ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി.
● ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി. 

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) രാജ്യത്തെ മറ്റുള്ള ഗവർണർമാരെപ്പോലെയല്ല കേരളത്തിൻ്റെ പ്രഥമ പൗരനായ ഡോ. ആരിഫ് മുഹമദ് ഖാൻ. എന്തിലും കയറി ഇടപ്പെടുകയെന്നാണ് അദ്ദേഹത്തിൻ്റെ രീതി. ഔചിത്യമില്ലാതെ തൻ്റെ പദവി മറന്നുള്ള രാഷ്ട്രീയം കളിയാണ് ഇതിൽ ഏറെയും. ക്രിയാത്മകമായി തിരുത്തൽ ശക്തിയായി ഗവർണർ മാറുമ്പോൾ അതു ജനാധിപത്യത്തെ ശക്തിപ്പെടുത്തിയേക്കാം. എന്നാൽ നാടൻ ഭാഷയിൽ കുത്തിത്തിരിപ്പുമായി ഇറങ്ങുന്നത് രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുക്കാനാണ്. കേന്ദ്ര സർക്കാരിനെ നയിക്കുന്ന പാർട്ടി നേതാക്കളുടെയും ഭരണാധികാരികളുടെയും പ്രീതി പറ്റാനുള്ള അഭ്യാസങ്ങളാണ് ഇതിൽ ഏറെയും.

Aster mims 04/11/2022

ഗവർണർ പദവി മറന്നുകൊണ്ടു വിദ്യാർത്ഥി പ്രവർത്തകരെ തെരുവിലിറങ്ങി വെല്ലുവിളിച്ച ചരിത്രവും ഗവർണർക്കുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുഴുക്കുത്തുകളും അമിതമായ രാഷ്ട്രീയവൽക്കരണവും ഇല്ലാതാക്കാൻ നേരത്തെ ഗവർണർ നടത്തിയ ഇടപെടലുകളെ കേരളം മുഴുവൻ സ്വീകരിച്ചതാണ്. അതിനു ശേഷവും സർക്കാരിന് തിരുത്തൽ ശക്തിയായി ചില കാര്യങ്ങളിൽ ഗവർണർ മാറിയിട്ടുണ്ട്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന രീതിയിലാണ് രണ്ടാം പിണറായി സർക്കാരിനോട് ഗവർണറുടെ സമീപനമെന്നത് പറയാതെ വയ്യ.

തുടക്കത്തിൽ സർക്കാരും മുഖ്യമന്ത്രിയുമായി നല്ല രീതിയിൽ പോയിരുന്നുവെങ്കിലും കണ്ണൂർ സർവകലാശാല വി സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ തെറ്റുകയായിരുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രനെ രണ്ടാം വട്ടവും വി സിയാക്കാൻ ഗവർണർ അനുമതി ഉത്തരവിൽ ഒപ്പിട്ടു നൽകിയിരുന്നുവെങ്കിലും ഈ കാര്യം വിവാദങ്ങൾക്കും നിയമവ്യവഹാരത്തിലും കുടുങ്ങിയതോടെ സർക്കാർ ഗവർണറെ പഴിചാരി രക്ഷപ്പെടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഗവർണർ തൻ്റെ അധികാരപ്രയോഗത്തിൻ്റെ മൂർച്ച കൂട്ടിയത്. കഴിഞ്ഞ കുറെക്കാലമായി ഏറ്റുമുട്ടലിൻ്റെ പാതയിൽ നിന്നും വിട്ടുനിന്ന ഗവർണർ സർക്കാർ വിവാദങ്ങളിൽ ആടിയുലയുമ്പോൾ വീണ്ടും അച്ചടക്ക വടിയെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെയാണ് വീണ്ടും പോർമുഖം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദമലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയെയും ഡി.ജി.പി യെയും നേരിട്ടു വിളിച്ചു വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ഗവർണർ. എട്ടിന് വൈകുന്നേരം നാല് മണിക്ക് ഇവരോട് രാജ്ഭവനിൽ എത്തിച്ചേരാനാണ് ഉഗ്ര ശാസന. എന്നാൽ സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു.

സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ വിശദീകരിക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരില്‍ ദേശീയ മാധ്യമമായ ദ ഹിന്ദുവിന് നല്‍കിയ വിവാദ പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍.
ദേശവിരുദ്ധര്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഈക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ഇതിന് പിന്നില്‍ ആരാണെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 

അവര്‍ക്കെതിരെ കൈകൊണ്ട് നടപടികള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ദ ഹിന്ദുവില്‍ മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. '123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്' എന്നാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു പ്രസിദ്ധീകരിച്ചത്.

എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഇതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രവും രംഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞ വാചകങ്ങളല്ല, പകരം കെയ്‌സന്‍ എന്ന പി ആര്‍ കമ്പനി എഴുതി നല്‍കിയ ഭാഗമാണ് മലപ്പുറം പരാമര്‍ശമെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. താന്‍ പറയാത്ത കാര്യങ്ങളാണ് ഹിന്ദു അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. 

ഇതോടെ അണയാൻ തുടങ്ങിയ വിവാദങ്ങൾക്കാണ് വീണ്ടും തീപ്പിടിപ്പിക്കാൻ ഗവർണർ നീക്കം നടത്തുന്നത്. എന്നാൽ നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ഗവർണറുടെ മിന്നൽ നീക്കങ്ങൾ സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. നേരത്തെ മലപ്പുറം ജില്ലയെ കുറിച്ചു സംഘ്പരിവാർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി തന്നെ ആവർത്തിക്കുന്നത് എൽഡിഎഫിനും രണ്ടാം പിണറായി സർക്കാരിനും രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ.

#KeralaPolitics #GovernorVsChiefMinister #Malappuram #PoliticalTension #IndiaNews #StateGovernance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script