Controversy | പാലക്കാട്ട് പരാജയത്തിന്റെ അവസാനത്തെ ആണിയടിക്കാന്‍ ഇപിയുടെ പേരിൽ വന്ന 'ആത്മകഥ'യ്ക്ക് കഴിയുമോ?
● വിവാദ പ്രസ്താവനകള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി.
● ഇ.പിയും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി.
● പാലക്കാട് സരിന്റെ സ്ഥാനാർഥിത്വവും ചർച്ചയായി.
ദക്ഷാ മനു
(KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലും കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നു. ഡിസി ബുക്‌സിന് നല്‍കിയ ആത്മകഥയുടെ ഒരു ഭാഗം അവര്‍ വോട്ടെടുപ്പ് ദിവസം പുറത്തുവിട്ടതോടെ സിപിഎം വലിയ പ്രതിസന്ധിയിലായി. ആത്മകഥ തന്റെയല്ലെന്ന് ഇപി ജയരാജന്‍ അവകാശപ്പെട്ടെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പറയുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഇപി ജയരാജന്‍ സ്ഥിരീകരിക്കുകയും പാപിയെ ചുമക്കുന്നത് ശിവന് നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി പ്രതികരിക്കുകയും ഫലം വന്നപ്പോഴുണ്ടായ അവസ്ഥ എന്താണെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ ശേഷം ഇ.പി പാര്‍ട്ടിയുമായി അകന്നുകഴിയുകയാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ച ശേഷം തന്നേക്കാള്‍ ജൂനിയറായ എം.വി ഗോവിന്ദനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നതാണ് ഇ.പിയെ ആദ്യം ചൊടിപ്പിച്ചത്.
പിന്നാലെ പൊളിറ്റ്ബ്യൂറോയിലേക്കും എംവി ഗോവിന്ദനെ എടുത്തു. അതോടെ ഇപി വല്ലാതെ നിരാശനായി. ഇത് മനസ്സിലായ പിണറായി വിജയന്‍ അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനറാക്കിയെങ്കിലും അതൃപ്തി അവസാനിച്ചില്ല. മുന്നണിയുടെ നാഥന്‍ഡ എന്നനിലയില്‍ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. സിപിഐ പലതവണ ഇക്കാര്യം പരസ്യമായി പോലും ഉന്നയിച്ചു. മാത്രമല്ല കണ്‍വീനര്‍ പദവിയില്‍ ഇരുന്നുകൊണ്ട് സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പലപ്പോഴും പ്രതികരണങ്ങള്‍ നടത്തി. കരുവന്നൂര്‍ ബാങ്കിലെ ഇഡി അന്വേഷണത്തെ ന്യായീകരിച്ച് ഒരു ഉദാഹരണം മാത്രം.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ - സ്‌പോട്‌സ് മന്ത്രിയായിരുന്നു ഇപി. ബന്ധുവായ പികെ ശ്രീമതിയുടെ മകന് പൊതുമേഖലാ സ്ഥാപനത്തില്‍ നിയമനം നല്‍കിയതിനെ തുടര്‍ന്ന് പിണറായി രാജിവെപ്പിച്ചിരുന്നു. പിന്നീട് വിജിലന്‍സ് അന്വേഷണത്തിന് ശേഷമാണ് തിരികെയെത്തിയത്. ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്നും മന്ത്രിമാര്‍ ദുര്‍ബലരാണെന്നും ഇപിയുടെ പേരില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാനിരിക്കുന്ന ആത്മകഥയില്‍ പറയുന്നു.
ജനങ്ങളുമായും പ്രവര്‍ത്തകരുമായും അടുപ്പമില്ലാത്ത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉണ്ടായെന്നും പറയുന്നു. പാലക്കാട് എ.വിജയരാഘവനെയും പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെയും മത്സരിപ്പിച്ചതിനുള്ള വിമര്‍ശനമാണത്. മാത്രമല്ല, പല നേതാക്കളെയും പരിഗണിക്കാതെ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിച്ചത് ശരിയല്ലെന്നും ചൂണ്ടിക്കാണിക്കുന്നു. എം.മുകേഷ്, ശൈലജ ടീച്ചര്‍ എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ചോദ്യം ചെയ്യുന്നത്. ' കട്ടന്‍ചായയും പരിപ്പുവടയും' ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം എന്നാണ് ആത്മകഥയുടെ പേര്. പുസ്തകത്തിന്റെ പുറംചട്ടയും വിവാദമായ ചില അധ്യായങ്ങളും പുറത്തു വന്നതോടെയാണ് ഇപി കലിപ്പിലായത്.
ഡിസിക്കെതിരെ അദ്ദേഹം മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു. അവര്‍ പ്രതികരണം നടത്തിയില്ല, പകരം പ്രകാശനം മാറ്റിവെച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷമേ പുസ്തകം വായനക്കാരിലെത്തൂ എന്നും അപ്പോഴേക്കും വിവാദങ്ങള്‍ അടങ്ങും എന്ന് പറഞ്ഞാണ്, പാലക്കാട്ടെ പി.സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്യുന്നത്. വഴിയെ പോയ വയ്യാവേലി എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. കഞ്ഞുകൃഷ്ണന്‍ നമ്പ്യാര്‍, പിവി അന്‍വര്‍ തുടങ്ങിയ ഉദാഹരണങ്ങളും എടുത്ത് പറയുന്നു. കോണ്‍ഗ്രസുകാരനായ കുഞ്ഞുകൃഷ്ണനെ മത്സരിപ്പിച്ച് ജയിപ്പിച്ചെങ്കിലും അദ്ദേഹം വീണ്ടും മറുകണ്ടംചാടി. പിവി അന്‍വറിന്റെ അവസ്ഥയും ഏതാണ്ട് സമാനമാണ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാര്‍ട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം. നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു എന്നും പറയുന്നു.
ഡിസി ബുക്‌സ് ഇപിയുടെ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറാകില്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. പിന്നെ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് രക്ഷപെടാനായി ഇപി പലതും പറയുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിന്റെ പേരില്‍ കൂടുതല്‍ നടപടികള്‍ അദ്ദേഹത്തിനെതിരെ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ട വിഷയമാണ്. വിവാദങ്ങള്‍ എല്ലാ കാലത്തും ഇപിയുടെ കൂടപ്പിറപ്പാണ്. പണ്ട് മെഷീന്‍ കല്ലുവെട്ടിനെതിരെ സിപിഎം കണ്ണൂരില്‍ സമരം നടത്തിയിരുന്നു. തൊഴിലാളികള്‍ക്ക് ജോലിയില്ലാതാകുമെന്ന് കണ്ടായിരുന്നു അത്തരത്തിലുള്ള സമരം നടത്തിയത്. എന്നാല്‍ ആ സമയത്ത് ഇ.പി ജയരാജന്‍ മെഷീന്‍ വെട്ടിയ കല്ലുപയോഗിച്ച് വീട് പണിതു. അത് വലിയ വിവാദമായിരുന്നു.
ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് പോയി മടങ്ങിവരും വഴി ഇ.പിക്ക് വെടിയേറ്റതോടെയാണ് അത് കെട്ടടങ്ങിയത്. പലപ്പോഴും പക്വതയില്ലാത്ത സമീപനമാണ് ഇപി സ്വീകരിച്ചിട്ടുള്ളത്. പാലക്കാട് പാര്‍ട്ടി പ്ലീനം നടന്നപ്പോള്‍ പ്രധാന വിഷയം, ചങ്ങാത്തമുതലാളിത്തം അവസാനിപ്പിക്കുക എന്നതായിരുന്നു. പ്ലീനത്തോട് അനുബന്ധിച്ച് ആശംസയുമായി, വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ സൂര്യാഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ ഒന്നാംപേജില്‍ വന്നു.
അന്നത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ക്ഷുഭിതനായി. പിന്നീട് ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ പഴയ ഓഫീസും സ്ഥലവും ഇതേ ചാക്ക് രാധാകൃഷ്ണന് വിറ്റതിലെ ഇടനിലക്കാരനും മറ്റാരുമായിരുന്നില്ല. വിവാദ ലോട്ടറി മുതലാളി സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്ന് രണ്ട് കോടി രൂപ ഇപി ബോണ്ട് വാങ്ങിയത് വലിയ വിവാദമായിരുന്നു. അവസാനം ആ പണം തിരികെ കൊടുക്കേണ്ടിവന്നു.
#EPJayarajan #CPM #KeralaPolitics #Controversy #Autobiography #PalakkadElection