Election Results | പാലക്കാട് പി സരിനിലൂടെ ഇടതിന് നേട്ടമുണ്ടായോ? വോട്ട് കണക്കുകൾ പറയുന്നത് ഇങ്ങനെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 27 ശതമാനം വോട്ട് ആണ് എല്‍ഡിഎഫിന് കിട്ടിയത്.
● എൽഡിഎഫിന്റെ വോട്ട് കുറഞ്ഞപ്പോൾ ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
● 2016ൽ ഇ ശ്രീധരൻ നേടിയ 49,155 വോട്ടുകളിൽ നിന്നും ഇപ്പോൾ 39,549 വോട്ടിലേക്ക് കൂപ്പുകുത്തി.
പാലക്കാട്: (KVARTHA) ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര വിജയം നേടിയപ്പോൾ കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ പി സരിനിലൂടെ തങ്ങളുടെ വോട്ട് വിഹിതത്തിൽ ചെറുതായെങ്കിലും വർധനവ് നേടാനായതിന്റെ ആശ്വാസത്തിലാണ് എൽഡിഎഫ്. 2011 ലെ കെ കെ ദിവാകരന്റെ വിജയത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫ് പാലക്കാട്ട് വോട്ടുനിലയിൽ നേട്ടം കരസ്ഥമാക്കുന്നത്.
പി സരിൻ മൂന്നാം സ്ഥാനത്തായെങ്കിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ എൽഡിഎഫിന് 860 വോട്ടുകൾ അധികം നേടാനായി. കൂടാതെ രണ്ടാം സ്ഥാനത്തുള്ള ബിജെപിയുമായുള്ള അന്തരവും 13,533 വോട്ടിൽ നിന്നും 2256 വോട്ടിലേക്ക് കുറയ്ക്കാനായി. 27 ശതമാനം വോട്ട് ആണ് എല്‍ഡിഎഫിന് കിട്ടിയത്. 35.34 ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ട് 28.63 ശതമാനത്തിലേക്കെത്തി. യുഡിഎഫ് - 58389, ബിജെപി - 39549, എൽഡിഎഫ് - 37293 എന്നിങ്ങനെയാണ് വോട്ട് നില.
പാലക്കാട് മണ്ഡലത്തിൽ 2006ലാണ് അവസാനമായി എൽഡിഎഫ് വിജയിച്ചത്, അന്ന് കെ കെ ദിവാകരൻ ആണ് മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്. എന്നാൽ പിന്നീട്, ഈ മണ്ഡലം യുഡിഎഫിന്റെ കോട്ടയായി മാറുകയും തുടർച്ചയായി ഷാഫി പറമ്പിൽ വിജയിക്കുകയും ചെയ്തു. എൽഡിഎഫിന്റെ വോട്ട് കുറഞ്ഞപ്പോൾ ക്രമേണ ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
2021ൽ ശാഫി പറമ്പിലിന് 3,859 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ, 18,840 വോട്ടിന്റെ ഭൂരിപക്ഷം നേടി യുഡിഎഫിന്റെ അടിത്തറ ഭദ്രമാക്കി. അതേസമയം, മണ്ഡലത്തിൽ സുപരിചിതനായ സി കൃഷ്ണകുമാർ സ്ഥാനാർഥിയായിട്ടും ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് പാലക്കാട്ട് നേരിടേണ്ടി വന്നത്. 2016ലും 2021ലും കൈവശം വെച്ച വോട്ടുകൾ നഷ്ടമാവുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിഞ്ഞത്. 2016ൽ ഇ ശ്രീധരൻ നേടിയ 49,155 വോട്ടുകളിൽ നിന്നും ഇപ്പോൾ 39,549 വോട്ടിലേക്ക് കൂപ്പുകുത്തി.
#PalakkadByElection #P Sarin #LDF #BJP #KeralaElections #ElectionResults
