Voting Progress | കനത്ത പോരാട്ടം നടക്കുന്ന ഡൽഹിയിൽ പോളിംഗ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതിയും


● കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്
● ആം ആദ്മി പാർട്ടിയും ബിജെപിയും കോൺഗ്രസും കടുത്ത പോരിൽ
● മിൽകിപൂർ, ഈറോഡ് ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പോളിംഗ്.
ന്യൂഡൽഹി: (KVARTHA) ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 മണിവരെ 19.95 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു രാവിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്ര വിദ്യാലയത്തിൽ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും. അവസാന നിമിഷം പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.
1,56,14,000 വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഇതിൽ 83,76,173 പേർ പുരുഷന്മാരും, 72,36,560 പേർ സ്ത്രീകളുമാണ്. 2,39,905 പേരാണ് കന്നി വോട്ടർമാരായുള്ളത്. 85 വയസിനു മുകളിലുള്ള 1,09,368 മുതിർന്ന വോട്ടർമാരും 79,885 ഭിന്നശേഷി വോട്ടർമാരും ഇത്തവണ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കുന്നു.
ആം ആദ്‌മി പാർട്ടി (AAP) മൂന്നാം തവണയും അധികാരത്തിലേറാൻ ശ്രമിക്കുകയാണ്. ഭരണം പിടിച്ചെടുക്കാൻ ബിജെപിയും കോൺഗ്രസും ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹിയിൽ നിരവധി റാലികളും നടത്തിയിരുന്നു. ഡൽഹി ഇക്കുറി കടുത്ത പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്.
അതേസമയം, ഉത്തർപ്രദേശിലെ മിൽകിപൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും പുരോഗമിക്കുകയാണ്. രാവിലെ 11 മണിവരെ 29.86 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ സീറ്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണ്. സമാജ്‌വാദി പാർട്ടി നേതാവും അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ എംപിയുമായ നേതാവ് അവധേഷ് പ്രസാദിന്റെ മകൻ അജീത് പ്രസാദ്, ബിജെപിയിലെ ചന്ദ്രഭാനു പാസ്വാൻ, ആസാദ് സമാജ് പാർട്ടിയിലെ സന്തോഷ് കുമാർ എന്ന സൂരജ് ചൗധരി എന്നിവർ തമ്മിലുള്ള കനത്ത പോരാട്ടമാണ് നടക്കുന്നത്. മിൽകിപൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്ന അവധേഷ് പ്രസാദ് ഫൈസാബാദിൽ നിന്ന് വിജയിച്ചതിനാലാണ് ഈ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ രാവിലെ 11 മണിവരെ 26.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡിഎംകെ മുൻ എംഎൽഎ വി സി ചന്ദ്രകുമാറും എൻ ടി കെ സ്ഥാനാർത്ഥി എം കെ ശീതലക്ഷ്മിയും തമ്മിലാണ് പ്രധാന പോരാട്ടം. 44 സ്വതന്ത്ര സ്ഥാനാർത്ഥികളും ഇത്തവണ പോരിനിറങ്ങിയിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Voting for Delhi Legislative Assembly elections is underway with 19.95% voter turnout till 11 AM. Major parties like AAP, BJP, and Congress are intensely campaigning.
#DelhiElections, #VotingProgress, #DelhiPolitics, #PresidentVote, #IndianElections, #DelhiNews