അധികാരത്തുടർച്ച ലക്ഷ്യം; ജനപ്രിയ നടപടികളുമായി മുന്നോട്ട്, തദ്ദേശ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ സിപിഎം


● തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആധിപത്യം ലക്ഷ്യം.
● സ്വകാര്യ സർവേയിൽ ശക്തമായ ഭരണവിരുദ്ധ വികാരം.
● 47.9% പേർക്ക് മുഖ്യമന്ത്രിക്കെതിരെ വികാരം.
● കെ-റെയിൽ, ജലപാത പദ്ധതികൾ മാറ്റിവയ്ക്കാൻ സാധ്യത.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലുണ്ടായ ഭരണവിരുദ്ധ വികാരം മറികടന്ന് മൂന്നാമതും ഭരണത്തുടർച്ച ഉറപ്പിക്കാൻ സി.പി.എം കൊണ്ടുപിടിച്ച ശ്രമങ്ങൾ തുടങ്ങി. ഇതിനായി സർക്കാരിന്റെ അലകും പിടിയും മാറ്റിക്കൊണ്ട് പുനഃസംഘടനയും നേതൃനിരയിലെ മാറ്റങ്ങളും ജനപ്രിയ നടപടികളുമാണ് നടപ്പിലാക്കുക.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നിലവിലുള്ള സമഗ്രാധിപത്യം അതിശക്തമായി തുടരുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങും.
കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായുള്ള സർവേ ഫലം പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ ഗവേഷണ സ്ഥാപനമായ 'വോട്ട് വൈബ്' നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്.
സർവേയിൽ പങ്കെടുത്തവരിൽ 47.9 ശതമാനം പേർ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കുന്നു. 18 മുതൽ 24 വയസ്സുള്ളവരിൽ 37 ശതമാനം പേരും 55 വയസ്സിന് താഴെയുള്ളവരിൽ 45 ശതമാനം പേരും ശക്തമായ ഭരണവിരുദ്ധ വികാരമുള്ളവരാണ്.
സർവേയിൽ പങ്കെടുത്തവരിൽ 62 ശതമാനം പേർ അവരുടെ സിറ്റിംഗ് എം.എൽ.എമാർക്ക് വോട്ട് ചെയ്യാൻ താൽപര്യപ്പെടുന്നില്ല. 23 ശതമാനം പേർക്ക് മാത്രമേ അവർക്ക് വീണ്ടും വോട്ട് ചെയ്യാൻ താൽപര്യപ്പെടുന്നുള്ളൂ.
38.9 ശതമാനം പേർ യു.ഡി.എഫ് വികസന നയത്തെ ഇഷ്ടപ്പെടുന്നു. 27.8 ശതമാനം പേർ എൽ.ഡി.എഫ് നയത്തെ ഇഷ്ടപ്പെടുമ്പോൾ, എൻ.ഡി.എയോട് 23.1 ശതമാനം പേരും താൽപര്യം പ്രകടിപ്പിക്കുന്നു.
യു.ഡി.എഫിനെ പിന്തുണയ്ക്കുന്നവരിൽ 28.3 ശതമാനം പേർ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇഷ്ടപ്പെടുന്നു. വി.ഡി. സതീശനെ 15.4 ശതമാനം പേർ മാത്രമാണ് പരിഗണിക്കുന്നത്. എൽ.ഡി.എഫിനെ ഇഷ്ടപ്പെടുന്നവരിൽ 24.2 ശതമാനം പേർ കെ.കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇഷ്ടപ്പെടുന്നു.
നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തുടരാൻ 17.5 ശതമാനം പേർ മാത്രമാണ് ആഗ്രഹിക്കുന്നത്. എൻ.ഡി.എയിൽ നിന്നും ആരുടെയും പേര് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.
പൊള്ളുന്ന വിലക്കയറ്റം, കെട്ടിടനികുതി വർധനവ്, ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത തുടങ്ങി ഒട്ടേറെ തലവേദനകളാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. ഇതിനെയൊക്കെ അതിജീവിക്കുന്നതിനായി ജനപ്രിയ നടപടികളാണ് ഇനിയുള്ള ചുരുക്കം മാസങ്ങളിൽ വരിക. എന്നാൽ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതിന് തടസ്സമായി മാറിയിട്ടുണ്ട്.
സാമൂഹ്യക്ഷേമ പെൻഷൻ, ആശാ വർക്കർമാരുടെ വേതനവർധനവ് തുടങ്ങിയ ആവശ്യങ്ങളൊന്നും അതിനാൽ നടപ്പിലാക്കാനായേക്കില്ല. കേന്ദ്രപൂളിൽ നിന്നും കൂടുതൽ വായ്പയെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാർ ഒരുങ്ങുന്നത്. എന്നാൽ കേന്ദ്ര ധനകാര്യ വകുപ്പ് ഇതിന് തടസ്സം നിൽക്കുമോയെന്ന ആശങ്കയുണ്ട്.
സർക്കാരിന്റെ സ്വപ്‌ന പദ്ധതികളായ കെ-റെയിൽ, ജലപാത വികസനം തുടങ്ങിയവ മാറ്റിവയ്ക്കാനുള്ള സാധ്യതയുമുണ്ട്. ജനരോഷം നിലനിൽക്കുന്ന പദ്ധതികൾ നടപ്പിലാക്കിയാൽ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഈ സർവേ ഫലങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: CPM plans popular measures to counter anti-incumbency in Kerala.
#KeralaPolitics #CPMKerala #LDFGovernment #PinarayiVijayan #KeralaElections #AntiIncumbency