Political | കണ്ണൂരില്‍ പുകഴ്ത്തല്‍ ഗാന വിവാദം പുകയുന്നു; മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ട് ചര്‍ച്ചയാകുന്നതിനിടെ കണ്ണൂര്‍ ജില്ലാ സമ്മേളന ഗാനം പങ്കുവെച്ച് പി ജയരാജന്‍


● 'പിണറായിയെ സ്തുതിച്ചുളള പാട്ടിനെ കുറിച്ച് പ്രതികരിക്കാനില്ല.'
● ട്രോളിയെന്നും സ്തുതിഗീതം ഇഷ്ടമായില്ലെന്നും കമന്റുകള്‍.
● അനീഷ് തലോറയുടെ രചനയ്ക്ക് ജയകാര്‍ത്തിയാണ് സംഗീതം.
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) ജില്ലാ സിപിഎമ്മില്‍ പാട്ടു വിവാദം പുകയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ടുള്ള ഗാനത്തിന് പകരം സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് തയ്യാറാക്കിയ സംഗീത ആല്‍ബം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച് പി ജയരാജന്‍ രംഗത്തുവന്നതോടെയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചുളള പാട്ടിനെ ട്രോളിയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ 'ചങ്കിലെ ചെങ്കൊടി' എന്ന വിപ്ലവ ഗാനം പങ്കുവെച്ചതെന്ന പ്രതികരണങ്ങള്‍ പി ജയരാജന്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്.
ഇത്തരം വിശകലനങ്ങളില്‍ എന്ത് കാര്യം?, കണ്ണൂര്‍ ജില്ല സമ്മേളനം നടക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. താന്‍ പാട്ട് ഷെയര്‍ ചെയ്തുവെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പിണറായി വിജയനെ സ്തുതിച്ചുളള പാട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ തളിപ്പറമ്പില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പാട്ടാണ് പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
പിണറായി വിജയനെ പുകഴ്ത്തിയുളള 'ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍' എന്ന പാട്ട് ചര്‍ച്ചയായ സമയത്താണ് ജയരാജന്‍ വിപ്ലവ ഗാനം ഷെയര്‍ ചെയ്തത്. പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയെന്നും സ്തുതിഗീതം ഇഷ്ടമായില്ലെന്നും കമന്റുകള്‍ ഉയര്‍ന്നിരുന്നു. എം സ്വരാജാണ് ചങ്കിലെ ചെങ്കൊടി എന്ന പാട്ട് പ്രകാശനം ചെയ്തത്. അനീഷ് തലോറയുടെ രചനയ്ക്ക് ജയകാര്‍ത്തിയാണ് സംഗീതം നല്‍കിയത്.
2017ല്‍ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ 'കണ്ണൂരിന്റെ ഉദയസൂര്യന്‍' എന്ന സംഗീത ആല്‍ബം വിവാദത്തിനിടയാക്കിയിരുന്നു. പി ജയരാജനെ പുകഴ്ത്തി പാടിയതിനെതിരെ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചു തോല്‍ക്കുകയും ചെയ്തു. എന്നാല്‍ പി ജെയുടെ വ്യക്തി പൂജാ വിവാദങ്ങളില്‍ കടുത്ത നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി തന്നെയാണ് സമാന ആരോപണങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്.
കാരണഭൂതന്‍ തിരുവാതിരയ്ക്ക് സമാനമാണ് പുതിയ 'ചെമ്പടയ്ക്ക് കാവലാള്‍' എന്ന് തുടങ്ങുന്ന പാട്ടെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്തെന്നത് വ്യക്തമല്ല. എന്നാല്‍ തങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കുന്നവരല്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പുതിയ പാട്ട് ഇറക്കിയത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഉദ്ഘാടനത്തില്‍ ഈ പാട്ട് ആലപിക്കുകയും ചെയ്തു. ധനകാര്യ വകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ എസ് വിമലാണ് സംഗീതം നല്‍കിയത്. സമരധീര സാരഥിയെന്നും കാവലാളെന്നും ഫീനിക്‌സ് പക്ഷിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്.
#KeralaPolitics #CPM #PinarayiVijayan #Jayarajan #Controversy #IndiaNews