Human Rights | 'ജയിലുകള്‍ അന്തേവാസികളുടെ സുരക്ഷിതമായ വാസസ്ഥലമായിരിക്കണം'; തടവുകാരുടെ അന്തസ് നിലനിര്‍ത്തുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി
● ജയില്‍ മോചിതരാകുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കണം.
● ജയില്‍ മോചിതരോട് വിവേചനം പാടില്ല.
● മാനസിക ചികിത്സാ സൗകര്യങ്ങളും ലഭിക്കണം.
തിരുവനന്തപുരം: (KVARTHA) ജയിലുകള്‍ അന്തേവാസികള്‍ക്കു സുരക്ഷിതമായ വാസസ്ഥലമായിരിക്കണമെന്നും തടവുകാരുടെ അന്തസ് നിലനിര്‍ത്തുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശാരീരിക മര്‍ദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് ജയിലിനുള്ളില്‍ ഇടമുണ്ടാകാന്‍ പാടില്ല. ജയില്‍ മോചിതരാകുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെടണം. ഒരു തരത്തിലുള്ള വിവേചനത്തിനും അവര്‍ പാത്രമാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജയില്‍ ഉപദേശക സമിതിയുടെ പ്രഥമ യോഗത്തോടനുബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2015 ലെ നെല്‍സണ്‍ മണ്ടേല റൂള്‍സ്, 2016 ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍, 2023 ലെ മോഡല്‍ പ്രിസണ്‍ ആക്ട്, സുപ്രീം കോടതി - ഹൈക്കോടതി വിധിന്യായങ്ങള്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര ആഭ്യന്തര വകുപ്പ് എന്നിവയുടെ ഉത്തരവുകള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജയില്‍ പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പ്രതിബദ്ധതയാര്‍ന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. പുതുതായി നിര്‍മ്മിക്കുന്ന ജയില്‍ കെട്ടിടങ്ങള്‍ കൂടുതല്‍ ആധുനിക സൗകര്യങ്ങളുള്ളതായിരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ജയില്‍ അന്തേവാസികളുടെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും ഇടപെടലും ആവശ്യമുണ്ട്. അന്തേവാസികള്‍ക്ക് പൊതുചികിത്സാലയങ്ങളുടെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്. മാനസിക ചികിത്സാ സൗകര്യങ്ങളും കൗണ്‍സലിംഗ് സേവനങ്ങളും കാലോചിതവും സമഗ്രവുമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ റിക്രിയേഷനുവേണ്ട അവസരങ്ങള്‍ നിലവില്‍ ജയിലിലുണ്ട്. അവയുടെ പരിഷ്‌ക്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കും.
2020 ല്‍ ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം കോടതികളിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിന് വളരെയധികം ഉപകാരപ്പെടുന്നുണ്ട്. അന്തേവാസികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള സാഹചര്യങ്ങള്‍ വിപുലമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ, നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം, ആരോഗ്യസുരക്ഷ, നിയമസഹായം, കൗണ്‍സലിംഗ് എന്നിവ ലഭ്യമാക്കുന്നതിന് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്യണം. ജയിലുകളിലെ ഫ്രീഡം ഫുഡ് ഫാക്ടറി, ഫ്രീഡം ഫ്യുവല്‍സ് തുടങ്ങിയ സംരംഭങ്ങള്‍ സ്വതന്ത്രരായ തടവുകാരുടെ പുനരധിവാസത്തിന് ഉതകുന്ന തൊഴില്‍ മേഖലകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമമുണ്ടാകണം. അന്തേവാസികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
ജയില്‍ മോചിതരാകുന്ന വേളയില്‍ അനാഥരാവുകയോ രോഗാവസ്ഥ മൂലം ആരും ഏറ്റെടുക്കാതെ വരികയോ ചെയ്യുന്നവര്‍ക്കായി ട്രാന്‍സിറ്റ് ക്യാമ്പുകള്‍ ആരംഭിക്കാനാകണം. ജയില്‍ ടൂറിസം പദ്ധതിയും മ്യൂസിയം ക്യൂറേഷനും കാലാനുവര്‍ത്തിയായ ആലോചനകളില്‍ ഉള്‍പ്പെടുത്തണം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ സമിതി വിശദമായി ചര്‍ച്ച ചെയ്യണം. അവ നടപ്പാക്കുന്ന കാര്യത്തില്‍ കൂട്ടായ ചര്‍ച്ചയും തീരുമാനവും ഉണ്ടാകണം.
ജയില്‍ ഉദ്യോഗസ്ഥരും അന്തേവാസികളും ജയില്‍ സ്ഥാപനങ്ങളും മാത്രമുള്‍ക്കൊള്ളുന്ന ഒരു അജൈവ പദ്ധതിയാണ് തിരുത്തല്‍ പ്രക്രിയ എന്ന പൊതുധാരണ മാറണം. തിരുത്തല്‍ പ്രക്രിയയില്‍ പൊതുസമൂഹത്തിന് പ്രായോഗികവും മൂര്‍ത്തവുമായ ധാരാളം സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. ഈ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ ജയില്‍ അഡൈ്വവസറി ബോര്‍ഡ് പദ്ധതി ആവിഷ്‌ക്കരിച്ചത്. സന്ദര്‍ശകരായി ജയിലിനുള്ളില്‍ പ്രവേശിക്കുന്ന ബോര്‍ഡ് അംഗങ്ങള്‍ക്ക് ജയില്‍ പരിഷ്‌കരണത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി അന്തേവാസികള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കാനാവണം. ജയില്‍ ഭരണകര്‍ത്താക്കളിലും സര്‍ക്കാരിലും അവ യഥാസമയം എത്തിക്കുകയും വേണം. അവയില്‍ ന്യായമായവ നടപ്പാക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജയിലുകള്‍ സര്‍ക്കാരിന്റെ മര്‍ദ്ദനോപാധിയല്ല. സാമൂഹിക രോഗാവസ്ഥയ്ക്കുള്ള ചികിത്സാ കേന്ദ്രങ്ങളാണെന്ന ആധുനിക വീക്ഷണം നടപ്പിലാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി ശിവദാസന്‍ എം പി അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ഐ ബി സതീഷ് എം.എല്‍.എ, കെ ശാന്തകുമാരി എം.എല്‍.എ, ജയില്‍ വകുപ്പ് മേധാവിബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ജയില്‍ ആസ്ഥാന കാര്യാലയം ഡി ഐ ജി എം കെ വിനോദ് കുമാര്‍, നിയമ വകുപ്പ് സെക്രട്ടറി കെ ജി സനല്‍ കുമാര്‍ , മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന സെഷനെ തുടര്‍ന്ന് ഉപദേശക സമിതി അംഗവും റിട്ട. ജയില്‍ ഡിഐജിയുമായ എസ് സന്തോഷ് തടവുകാരുടെ ക്ഷേമം, തെറ്റുതിരുത്തല്‍, പുനരധിവാസം എന്ന വിഷയത്തില്‍ പേപ്പര്‍ അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചയും നടന്നു.
#prisonreform #humanrights #Kerala #PinarayiVijayan #criminaljustice