Election | രണ്ടാം പിണറായി സർക്കാരിൻ്റെ വിലയിരുത്തലായി ചേലക്കര മാറുമോ? ഭരണ വിരുദ്ധ വികാര ഭീതിയിൽ ഇടതുമുന്നണി

 
LDF candidate U R Pradeep campaigning in Chelakkara
LDF candidate U R Pradeep campaigning in Chelakkara

Photo Credit: Facebook/ Pinarayi Vijayan

● സി.പി.എമ്മിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലം.
● കെ. രാധാകൃഷ്ണൻ നിരവധി തവണ ജയിച്ചിട്ടുണ്ട്.
● യു.ഡി.എഫ് ശക്തമായ പ്രചാരണം നടത്തുന്നു.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിക്കയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ചെങ്കോട്ടായി അറിയപ്പെടുന്ന ചേലക്കരയില്‍ ഒരു അട്ടിമറിയുണ്ടായാല്‍ അത് വരുകാല രാഷ്ട്രീയത്തിന്റെ ദിശാ സൂചിക കൂടിയായി മാറും. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന, സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍, ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് മത്സരിച്ചു വിജയിച്ച് എം പിയായതിനെ തുടര്‍ന്നാണ്, ചേലക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ചേലക്കരയുടെ 60 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം കോൺഗ്രസിൻ്റെയും സി.പി.എമ്മിൻ്റെതുമാണ്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിനെ തുടർന്ന് നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.കെ ബാലകൃഷ്ണനാണ് ജയിച്ചത്. 1967, 1982 വർഷങ്ങളിൽ സി.പി.എം ജയിച്ചതൊഴിച്ചാൽ കോൺഗ്രസ് ആധിപത്യം മണ്ഡലത്തിൽ പ്രകടമായിരുന്നു. പിന്നീട് ജനകീയനായ കെ രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് ചേലക്കര ചുവന്നുതുടങ്ങിയത്. ഇതുവരെ ആകെ നടന്ന 14 തെരഞ്ഞെടുപ്പിൽ എട്ടു തവണ സി.പി.എം ജയിച്ചു ആറു തവണ കോൺഗ്രസും.

1996 മുതൽ 2021 വരെ ആറുതവണയും എൽഡിഎഫാണ് ജയിച്ചത്. കോൺഗ്രസോ സി.പി.എമ്മോ അല്ലാതെ മറ്റൊരു പാർട്ടിയും ചേലക്കരയിൽ ജയിച്ചിട്ടില്ല. മണ്ഡലം രൂപീകൃതമായ 1965 മുതൽ അഞ്ചു തവണ കെ. രാധാകൃഷ്ണനും നാല് തവണ കെ കെ ബാലകൃഷ്ണനും ജയിച്ചു. ഇരുവർക്കും മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. രാധാക്യഷ്ണൻ രണ്ടുതവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി. ബാലകൃഷ്ണൻ ചേലക്കരയുടെ എം.എൽ.എ യായിരിക്കെ 1977-78 കാലത്ത് കെ. കരുണാകരൻ, എ.കെ ആൻ്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. 

LDF candidate U R Pradeep campaigning in Chelakkara

സി.പി.എമ്മിലെ പി.കുഞ്ഞൻ (1967), സി.കെ ചക്രപാണി (1982), യു.ആർ പ്രദീപ് (2016), കോൺഗ്രസിലെ ഡോ. എം.എ കുട്ടപ്പൻ (1987), എം.പി താമി (1991) എന്നിവർ ഓരോ തവണയും മണ്ഡലത്തിൽ നിന്നും ജയിച്ചു നിയമസഭയിലത്തി. ആലത്തൂർ ലോക്സഭാ സീറ്റ് എങ്ങനെയെങ്കിലും തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ തവണ മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനെ സി.പി.എം മത്സരിപ്പിക്കാനിറക്കിയത്. ഈ തീരുമാനം ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയും ചെയ്തു. മന്ത്രിയായിരിക്കെയാണ് രാധാകൃഷ്ണൻ ലോക്‌സഭയിതലത്തിയത്. 2016ൽ ഇവിടെ നിന്നും മത്സരിച്ചു ജയിച്ച യു.ആർ പ്രദീപിനെയാണ് ഇക്കുറി എൽഡിഎഫ് കളത്തിലിറക്കിയത്. 

മണ്ഡലത്തിൽ നല്ല വേരുകളുള്ള സ്ഥാനാർത്ഥിയാണ് പ്രദീപ്. ചേലക്കര സീറ്റ് ഇക്കുറിയും നിലനിർത്തിയില്ലെങ്കിൽ എൽ.ഡി.എഫിന് അതു ക്ഷീണം ചെയ്യും പാർട്ടി സ്വാധീന സ്ഥലങ്ങളിൽ പോലും കടന്നു കയറി ശക്തമായ പ്രചാരണം നടത്തിയിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാഹരി ദാസ്. ചേലക്കരയിൽ ഫോട്ടോ ഫിനിഷിങിലൂടെ രമ്യ വിജയിച്ചാൽ അതു മൂന്നര വർഷം പിന്നിടുന്ന രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള ജനവിധിയായി വ്യഖ്യാനിക്കപ്പെടും.

പാലക്കാട് തോറ്റാൽ യു.ഡി.എഫിൻ്റെ സിറ്റിങ് സീറ്റാണെന്ന് പറഞ്ഞ് പിടിച്ചു നിൽക്കാമെങ്കിലും ചേലക്കരയിൽ അതല്ല സ്ഥിതി. ഒന്നര വർഷം പിന്നിട്ടാൽ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫല സൂചനയായി ചേലക്കര മാറിയേക്കാം. നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ സംസ്ഥാന ഭരണത്തിൻ്റെ വിലയിരുത്തലാകില്ലെന്ന് പറഞ്ഞ് സി.പി.എം നേതാക്കൾ മുൻകൂർ ജാമ്യമെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കയ്യിലിരിക്കുന്ന സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയന്നാൽ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തന്നെയാണ് പ്രതിഫലിപ്പിക്കുക.

#KeralaPolitics #ChelakkaraByElection #PinarayiVijayan #LDF #UDF #KeralaElections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia