Complaint | 'ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് കേസെടുക്കണം'; പിപി ദിവ്യക്കെതിരെ എഡിഎമ്മിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി

 
ADM Brother files police complaint against PP Divya

Photo Credit: Facebook/P P Divya

ADVERTISEMENT

● നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി.
● സഹോദരന്റെ മരണത്തിലെ ദുരൂഹത നീക്കണം.
● വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറാകാതെ ദിവ്യ. 

കണ്ണൂര്‍: (KVARTHA) താമസ സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ (Naveen Babu) സഹോദരന്‍ പ്രവീണ്‍ ബാബു (Praveen Babu) പരാതിയുമായി പൊലീസിനെ സമീപിച്ചു. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെയാണ് (PP Divya) വക്കീല്‍ കൂടിയായ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്. 

Aster_MIMS

പിപി ദിവ്യ, എഡിഎം നവീന്‍ ബാബുവിനെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ദിവ്യ എഡിഎം നവീന്‍ ബാബുവിനെ അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് പരസ്യമായി അപമാനിക്കുകയും അഴിമതിക്കാരന്‍ എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച് പൊതു സദസ്സില്‍ അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്നും അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസിലാണ് പരാതി നല്‍കിയത്.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ കാസര്‍ഗോഡ്, കണ്ണൂര്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. എംവി ജയരാജനും ടിവി രാജേഷും മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലേക്ക് പോകും. പത്തനംതിട്ട കളക്‌ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കാനാണ് തീരുമാനം. 

അതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും, കണ്ണൂരില്‍ ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂര്‍ നഗരസഭ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നത്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്. 

പി പി ദിവ്യയുടെ വീട്ടിലേക് കോണ്‍ഗ്രസും ബിജെപിയും ബുധനാഴ്ച മാര്‍ച്ച് നടത്തും. കൂടുതല്‍ പൊലീസിനെ ദിവ്യയുടെ വീടിന് സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല. 

അതിനിടെ എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നല്‍കിയ പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍ രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാരന്‍ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

#KeralaNews #CrimeNews #Corruption #PoliticalScandal #Investigation #JusticeForNaveenBabu

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia