Donation | കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 50 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കി ബില്‍ ഗേറ്റ്‌സ്
● 81 ശതകോടീശ്വരര്‍ കമലയെ പിന്തുണച്ചിട്ടുണ്ട്.
● ട്രംപ് രണ്ടാമതും പ്രസിഡന്റാവുന്നതില്‍ ആശങ്ക.
● ഇലോണ്‍ മസ്‌ക് ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്.
വാഷിങ്ടന്‍: (KVARTHA) യുഎസിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ (Donald Trump) നില്‍ക്കുന്ന വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് (Kamala Harris) 50 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (Bill Gates). തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കമലയ്ക്ക് പിന്തുണയുമായി ശതകോടീശ്വരന്‍ എത്തിയത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ മത്സരിക്കുന്ന കമലയ്ക്ക് ഗേറ്റ്‌സ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡോണാള്‍ഡ് ട്രംപിനോട് അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ട്. അതിനാല്‍ സംഭാവന വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു നിര്‍ദേശം. കമലയ്ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കാണ് സംഭാവന നല്‍കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് രണ്ടാമതും പ്രസിഡന്റാവുന്നതില്‍, സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ഗേറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ കുടുംബാസൂത്രണത്തിനും ആഗോള ആരോഗ്യ പരിപാടികള്‍ക്കുമുള്ള വിഹിതത്തില്‍ കുറവുണ്ടാകുമെന്ന് ഗേറ്റ്‌സിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന് ആശങ്കയുണ്ട്.
'ഈ തിരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും യുഎസിലും ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും. രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളുമായി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് ദീര്‍ഘകാല പാരമ്പര്യമുണ്ട്' ഗേറ്റ്‌സ് പറഞ്ഞു. രണ്ട് സ്ഥാനാര്‍ഥികള്‍ക്കൊപ്പവും തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ഗേറ്റ്‌സ് പ്രതികരിച്ചു.
ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് പരസ്യമായി കമലയെ അംഗീകരിച്ചിരുന്നു. ഫോബ്‌സിന്റെ കണക്കനുസരിച്ച് ഇതുവരെ 81 ശതകോടീശ്വരര്‍ കമലയെ പിന്തുണച്ചിട്ടുണ്ട്. അതേസമയം, ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ഇലോണ്‍ മസ്‌ക് ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്. ട്രംപിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനതുകയൊക്കെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
#USElections #KamalaHarris #BillGates #Donation #Politics