Challenges | പാലക്കാടൻ കാറ്റ് എങ്ങോട്ട്? നിഴൽ യുദ്ധം നടത്തി തളരുന്നു കോൺഗ്രസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുൻ യൂത്ത് കോൺഗ്രസ് നേതാവ് സ്വതന്ത്ര സ്ഥാനാർത്ഥിയായും കളത്തിൽ
● ഇത്തരമൊരു ഗുരുതരമായ സാഹചര്യം കോൺഗ്രസിന് ഇതുവരെയുണ്ടായിട്ടില്ല.
● ബിജെപി പിടിക്കുന്ന വോട്ടുകൾ നിർണായകം
കനവ് കണ്ണൂർ
(KVARTHA) പാലക്കാട് നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരിക്കെ സ്വന്തം പാർട്ടിയിലെ വിമത സ്ഥാനാർത്ഥികളോട് ഏറ്റുമുട്ടേണ്ട സാഹചര്യമാണ് കോൺഗ്രസിനുള്ളത്. നേതൃത്വത്തിനെതിരെ തുറന്നടിച്ചു കൊണ്ടാണ് ഐ ടി സെൽ കൺവീനർ ഡോ. സരിൻ ഇടത് സ്ഥാനാർത്ഥിയായും മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് സ്വതന്ത്ര സ്ഥാനാർത്ഥിയായും കളത്തിലിറങ്ങിയിരിക്കുന്നത്. ഇത്തരമൊരു ഗുരുതരമായ സാഹചര്യം കോൺഗ്രസിന് ഇതുവരെയുണ്ടായിട്ടില്ല.
രണ്ടാമതുള്ള ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാർ മണ്ഡലത്തിൽ തന്നെ പ്രബലനും സുപരിചതനുമാണ്. തുടക്കത്തിലുണ്ടായ ശോഭാ സുരേന്ദ്രൻ പക്ഷം ഉയർത്തിയ വെല്ലുവിളികൾ ആർ.എസ്.എസ് ഇടപെടലിലൂടെ പരിഹരിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുമുണ്ട്. കോൺഗ്രസിനെപ്പോലെ പ്രത്യക്ഷത്തിൻ ഗ്രൂപ്പ് പോര് ശക്തമല്ലെങ്കിലും ബി.ജെ.പിയിലും അടിയൊഴുക്ക് ശക്തമാണ്. ബി.ജെ.പി വിമതരുടെ വോട്ട് ഇടതു പാളയത്തിലേക്ക് പോവുകയാണെങ്കിൽ മുവായിരത്തിലേറെ വോട്ടുകൾ കൊണ്ടു മാത്രം നിലനിർത്തിയ പാലക്കാട് മണ്ഡലത്തിൽ ജയിക്കണമെങ്കിൽ കോൺഗ്രസ് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
പാലക്കാട് തുടരുന്ന പൊട്ടിത്തെറിയിൽ പ്രതിസന്ധിയിലകപ്പെട്ട സംസ്ഥാന കോൺഗ്രസിന്റെ പോക്കിൽ ഹൈക്കമാൻഡിനും അതൃപ്‌തിയുണ്ട്. രാഹുൽ ഗാന്ധി റിക്രൂട്ട്മെൻ്റ് ചെയ്ത ഡോ. സരിൻ അടക്കമുള്ള യുവനേതാക്കൾ പാർട്ടിവിട്ടതും അവരുടെ ആരോപണങ്ങൾ ചെറുക്കാൻ കഴിയാത്തതുമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടാവാൻ കാരണം. വയനാട്ടിൽ ആദ്യ സന്ദർശനത്തിനെത്തിയ പ്രിയങ്ക മടങ്ങിയ ശേഷം ഈ കാര്യത്തിൽ ഹൈകമാൻഡ് ഇടപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.
വി ഡി സതീശനെതിരെ സരിനും എ കെ ഷാനിബും ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നാണ് കേരളത്തിൻ്റ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി ദീപ ദാസ് മുൻഷി ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത് . ഇപ്പോഴുള്ള സംഭവവികാസങ്ങളിൽ കെപിസിസി നേതൃത്വത്തിനോടുള്ള അതൃപ്തി അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ഇതിനിടെ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള പി വി അൻവറിന്റെ ആവശ്യം തള്ളുമ്പോഴും ചർച്ചയുടെ വഴി അടഞ്ഞിട്ടില്ലെന്ന് ദീപ ദാസും കെ സുധാകരനും ആവർത്തിക്കുകയാണ്. സതീശന്റെ നിലപാടല്ല പാർട്ടിക്ക് ഈക്കാര്യത്തിലുള്ളതെന്ന് വ്യക്തമാക്കുകയാണ് സുധാകരനും ദീപ ദാസ് മുൻഷിയും.
സുധാകരനിലാണ് പ്രതീക്ഷയെന്ന് അൻവറും പറഞ്ഞതോടെ മൊത്തത്തിൽ ആശയകുഴപ്പങ്ങളാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. പാലക്കാട് ഡിസിസിയെ വിശ്വാസത്തിലെടുക്കാതെ ഷാഫി പറമ്പിലിന്റെ മാത്രം നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ടു പോകുന്നതിലുള്ള അതൃപ്തിയും പാർട്ടിക്കുള്ളിൽ ശക്തമാണ്. യൂത്ത് കോൺഗ്രസ് മുൻ നേതാവ് ഷാനിബിന്റെ സ്വതന്ത്രസ്ഥാനാർഥിത്വം അമർഷമുള്ള വലിയൊരുവിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ വൊട്ട് ആകർഷിക്കുമെന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്. അയ്യായിരത്തിലേറെ വോട്ടുകൾ ഷാനിബ് മണ്ഡലത്തിൽ നിന്നും നേടിയാൽ രാഹുൽ മാങ്കുട്ടത്തിന് പാലക്കാടൻ കടമ്പ കടയ്ക്കുക എളുപ്പമാവില്ല.
പാർട്ടിയിലെ മറ്റുനേതാക്കൾക്കും ഇക്കാര്യം മനസിലായിട്ടുണ്ട്. ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കണമെന്ന നിലപാടാണ് കെപിസിസി അധ്യക്ഷനോടൊപ്പം നിൽക്കുന്ന നേതാക്കൾക്കുള്ളത്.
എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആദ്യമേ തന്നെ അത്തരം സാധ്യതകൾ പരസ്യമായി തള്ളുന്നത് സമവായ സാധ്യതകൾ അടയ്ക്കുകയാണെന്നും പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ ജാമ്യം എന്ന പോലെ ‘മാങ്കൂട്ടത്തിൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുത്തോളാം’ എന്ന് സതീശൻ പറഞ്ഞതും പ്രശ്നങ്ങൾ തുറന്നുസമ്മതിച്ചതിനു തുല്യമാണെന്ന വിമർശനവും ഉയർന്നിട്ടിണ്ട്.
രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം രാഹുൽ മാങ്കുട്ടത്തിന് തുണയാകുമെന്നാണ് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്. എന്നാൽ അടിത്തട്ടിൽ സംഘടനാപരമായി ദുർബലമാണ് പാർട്ടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുപോലെ ജനങ്ങൾ സ്വയമേവ വോട്ടുചെയ്യുന്ന രീതി എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകാൻ സാധ്യതയില്ല. ഓരോ വോട്ടിനു വേണ്ടിയും വിയർപ്പൊഴുക്കേണ്ടിവരും. മൂന്ന് മുന്നണികൾ തമ്മിലുള്ള ബലാബലത്തിൽ ഫോട്ടോ ഫിനിഷിങ്ങിലൂടെ ആര് നിയമസഭയിലെത്തുമെന്നതാണ് ഉയരുന്ന ചോദ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം സി.പി.എം ഒരു തെരഞ്ഞെടുപ്പ് വിജയം കൊതിക്കുന്നുണ്ട്. അതാണ് മറുകണ്ടം ചാടി വന്ന സരിനെ കണ്ണും പൂട്ടി സ്ഥാനാർത്ഥിയാക്കാൻ അവർ തുനിഞ്ഞിറങ്ങുന്നത്. സംസ്ഥാന നിയമസഭയിൽ നേമത്തിന് ശേഷം പാലക്കാടിലൂടെ അക്കൗണ്ട് വീണ്ടും തുറക്കാനാണ് ബി.ജെ.പിയുടെ മോഹം. സംഘടനാപരമായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഈ രണ്ടു പാർട്ടികളോടും ഏറ്റുമുട്ടി വേണം സംഘടനാപരമായി ദുർബലമായ കോൺഗ്രസിന് വീണ്ടും വെന്നിക്കൊടി പാറിക്കാൻ. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതാണ് പാലക്കാടൻ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പാലക്കാടൻ കാറ്റ് എങ്ങോട്ടാണെങ്കിലും അതു വരും നാളുകളിൽ കേരള രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ നിയന്ത്രിക്കും.
#PalakkadElections #Congress #BJP #KeralaPolitics #PoliticalChallenges #Elections2024
