National Tribute | സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയ ഇതിഹാസം; മന്‍മോഹന്‍ സിങിന് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം; 7 ദിവസം ദുഃഖാചരണം
● ദില്ലിയിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
● മന്‍മോഹനെ അനുശോചിച്ച് നേതാക്കള്‍.
● ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി
● എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനമുണ്ടാകും.
ദില്ലി: (KVARTHA) നിയമനിര്‍മാണങ്ങളിലൂടെയും സാമ്പത്തിക നയരൂപീകരണത്തിലൂടെയും രാഷ്ട്രത്തെ കരുത്തനാക്കിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് (92) രാജ്യത്തിന്റെ അന്ത്യാഞ്ജലി. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനമുണ്ടാകും. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ചയാണ് സംസ്‌കാരം നടക്കുക.
രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ഒഴിവാക്കി. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വ്യാഴാഴ്ച രാത്രി ദില്ലിയിലെ വസതിയില്‍ കുഴഞ്ഞ് വീണ മന്‍മോഹന്‍ സിങിനെ ഉടന്‍ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.
മരണവിവരം അറിഞ്ഞ് കര്‍ണാടക ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തിയിരുന്നു. പുലര്‍ച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമര്‍പ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ മന്‍മോഹന്‍ സിങ് 2004 മുതല്‍ 2014 വരെ 10 വര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി തുടര്‍ഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്.
അനുശോചിച്ച് നേതാക്കള്‍
രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള വിവിധ വ്യക്തിത്വങ്ങള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.
രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്ത് സൗമ്യനായ മുഖമായിരുന്നു മന്‍മോഹന്‍ സിങിന്റേതെന്ന് പ്രിയങ്ക ഗാന്ധി എക്‌സികുറിച്ചു. എതിരാളികളില്‍ നിന്ന് വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും രാഷ്ട്ര സേവനം എന്ന പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന നേതാവാണ് മന്‍മോഹന്‍സിങ് എന്നും പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു.
മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന്റെ നിര്യാണത്തോടെ തനിക്ക് നഷ്ടമായത് ഒരു ഉപദേഷ്ടാവിനെയും വഴികാട്ടിയെയും ആണെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിങ്. സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യവും അദ്ദേഹത്തിന്റെ വിനയവും രാജ്യത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ എന്നും അഭിമാനത്തോടെ അദ്ദേഹത്തെ ഓര്‍ക്കുമെന്നും മന്‍മോഹന്‍ സിങിന്റെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നുവെന്നും സമൂഹമാധ്യമമായ എക്‌സില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.
ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ പരക്കെ ആദരിക്കപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുന്‍പ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉത്തരവാദിത്തവും നിര്‍വഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മന്റില്‍ ധനമന്ത്രിയായിരുന്ന മന്മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാര്‍ത്തു. ആ പരിഷ്‌കാരങ്ങളുടെ ദോഷഫലങ്ങള്‍ മുന്‍കൂട്ടിക്കണ്ട ഇടതുപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹന്‍ സിംഗിനുണ്ടായിരുന്നു. അല്‍പ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ദൃഢമാക്കാന്‍ പ്രയത്‌നിച്ചു. ഡോ. മന്‍മോഹന്‍ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്ന നേതാവിനെയാണ് നഷ്ടപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനുസ്മരിച്ചു. അഴിമതിയുടെ കറപുരളാത്ത ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിങെന്ന് രമേശ് ചെന്നിത്തല ഓര്‍മ്മിച്ചു. നിലപാടുകളില്‍ കരുത്തുകാട്ടിയ സൗമ്യനായ പ്രധാനമന്ത്രി പ്രധാന മന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരിച്ചു.
സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്നവരില്‍ പ്രമുഖനായിരുന്നെങ്കിലും മന്‍മോഹന്‍ സിങ് രാഷ്ട്രീയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ല്‍ കോണ്‍ഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ നിയോഗം ലഭിച്ച നരസിംഹറാവുവിന്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ വലിയ പരിഷ്‌കാരങ്ങളില്ലെങ്കില്‍ ഒരു പക്ഷെ തകര്‍ന്നുപോയേക്കുമെന്ന നിലയില്‍ കാര്യങ്ങളെത്തിയപ്പോഴായിരുന്നു മന്‍മോഹന്‍ സിങിന്റെ ഉദയം.
പുതുതായി അധികാരമേറ്റ സര്‍ക്കാരില്‍ ധനമന്ത്രിയാകാനായിരുന്നു 1991 ല്‍ നരസിംഹ റാവു, മന്‍മോഹന്‍ സിങിനെ ക്ഷണിച്ചത്. അതിന് മുന്‍പ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഈ ഫോണ്‍ കോള്‍ വരുമ്പോള്‍ അദ്ദേഹം യുജിസി ചെയര്‍മാനായിരുന്നു. ധനമന്ത്രിയാകുന്നതിന്റെ ഭാഗമായി അദ്ദേഹം തന്റെ പദവികളെല്ലാം ഒഴിഞ്ഞ് അസമില്‍ നിന്ന് രാജ്യസഭാംഗമായി പാര്‍ലമെന്റിലെത്തി.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് മന്‍മോഹന്‍ സിങ് ധനമന്ത്രിയായത്. അന്ന് രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ എട്ടര ശതമാനമായിരുന്നു. വിദേശനാണ്യ ശേഖരമാകട്ടെ കഷ്ടിച്ച് രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രവുമായിരുന്നു. ഈ നിലയില്‍ നിന്നൊരു മാറ്റത്തിന് അന്താരാഷ്ട്ര നിധിയില്‍ നിന്നുള്ള വായ്പയായിരുന്നു മന്‍മോഹന്‍ കണ്ട വഴി. എന്നാല്‍ ഐഎംഎഫ് ഒരു നിബന്ധന വെച്ചു. രാജ്യത്തെ ലൈസന്‍സ് രാജ് അവസാനിപ്പിക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും ഐഎംഎഫ് ആവശ്യപ്പെട്ടു. ആ വഴി ശരിയാണെന്ന നിലപാടായിരുന്നു മന്‍മോഹനും.
അതോടെയാണ് ലൈസന്‍സ് രാജ് അവസാനിച്ചത്. ഇറക്കുമതി ചുങ്കം കുറച്ച് വിപണിയിലും ഇടപെട്ടു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അടക്കം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പിന്നാലെ വന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലം വേഗത്തില്‍ ദൃശ്യമായി തുടങ്ങി. 1992-93 കാലത്ത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 5.1 ശതമാനത്തിലേക്ക് ഉയര്‍ന്നു. തൊട്ടടുത്ത വര്‍ഷം ഇത് 7.3 ശതമാനമായി വളര്‍ന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ ആര്‍.എന്‍.മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി ഇവിടെയും മന്‍മോഹന്‍ സിങ് രാജ്യത്തെ നയിച്ചു.
കോണ്‍ഗ്രസിന് ഭരണം നഷ്ടമായപ്പോള്‍ 1998-2004 കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി മന്‍മോഹന്‍ സിങ് മാറിയത് അദ്ദേഹത്തില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവായി. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങളെടുത്തു. 2007ല്‍ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച നിരക്ക് 9 % ആയി ഉയര്‍ന്നു. ലോകത്ത് അതിവേഗ വളര്‍ച്ചയുടെ പാതയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും രാജ്യത്തെ താങ്ങി നിര്‍ത്തി.
#ManmohanSingh #IndiaMourns #FormerPrimeMinister #Tributes #FinancialReforms #NationalMourning