Tragedy | നിയന്ത്രണംവിട്ട ട്രക് പാഞ്ഞുകയറി നടപ്പാതയില്‍ ഉറങ്ങിക്കിടന്ന 3 പേര്‍ മരിച്ചു; 2 പേര്‍ ഗുരുതരാവസ്ഥയില്‍
ശാസ്ത്രി പാര്‍ക്ക്: (KVARTHA) നടപ്പാതയില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മീതെ നിയന്ത്രണംവിട്ട ട്രക്ക് (Truck Accident) പാഞ്ഞുകയറി മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിലെ ശാസ്ത്രി പാർക്കിലെ (Shastri Park) ഫുട്പാത്തില്‍ കിടന്നവരാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പുലർച്ചെ 4.30 ഓടെ സീലംപൂരിൽ നിന്ന് പഴയ ഇരുമ്പ് പാലത്തിന് സമീപത്തേക്ക് വരികയായിരുന്ന ട്രക്ക് മധ്യഭാഗത്ത് കയറി അഞ്ച് പേർക്കു മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ചവരില്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് ജാക്കിറിനെ (35) മാത്രമാണ് തിരിച്ചറിഞ്ഞത്. ചെറിയ ജോലികള്‍ ചെയ്ത് ഡല്‍ഹിയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പതിവായി ഇവിടെയാണ് ഉറങ്ങിയിരുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മുഷ്താഖ് (35), കമലേഷ് (36) എന്നിവരെ ജെപിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രക്കിന്റെ പിന്നില്‍ നിന്നഴിഞ്ഞുവീണ കയര്‍ കാലില്‍ കുരുങ്ങിയ മുഷ്താഖ്, കമലേഷ് എന്നിവരെ കുറച്ചുദൂരം വലിച്ചിഴച്ചെങ്കിലും ഇവര്‍ക്ക് കാര്യമായ പരുക്കേറ്റില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ജെയിനുള്‍ എന്ന യുവാവ് പറഞ്ഞു. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ടെന്ന് ഡിസിപി ജോയ് ടിര്‍ക്കി പറഞ്ഞു.
#DelhiAccident #TruckAccident #India #Tragedy #PedestrianSafety #News #DelhiPolice