Tragedy | നാഗര്‍കോവിലിലെ മലയാളി കോളജ് അധ്യാപികയുടെ മരണം; പിന്നാലെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ ഭര്‍തൃമാതാവ് ചികിത്സയിലിരിക്കെ മരിച്ചു
● ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
● ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
● സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് 2 മരണങ്ങള്‍ക്ക് കാരണം.
ചെന്നൈ: (KVARTHA) നാഗര്‍കോവിലില്‍ മലയാളിയായ കോളജ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ ഭര്‍തൃമാതാവും ചികിത്സയിലിരിക്കെ മരിച്ചു. ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (Chembakavalli-50) ആണ് മരിച്ചത്. ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമണ്‍ സ്വദേശിയുമായ കാര്‍ത്തിക്കിന്റെ ഭാര്യ കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (Sruthi-24)യെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഭര്‍തൃഗ്രഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചെമ്പകവല്ലി മരുമകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ചെമ്പകവല്ലിയെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃമാതാവിന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. പീഡനത്തെ കുറിച്ച് പരാമര്‍ശിക്കുന്ന സന്ദേശങ്ങളും പൊലീസിനു കൈമാറിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്. ഭര്‍ത്താവിനൊപ്പം ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ പുറത്തുപോകാനൊ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ ശുചീന്ദ്രം പൊലീസിന് മൊഴി നല്‍കി.
ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണവും വിവാഹ സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ശ്രുതിയുടെ വാട്‌സാപ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു.
ശ്രുതിയുടെ പിതാവ് ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. നാഗര്‍കോവില്‍ ആര്‍ഡിഒ എസ് കാളീശ്വരി നേരിട്ടെത്തി കാര്‍ത്തിക്, മാതാവ് ചെമ്പകവല്ലി എന്നിവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഭര്‍തൃമാതാവിനെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്.
#dowrydeath #Kerala #India #womenrights #stopdowry #justiceforwomen