Tragedy | കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; അപകടത്തില്‍പെട്ട യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു
● ആശുപത്രിയില്‍ ഇരുപതോളം പേര്‍ ചികിത്സയില്‍.
● ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
● ആരെങ്കിലും വെള്ളത്തില്‍ മുങ്ങിയോയെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്‌സ്.
കോഴിക്കോട്: (KVARTHA) തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് (KSRTC Bus) നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരിക്ക് ദാരുണാന്ത്യം. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ (Omassery Santhi Hospital) പ്രവേശിപ്പിച്ച തിരുവമ്പാടി കണ്ടപചാല്‍ സ്വദേശിനി ആണ് മരിച്ചത്. ആരെങ്കിലും വെള്ളത്തില്‍ മുങ്ങിയോയെന്ന് സംശയമുണ്ടെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഴയില്‍ തെരച്ചില്‍ തുടരുകയാണ്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്. തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍ ഇരുപതോളം പേര്‍ ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പ്രദേശവാസികളും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെത്തിച്ചു. ബസിന്റെ മുന്‍ഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹൈഡ്രോളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. നാല് പേരെ പുഴയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്.
ബസില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് വാഹനം പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. പുഴയോട് ചേര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ നിലയിലാണ് കെഎസ്ആര്‍ടിസി ബസ്. പാലത്തിന് കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലെന്നും പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കില്‍ ഇടിച്ച് ബസ് നിയന്ത്രണം വിട്ടാണ് പുഴയിലേക്ക് മറിഞ്ഞതെന്നും പ്രദേശവാസികള്‍ പറഞ്ഞു. പുഴയിലേക്ക് വീണ ബസ് ക്രെയിന്‍ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം.
മുത്തപ്പന്‍ പുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് മറിഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
#KSRTCAccident #Kozhikode #Kerala #BusAccident #RescueOperations #Tragedy