കൊല്ലം സ്കൂൾ ദുരന്തം: ഷോക്കേറ്റ് മരിച്ച മിഥുൻ സ്കൂളിൽ പഠനത്തിനെത്തിയത് ഒരു മാസം മുൻപ്; മകൻ മരിച്ചതറിയാതെ അമ്മ വിദേശത്ത്, പിതാവിൻ്റെ നെഞ്ചുപൊട്ടുന്ന നിലവിളി


● പടിഞ്ഞാറേ കല്ലട സ്വദേശിയാണ് മരിച്ച മിഥുൻ.
● സൈക്കിൾ ഷെഡിനു മുകളില്‍വെച്ചാണ് ഷോക്കേറ്റത്.
● കാൽതെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.
● സംഭവ ദിവസം കുട്ടിയെ സ്കൂളിലാക്കിയത് പിതാവ്.
● സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം.
കൊല്ലം: (KVARTHA) തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഈ സ്കൂളിൽ പഠനത്തിനെത്തിയിട്ട് ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ. പടിഞ്ഞാറേ കല്ലട വലിയപടം വിളന്തറ ക്ഷേത്രത്തിന് അടുത്തുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ് മിഥുൻ. പട്ടുകടവ് സ്‌കൂളിൽനിന്ന് ഈ അധ്യയന വർഷമാണ് ഹൈസ്‌കൂൾ പ്രവേശനത്തിൻ്റെ ഭാഗമായി മിഥുൻ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മാറിയത്. സ്കൂളിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിൾ ഷെഡിന് മുകളിലേക്ക് കയറുമ്പോൾ കാൽ തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.
സാധാരണ സ്കൂൾ ബസിലാണ് മിഥുൻ സ്കൂളിലേക്ക് പോകാറുള്ളത്. എന്നാൽ വ്യാഴാഴ്ച (17.07.2025) പിതാവ് മനുവാണ് മിഥുനെ സ്കൂട്ടറിൽ സ്കൂളിൽ എത്തിച്ചത്. മിഥുൻ്റെ അമ്മ സുജ കുവൈറ്റിൽ ഹോം നഴ്‌സായി ജോലിക്ക് പോയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. അപകടം നടക്കുന്നതിന് മുൻപ് സുജ രാവിലെ ഫോണിൽ വിളിച്ച് മനുവിനോടും മിഥുനോടും സംസാരിച്ചിരുന്നു.
അപകടം നടന്നയുടനെ പഞ്ചായത്ത് അംഗം ശിവരാജനാണ് വിവരം ലഭിച്ചത്. മനുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴേക്കും മിഥുൻ മരിച്ചിരുന്നു. വിദേശത്തുള്ള സുജ ഇതുവരെ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുവൈറ്റിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. സുജയെയും അവർ ഒപ്പം കൂട്ടിയിട്ടുണ്ട്. അതിനാൽ സുജയുടെ ഫോണിൽ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കൂലിപ്പണിക്കാരനായ മനുവിൻ്റേത് സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബമാണ്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് ചേർത്തിട്ടുണ്ടെങ്കിലും ഇതിൻ്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. മകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ മനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വിഷമിച്ചു. സുഹൃത്തിൻ്റെ ചെരുപ്പ് എടുക്കാനായി കയറിയപ്പോൾ തെന്നിവീണതായാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുൻ്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളെയും സഹപാഠികളെയും അധ്യാപകരെയും മറ്റ് എല്ലാവരെയും അദ്ദേഹം അനുശോചനം അറിയിച്ചു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പര്യാപ്തമാണോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Mithun, a student in Kollam, died due to electrocution.
#KollamTragedy #StudentDeath #SchoolAccident #Electrocution #FamilyTragedy #Kerala